'മാസ്റ്റര്‍ ബ്ലാസ്റ്റര്‍' തുടക്കമിട്ട കേരള ബ്ലാസ്റ്റേഴ്‌സ്; മൂന്ന് തവണ ഫൈനലില്‍ എത്തിയിട്ടും കിരീടമില്ലാത്തവര്‍; മനംമടുത്ത് ഓഹരികള്‍ വിറ്റൊഴിഞ്ഞ് സച്ചിന്‍ മടങ്ങി; നഷ്ടക്കണക്കുകള്‍ പെരുകിയതോടെ മാഗ്‌നം സ്‌പോര്‍ട്‌സിനും മടത്തു; കേരളത്തിന്റെ സ്വന്തം ഫുട്‌ബോള്‍ ടീമിന്റെ അവകാശം സ്വന്തമാക്കാന്‍ മലയാളികള്‍? കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ് രംഗത്ത്

കേരള ബ്ലാസ്റ്റേഴ്സ് വില്‍ക്കുന്നു; വാങ്ങാന്‍ കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ്

Update: 2025-09-16 11:57 GMT

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഏറ്റവും ആരാധകരുള്ള ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്സ് വില്‍പ്പനയ്ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐഎസ്എല്‍ മത്സരങ്ങളില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് കേരളത്തില്‍ നിന്നുള്ള ഫുട്‌ബോള്‍ ക്ലബ്ബ് വില്‍പ്പന സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവരുന്നത്. സാമ്പത്തിക നഷ്ടം കാരണം കേരള ബ്ലാസ്റ്റേഴ്‌സ് വില്‍ക്കാന്‍ ഒരുങ്ങുന്നതായി നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഐഎസ്എല്ലില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികളായ ബ്ലാസ്റ്റേഴ്‌സിനെ വാങ്ങാന്‍ സന്നദ്ധരായി പ്രമുഖ മലയാളി വ്യവസായികള്‍ രംഗത്തെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. വാര്‍ത്തകളോട് ക്ലബ് ഉടമകള്‍ പ്രതികരിച്ചിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ മുഴുവന്‍ ഓഹരികളും വില്‍ക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. സമൂഹമാധ്യമങ്ങളിലാണ് ഇതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരന്നത്. ആന്ധ്രപ്രദേശ് കേന്ദ്രീകരിച്ചുള്ള ഉടമകളുടെ കീഴിലുള്ള മാഗ്‌നം സ്‌പോര്‍ട്‌സ് ആണ് നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമകള്‍. ക്ലബിന്റെ 100 ശതമാനം ഓഹരികളും വില്‍ക്കാന്‍ പോകുന്നതായാണ് വിവരം. ഐഎസ്എല്‍ തുടങ്ങാന്‍ വൈകുന്നതിനിടെയാണ് ക്ലബ് വില്‍ക്കാന്‍ ഒരുങ്ങുന്നെന്ന റിപ്പോര്‍ട്ട്. ഐഎസ്എല്‍ പ്രതിസന്ധിയിലായതിനെ തുടര്‍ന്നു ക്ലബുകളും സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

സാമ്പത്തികം ഉള്‍പ്പെടെയുള്ള ആശങ്കകള്‍ കാരണം ഐഎസ്എലിലെ പല ക്ലബ്ബുകളും ഇതുവരെ പ്രീ സീസണ്‍ പരിശീലനം പോലും ആരംഭിച്ചിട്ടില്ല. ഐഎസ്എല്‍ മത്സരങ്ങളുടെ നടത്തിപ്പുകാരെ കണ്ടെത്താനാവാത്തതും ലീഗിന്റെ പുതിയ സാമ്പത്തിക, വാണിജ്യ ഘടനയെക്കുറിച്ചുള്ള അനിശ്ചിതത്വമാണ് ക്ലബ്ബുകള്‍ ഉന്നയിക്കുന്ന ഒരു പ്രശ്‌നം. സംപ്രേക്ഷണ വരുമാനത്തെക്കുറിച്ചും ചെലവുകളെക്കുറിച്ചും വ്യക്തമായ ധാരണയില്ലാതെ സീസണിലേക്കുള്ള ബജറ്റ് തയാറാക്കാന്‍ കഴിയില്ലെന്നു കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് വില്‍പ്പനയ്ക്ക് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ് ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്‌സ് ഓഹരികള്‍ വാങ്ങാന്‍ തയാറാണെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്നാല്‍ ഔദ്യോഗികമായി ഇതു സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല. അഭ്യൂഹങ്ങള്‍ തള്ളി കായിക രംഗത്തെ ചില പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.

