അന്ന് മെസിക്കെതിരെ കളിച്ച താരം; ടാക്റ്റിക്കല്‍ അച്ചടക്കത്തിലൂടെ പേരെടുത്ത വ്യക്തി; സ്പാനിഷ് താരം ജുവാന്‍ റോഡ്രിഗസ് ഇനി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ജേഴ്‌സി അണിയും; 'മഞ്ഞപ്പട' തിരിച്ചുവരുമോ?

Update: 2025-10-09 11:00 GMT

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിന് മുന്നോടിയായി സ്പാനിഷ് സെന്റർ ബാക്ക് ജുവാന്‍ റോഡ്രിഗസ് മാർട്ടിനെസിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. സ്പെയിനിലെ പ്രൈമേര ഫെഡറേഷനിൽ സി.ഡി. ലുഗോയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച 30-കാരനായ പ്രതിരോധതാരം ക്ലബ്ബിന്റെ പ്രതിരോധനിരയ്ക്ക് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.

പ്രതിരോധത്തിലെ മികവ്, പന്തിലുള്ള മികച്ച നിയന്ത്രണം, ടാക്റ്റിക്കൽ അച്ചടക്കം, സമ്മർദ്ദഘട്ടങ്ങളിലെ ശാന്തമായ സമീപനം എന്നിവയാണ് ജുവാന്റെ പ്രധാന സവിശേഷതകൾ. റേസിങ് ഫെറോളിന്റെ യൂത്ത് അക്കാദമിയിലൂടെ വളർന്ന താരം സ്‌പോർട്ടിങ് ഗിജോൺ, ജിംനാസ്റ്റിക് ഡി ടരാഗോണ, സാന്‍ ഫെര്‍ണാണ്ടോ സി.ഡി., എസ്.ഡി. അമോറെബിയേറ്റ, അല്‍ജെസിറാസ് സി.എഫ്, സി.ഡി. ലുഗോ തുടങ്ങി നിരവധി സ്പാനിഷ് ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.

പ്രൊഫഷണൽ കരിയറിൽ 200-ൽ അധികം മത്സരങ്ങൾ കളിച്ച അദ്ദേഹം സ്പാനിഷ് ലീഗുകളിൽ സ്ഥിരതയുള്ളതും വിശ്വസനീയവുമായ പ്രതിരോധക്കാരനായി അറിയപ്പെടുന്നു. കഴിഞ്ഞ സീസണിൽ സി.ഡി. ലുഗോയ്ക്ക് വേണ്ടി 36 മത്സരങ്ങളിൽ കളിച്ച ജുവാൻ, പ്രതിരോധത്തിലെ നേതൃത്വ മികവുകൊണ്ടും ആകാശപ്പോരുകളിലെ ആധിപത്യം കൊണ്ടും ശ്രദ്ധ നേടിയിരുന്നു.

"കേരള ബ്ലാസ്റ്റേഴ്‌സുമായി ഈ പുതിയ അധ്യായം തുടങ്ങുന്നതിൽ ഞാൻ ആവേശത്തിലാണ്. കേരളത്തിലെ ഫുട്‌ബോൾ സംസ്കാരത്തെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. ടീമിനു വേണ്ടി എന്റെ പൂർണ്ണ സംഭാവന നൽകാനും ഈ സീസണിൽ ടീമിന്റെ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കാനും ഞാൻ പരിശ്രമിക്കും," ജുവാൻ റോഡ്രിഗസ് പറഞ്ഞു.

Tags:    

Similar News