ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് അയൽപ്പോര്; ചെന്നൈയിന്റെ കോട്ട തകർക്കാൻ ബ്ലാസ്റ്റേഴ്‌സ്; കോണർ ഷീൽഡ്‌സിനെ പൂട്ടിയാൽ ജയമുറപ്പ് ?; വിജയവഴിയിൽ തിരിച്ചെത്തി പ്ലേ ഓഫ് സാധ്യത നിലർത്താൻ കൊമ്പന്മാർ

Update: 2025-01-30 07:45 GMT

ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് അയൽക്കാരുടെ പോരാട്ടം. ചെന്നൈയിലെ സ്വന്തം തട്ടകമായ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ചെന്നൈയിൻ എഫ് സി കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും. ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്. രാത്രി 7.30 ക്കാണ് മത്സരം. ചെന്നൈയിനെതിരെ ഹോം മത്സരത്തിൽ നേടിയ ത്രസിപ്പിക്കുന്ന വിജയം ആവർത്തിക്കുകയാവും ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. പോയിന്റ് പട്ടികയിൽ താഴെ നിൽക്കുന്ന ഈസ്റ്റ് ബംഗാളിനെതിരെ കഴിഞ്ഞ മത്സരത്തിൽ 2-1ന്റെ തോൽവി ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സ് വിജയ വഴിയിലേക്ക് തിരികെ എത്താനാകും ഇന്നിറങ്ങുന്നത്.

സീസൺ പുരോഗമിക്കുമ്പോൾ തന്നെ വലിയ അഴിച്ചു പണികളാണ് കേരളത്തിന്റെ കൊമ്പന്മാർ നടത്തുന്നത്. കോച്ചടക്കം നിരവധി താരങ്ങൾ ഇതിനോടകം ടീം വിട്ടു. പുതിയ താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചു. ഇനിയും സൈനിംഗുകൾ ഉണ്ടാകുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നു. മികച്ച താരങ്ങളുണ്ടായിട്ടും ചെന്നൈയിന് ഈ സീസണിൽ പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിഞ്ഞില്ല. മധ്യനിരയിൽ കാളി മെനയുന്ന സ്കോട്ടിഷ് താരം കോണർ ഷീൽഡ്സ് ആണ് ചെന്നൈയിന്റെ പ്രധാന താരം. കോണർ ഷീൽഡ്‌സിനെ വരുതിയിൽ നിർത്താൻ ബ്ലാസ്റ്റേഴ്സിനായാൽ ചെന്നൈയിന്റെ ആക്രമണങ്ങൾ തടയാനാകും. 16 മത്സരങ്ങളിൽനിന്ന് ഒരു ഗോളും 8 അസിസ്റ്റുമുള്ള കോണറിന്റെ പേരിലാണ് ടൂർണമെന്റിലെ ഏറ്റവും കൂടുതൽ വിജയകരമായ ക്രോസ്സുകൾ.

ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകമാണ്. ജയത്തിൽ കുറഞ്ഞൊന്നും അവർ ലക്ഷ്യമിടുന്നുമില്ല. ആദ്യ ഘട്ടത്തിലെ മോശം പ്രകടത്തിന് ശേഷം മികച്ച രീതിയിൽ തിരിച്ചുവരവ് നടത്താൻ ബ്ലാസ്റ്റേഴ്സിനായി. അവസാന അഞ്ച് മത്സരങ്ങളിൽ രണ്ട് ജയവും, രണ്ട് തോൽവിയും, ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്സിന് നേടാനായത്. അതേസമയം അവസാന അഞ്ച് മത്സരങ്ങളിൽ ചെന്നൈയിന് ജയിക്കാനായിട്ടില്ല.

എന്നാൽ, ഈ സീസണിലെ ഹോം മത്സരത്തിൽ ചെന്നൈയിനെതിരെ തകർപ്പൻ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. എതിരിലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ജയം. കഴിഞ്ഞ മത്സരത്തിലെ തോൽവി മറന്ന് ആത്മവിശ്വാസത്തോടെ കളിക്കളത്തിൽ ഇറങ്ങുകയാവും ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. മോറോക്കൻ സൂപ്പർ താരമായ നോവ സദൂയിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ. ടീമിനായി അദ്ധ്വാനിച്ച് കളിക്കുന്ന താരം തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയുടെ കുന്തമുന. 16 മത്സരങ്ങളിൽ നിന്നും 7 ഗോളും 5 അസിസ്റ്റുമാണ് താരം കൊമ്പന്മാർക്കായി നേടിയത്. സ്വന്തം മണ്ണിൽ ഇതുവരെ ബ്ലാസ്റ്റേഴ്സിനോടു പരാജയമറിഞ്ഞിട്ടില്ലെന്ന ആത്മവിശ്വാസം ചെന്നൈയിനുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സിന് തന്നെയാണ് മൽസരത്തിൽ മുൻ‌തൂക്കം. 

Tags:    

Similar News