തോറ്റ് തോറ്റു മടുത്തു; ആരാധകരുടെ പ്രതിഷേധവും; പരിശീലകന്‍ മികായേല്‍ സ്റ്റാറെയെയും സംഘത്തെയും പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്; പുതിയ പരിശീലകനെ ഉടന്‍ പ്രഖ്യാപിക്കും

തോറ്റ് മടുത്തു, പരിശീലകനെ പുറത്താക്കി ബ്ലാസ്റ്റേഴ്സ്

Update: 2024-12-16 12:12 GMT

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലക സ്ഥാനത്തുനിന്നും മിക്കേല്‍ സ്റ്റാറേയെ പുറത്താക്കി. സീസണിലെ ടീമിന്റെ ദയനീയ പ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് ക്ലബ്ബിന്റെ നടപടി. സഹപരിശീലകരെയും പുറത്താക്കി. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്ലബ്ബ് ഇക്കാര്യം അറിയിച്ചത്. ഇത്തവണ ഐഎസ്എലില്‍ 12 കളികളില്‍നിന്ന് മൂന്നു ജയവും രണ്ടു സമനിലയും ഏഴു തോല്‍വിയും സഹിതം 11 പോയിന്റുമായി പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

സീസണില്‍ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിച്ചിരുന്നില്ല. മൂന്നുമത്സരങ്ങളില്‍ മാത്രമാണ് ലീഗില്‍ ടീമിന് വിജയിക്കാന്‍ സാധിച്ചിരുന്നുള്ളൂ. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ ഏഴ് മത്സരങ്ങള്‍ തോറ്റു. തുടര്‍ തോല്‍വികളുടെ പശ്ചാത്തലത്തില്‍ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയടക്കം നേരത്തേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ മോഹന്‍ ബഗാനെതിരേ രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്.

മുഖ്യപരിശീലകന്‍ മിക്കായേല്‍ സ്റ്റാറെ, സഹപരിശീലകരായ ബിയോണ്‍ വെസ്ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരെ ചുമതലകളില്‍ നിന്ന് നീക്കിയതായി കേരള ബ്ലാസ്റ്റേഴ്സ് അധികൃതര്‍ അറിയിച്ചു. ടീമിന്റെ പുതിയ പരിശീലകനെ ക്ലബ്ബ് ഉടന്‍ പ്രഖ്യാപിക്കും. ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമിന്റെ മുഖ്യപരിശീലകനും യൂത്ത് ഡെവലപ്മെന്റ് തലവനുമായ തോമക്ക് തൂഷ്, സഹപരിശീലകന്‍ ടി.ജി പുരുഷോത്തമന്‍ എന്നിവര്‍ പുതിയ പരിശീലകനെത്തുന്നതുവരെ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക ചുമതല വഹിക്കും.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കൊപ്പമുള്ള കാലയളവില്‍ നല്‍കിയ സംഭാവനകള്‍ക്ക് മിക്കായേല്‍ സ്റ്റാറെ, ബിയോണ്‍, ഫ്രെഡറിക്കോ എന്നിവരോട് ക്ലബ്ബ് നന്ദി അറിയിച്ചു. ഐഎസ്എല്ലില്‍ തുടര്‍ തോല്‍വികളെ തുടര്‍ന്നാണ് സ്റ്റാറെയെ പരിശീലക സ്ഥാനത്തു നിന്ന് ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയത്.

മോശം പ്രകടനം തുടര്‍ന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത ഹോം മത്സരത്തില്‍ വാദ്യമേളങ്ങളും ടീമിനായുള്ള മുദ്രാവാക്യങ്ങളും ഒഴിവാക്കുമെന്ന് മഞ്ഞപ്പട മുന്നറിയിപ്പ് നല്‍കിയിരുന്നു.

സെര്‍ബിയക്കാരനായ ഇവാന്‍ വുക്കോമനോവിച്ചിനു പകരക്കാരനായി ഈ സീസണിന്റെ തുടക്കത്തിലാണ് സ്വീഡിഷ് കോച്ച് മികേല്‍ സ്റ്റാറെയെ കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകനായി നിയമിച്ചത്. 2026 വരെയായിരുന്നു കരാര്‍. കോച്ചിങ്ങില്‍ 17 വര്‍ഷത്തെ അനുഭവസമ്പത്തുള്ള സ്റ്റോറെ വിവിധ രാജ്യങ്ങളിലെ പ്രമുഖ ടീമുകളെ പരിശീലിപ്പിച്ചതിന്റെ പകിട്ടിലാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്. ഐഎസ്എല്‍ ചരിത്രത്തിലെ ആദ്യ സ്വീഡിഷ് കോച്ചു കൂടിയായിരുന്നു അദ്ദേഹം. തായ് ക്ലബ് ഉതായ് താനി എഫ്‌സിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് സ്റ്റാറെ കേരളത്തിലെത്തിയത്.

സ്വീഡന്‍, ഗ്രീസ്, ചൈന, യു.എസ്.എ., തായ്‌ലാന്‍ഡ് തുടങ്ങിയിടങ്ങളിലായി എഐകെ, പാനിയോണിയോസ്, ഐഎഫ്‌കെ ഗോട്ടെന്‍ബെര്‍ഗ്, ഡാലിയാന്‍ യിഫാങ്, ബികെ ഹാക്കെന്‍, സാന്‍ ജോസ് എര്‍ത്ത്ക്വാക്‌സ്, സാര്‍പ്‌സ്‌ബോര്‍ഗ് 08, സര്‍പ്‌സ് ബോര്‍ഗ് 08 തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

രണ്ട് ദശാബ്ദത്തോളം നീണ്ട പരിശീലന പരിചയസമ്പത്തുള്ള സ്റ്റാറേ വിവിധ ക്ലബ്ബുകളിലായി നാനൂറോളം മത്സരങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സ്വീഡിഷ് ക്ലബായ വാസ്ബി യുണൈറ്റിലൂടെയാണ് പരിശീലക കുപ്പായം അണിയുന്നത്. 2009-ല്‍ സ്വീഡിഷ് ക്ലബായ എഐകെയുടെ മുഖ്യ പരിശീലകനായി.

എഐകെയ്‌ക്കൊപ്പം സ്വീഡിഷ് ലീഗ് ആയ ഓള്‍സ്വെന്‍സ്‌കാന്‍, സൂപ്പര്‍കുപെന്‍ നേടിയതും ഐഎഫ്‌കെ ഗോട്ടെന്‍ബെര്‍ഗിനൊപ്പം സ്വെന്‍സ്‌ക കുപെന്‍ നേടിയതും അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളാണ്. എന്നാല്‍ ആ മികവ് ബ്ലാസ്റ്റേഴ്‌സിനായി പുറത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

Tags:    

Similar News