ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി ഖാലിദ് ജമീലിനെ നിയമിച്ചു; കരാർ രണ്ട് വർഷത്തേക്ക്; ആദ്യ മത്സരം താജിക്കിസ്ഥാനെതിരെ; ഖാലിദിന് മുന്നിൽ വെല്ലുവിളികൾ ഏറെ
മുംബൈ: ഇന്ത്യൻ സീനിയർ പുരുഷ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി ഖാലിദ് ജമീലിനെ നിയമിച്ചു. ഐ.എം. വിജയൻ അധ്യക്ഷനായ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) ടെക്നിക്കൽ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചാണ് നിയമനം. രണ്ട് വർഷത്തേക്കാണ് കരാർ. ജമീൽ നാളെ ടീമിനൊപ്പം ചേരുമെന്ന് എ.ഐ.എഫ്.എഫ് അറിയിച്ചു. ഇതോടെ ഖാലിദ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ജംഷഡ്‌പൂർ എഫ്‌സിയുടെ പരിശീലക സ്ഥാനമൊഴിയും.
മനോലോ മാർക്വസ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഇന്ത്യ പുതിയ പരിശീലകനെ തേടിയത്. പരിശീലക സ്ഥാനത്തേക്ക് ലഭിച്ച 170 അപേക്ഷകരിൽ നിന്നാണ് ജമീലിനെ തിരഞ്ഞെടുത്തത്. ഇംഗ്ലീഷുകാരനായ സ്റ്റീഫൻ കോൺസ്റ്റന്റൈൻ, സ്ലൊവാക്യയുടെ സ്റ്റെഫാൻ തർകോവിച്ച് എന്നിവരായിരുന്നു അന്തിമ ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേർ. ഐ.എസ്.എൽ ക്ലബ്ബായ ജംഷഡ്പുർ എഫ്.സിയുടെ പരിശീലകനായിരുന്നു ജമീൽ. 2017-ൽ ഐസ്വാൾ എഫ്.സിയെ ഐ-ലീഗ് ജേതാക്കളാക്കിയത് അദ്ദേഹത്തിന്റെ പരിശീലക കരിയറിലെ സുപ്രധാന നേട്ടമാണ്.
ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയും ജംഷഡ്പുരിനെയും സെമി ഫൈനലിൽ എത്തിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ തുടങ്ങിയ പ്രമുഖ ക്ലബ്ബുകളെയും മുൻപ് പരിശീലിപ്പിച്ചിട്ടുണ്ട്. ഫിഫ റാങ്കിങ്ങിൽ 133-ാം സ്ഥാനത്തുള്ള ഇന്ത്യയെ മുന്നോട്ട് നയിക്കുകയെന്ന കനത്ത വെല്ലുവിളിയാണ് ഖാലിദ് ജമീലിന് മുന്നിലുള്ളത്. നേഷൻസ് കപ്പിൽ താജിക്കിസ്ഥാനെതിരെയാണ് പുതിയ പരിശീലകന് കീഴിൽ ഇന്ത്യയുടെ ആദ്യ മത്സരം.
ഒക്ടോബറിൽ ആരംഭിക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളാണ് ടീമിന്റെ അടുത്ത പ്രധാന ലക്ഷ്യം. അതേസമയം, ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ.എസ്.എൽ) ഭാവിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. സംപ്രേഷണാവകാശ കരാർ പുതുക്കാത്തതിനാൽ സംഘാടകരായ എഫ്.എസ്.ഡി.എൽ ലീഗ് അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്.
വിഷയത്തിൽ നിയമോപദേശം തേടാൻ ക്ലബ്ബുകൾക്ക് എ.ഐ.എഫ്.എഫ് നിർദേശം നൽകിയിട്ടുണ്ട്. ഒരു ഇന്ത്യൻ പരിശീലകന് കീഴിൽ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുക എന്ന വലിയ ദൗത്യമാണ് ജമീലിനും ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനും മുന്നിലുള്ളത്. കഴിഞ്ഞ എട്ടു വർഷക്കാലമായി പരിശീലക സ്ഥാനത്ത് കാട്ടിയ മികവാണ് ഖാലിദിനെ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നത്.