2014നാണ് കേരള ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ ക്ലബ് രൂപീകരിച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, പ്രസാദ് പൊട്ട്ലൂരി തുടങ്ങിയവരായിരുന്നു ക്ലബിന്റെ ആദ്യ ഉടമകള്‍. സച്ചിന്റെ വിളിപ്പേരായ 'മാസ്റ്റര്‍ ബ്ലാസ്റ്റര്‍' എന്നതില്‍നിന്നാണ് ക്ലബിന് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന പേരു പോലുമുണ്ടായത്. 2016ല്‍ നിമ്മഗഡ്ഡ പ്രസാദ്, നാഗാര്‍ജുന, ചിരഞ്ജീവി, അല്ലു അരവിന്ദ് എന്നിവരടങ്ങിയ കണ്‍സോര്‍ഷ്യം ക്ലബിന്റെ 80 ശതമാനം ഓഹരികളും വാങ്ങിക്കുകയായിരുന്നു. 2018ല്‍ സച്ചിന്‍ തന്റെ 20 ശതമാനം ഓഹരികളും കണ്‍സോര്‍ഷ്യത്തിന് കൈമാറി പൂര്‍ണമായും ക്ലബ് വിട്ടു. 2021ലാണ് ഈ കണ്‍സോര്‍ഷ്യം, മാഗ്‌നം സ്‌പോര്‍ട്‌സ് എന്നു പേരു മാറ്റിയത്. നിമ്മഗഡ്ഡ പ്രസാദിന്റെ മകനായ നിഖില്‍ ഭരദ്വാജാണ് ക്ലബിന്റെ ചെയര്‍മാന്‍.

പ്രതിസന്ധിയില്‍ ക്ലബ്ബുകള്‍

ഐഎസ്എല്‍ തുടങ്ങുന്നതില്‍ അനിശ്ചിതത്വം തുടരുന്നതില്‍ ക്ലബ്ബുകള്‍ കടുത്ത പ്രതിസന്ധിയിലെന്നാണ് വിവരം. കാണികള്‍ കുറഞ്ഞതോടെ കേരള ബ്ലാസ്റ്റേഴ്സിന് ടിക്കറ്റില്‍ നിന്നുള്ള വരുമാനവും കുറഞ്ഞു. ടീമിന്റെ പ്രകടനം മോശമായതോടെയാണ് ആരാധകര്‍ കൈയൊഴിഞ്ഞത്. കഴിഞ്ഞ സീസണില്‍ അവസാന ഹോം മത്സരത്തില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെത്തിയത് 10,000ത്തില്‍ താഴെ കാണികളാണ്. എന്നാല്‍, സോഷ്യല്‍മീഡിയയില്‍ ഫോളോവേഴ്‌സ് വര്‍ധിച്ചിട്ടുണ്ട്. ഐഎസ്എല്‍ അനിശ്ചിതത്വത്തിനിടെ സുനില്‍ ഛേത്രി അടക്കമുള്ള സ്വദേശികളും വിദേശികളുമായ കളിക്കാര്‍ക്കും ഓഫീഷ്യലുകള്‍ക്കും പ്രതിഫലം നല്‍കുന്നത് നിര്‍ത്തിവയ്ക്കുകയാണെന്ന് ചില ക്ലബ്ബുകള്‍ അറിയിച്ചിരുന്നു. വര്‍ഷങ്ങളുടെ കരാര്‍ ഒപ്പുവച്ച താരങ്ങള്‍ക്കും കോച്ചുമാര്‍ക്കുമെല്ലാം ഇത് കനത്ത പ്രഹരമായി.

പ്രതിസന്ധി പരിഹരിക്കാന്‍ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും (എഐഎഫ്എഫ്) സാധിക്കുന്നില്ല. ഐഎസ്എല്‍ വൈകിയാലും തുടരുമെന്ന് മാത്രമാണ് എഐഎഫ്എഫ് പ്രഖ്യാപനം. ദേശീയ കായിക സംഘടനാ നയം സംബന്ധിച്ച കാര്യങ്ങളില്‍ സുപ്രിംകോടതിയുടെ അന്തിമ വിധി വരാന്‍ കാത്തിരിക്കുകയാണെന്നും അറിയിച്ചിരുന്നു. ഐഎസ്എല്ലില്‍ ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ജെംഷഡ്പൂര്‍ എഫ്‌സിക്ക് മാത്രമാണ് അല്‍പമെങ്കിലും സാമ്പത്തിക ലാഭം ഉണ്ടായതെന്നാണ് കണക്ക്. ക്ലബിന് സ്വന്തമായി സ്റ്റേഡിയം, അക്കാദമി, പരിശീലന ഗ്രൗണ്ട് തുടങ്ങിയ സൗകര്യങ്ങളുണ്ട്. പരിശീലന ഗ്രൗണ്ടിന് ഉള്‍പ്പെടെ എല്ലാം വാടക നല്‍കിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടുപോവുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് വില്‍ക്കുന്നതായി അഞ്ച് വര്‍ഷം മുമ്പ് തന്നെ അഭ്യൂഹങ്ങള്‍ വന്നിരുന്നു. അത് ഇപ്പോഴും തുടരുന്നു. ഗള്‍ഫ് ആസ്ഥാനമായുള്ള ചില കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

Tags:    

Similar News