വനിതാ ഫുട്ബോളില്‍ ട്രാന്‍സ്ഫര്‍ തുകയില്‍ റെക്കോഡ് സൃഷ്ടിച്ച് അമേരിക്കന്‍ താരം; അമേരിക്കന്‍ പ്രതിരോധ താരം നവോമി ഗിര്‍മ ചെല്‍സി സ്വന്തമാക്കിയത് 11 ലക്ഷം ഡോളറിന്; വനിതാ ഫുട്ബോളില്‍ ഒരു മില്യണ്‍ ഡോളര്‍ ട്രാന്‍സ്ഫര്‍ തുക ലഭിക്കുന്ന ആദ്യ താരമെന്ന റെക്കോഡും
ലണ്ടന്‍: വനിതാ ഫുട്ബോളില്‍ ട്രാന്‍സ്ഫര്‍ തുകയില്‍ റെക്കോഡ് സൃഷ്ടിച്ച് അമേരിക്കന്‍ താരം. അമേരിക്കയുടെ പ്രതിരോധ നിര താരം നവോമി ഗിര്‍മയാണ് റെക്കോഡ് ട്രാന്‍സ്ഫര്‍ തുക സ്വന്തമാക്കിയത്. അമേരിക്കന്‍ ക്ലബ്ബ് സാന്‍ ഡീഗോ വേവ്സില്‍ നിന്നും 11 ലക്ഷം ഡോളറിനാണ് (ഏകദേശം 95 കോടി രൂപ) ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി നവോമിയെ സ്വന്തമാക്കിയത്. ഇതോടെ വനിതാ ഫുട്ബോളില്‍ ഒരു മില്യണ്‍ ഡോളര്‍ ട്രാന്‍സ്ഫര്‍ തുക ലഭിക്കുന്ന ആദ്യ താരമെന്ന നേട്ടവും ഗിര്‍മയ്ക്ക് സ്വന്തമായി. ഇതിനു പുറമെ ഏറ്റവും കൂടുതല്‍ ട്രാന്‍സ്ഫര്‍ തുകയെന്ന റെക്കോര്‍ഡും ലഭിച്ചു.
അമേരിക്കന്‍ ക്ലബ്ബ് ബേ എഫ്.സി. സാംബിയ താരം റേച്ചല്‍ കുന്‍ഡാങ്ജിയയ്ക്കായി 73 കോടി ട്രാന്‍സ്ഫര്‍ തുകനല്‍കിയതായിരുന്നു ഇതിന് മുന്‍പുള്ള റെക്കോര്‍ഡ്. വനിതാ സൂപ്പര്‍ ലീഗ് ചാമ്പ്യന്‍മാരായ ചെല്‍സി പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് 24-കാരിയായ അമേരിക്കന്‍ താരത്തെ ഇത്രയും വലിയ തുകയ്ക്ക് സ്വന്തമാക്കിയത്.
സെന്‍ട്രല്‍ ബാക്ക് കഡെയ്ഷ എഡ്വെല്‍ പരിക്കേറ്റ് പുറത്തായത് ചെല്‍സിക്ക് തിരിച്ചടിയായിരുന്നു. സാന്‍ ഡീഗോക്കായി 75 മത്സരം കളിച്ച താരമാണ് നവോമി ഗിര്‍മ. അമേരിക്കന്‍ ടീമിനായി 2022 മുതല്‍ കളിക്കുന്ന താരം 44 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.