സ്വന്തം മണ്ണില്‍ പ്രഥമ സൂപ്പര്‍ ലീഗ് കേരള കിരീടത്തില്‍ മുത്തമിട്ട് കാലിക്കറ്റ് എഫ്.സി; കലാശപ്പോരില്‍ കൊച്ചിയെ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

പ്രഥമ സൂപ്പര്‍ ലീഗ് കേരള കിരീടത്തില്‍ മുത്തമിട്ട് കാലിക്കറ്റ് എഫ്.സി

Update: 2024-11-10 17:37 GMT

കോഴിക്കോട്: സ്വന്തം മണ്ണില്‍ പ്രഥമ സൂപ്പര്‍ ലീഗ് കേരള കിരീടത്തില്‍ മുത്തമിട്ട് കാലിക്കറ്റ് എഫ്.സി. ആവേശക്കടലായി മാറിയ ആരാധകരുടെ മുന്നില്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ മിന്നും ജയമാണ് കാലിക്കറ്റ് നേടിയത്. കലാശപ്പോരില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കാലിക്കറ്റിന്റെ ജയം. കന്നിക്കിരീടം മോഹിച്ചെത്തിയ കൊച്ചിക്ക് നിരാശയോടെ മടക്കം.

ആക്രമണ പ്രത്യാക്രമണങ്ങള്‍ നിറഞ്ഞുനിന്നതായിരുന്നു സൂപ്പര്‍ ലീഗ് ഫൈനല്‍. മുന്നേറ്റങ്ങള്‍ കൊണ്ട് ഗോള്‍ മുഖം പലകുറി ഇരു ടീമുകളും വിറപ്പിച്ചു. കാലിക്കറ്റ് രണ്ടുവട്ടം വലകുലുക്കി. 15ആം മിനിറ്റില്‍ തോയ് സിങ്ങും 71ആം മിനിറ്റില്‍ ബെല്‍ഫോര്‍ട്ടും. കൊച്ചിക്കായി ഡോറിയെല്‍ട്ടന്‍ ആശ്വാസ ഗോള്‍ നേടി. ടൂര്‍ണമെന്റില്‍ ഉടനീളം ഗോള്‍മഴ പെയ്യിച്ച കാലിക്കറ്റ് ഫൈനലിലും അതാവര്‍ത്തിച്ചു. കൊച്ചിയുടെ പ്രതിരോധക്കോട്ടക്ക് അത് തടഞ്ഞുനിര്‍ത്താനായില്ല. മത്സരത്തിലുടനീളം ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത കാലിക്കറ്റ് കൊച്ചി പ്രതിരോധത്തെ പലകുറി പരീക്ഷിച്ചു.

കൊച്ചിയുടെ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യമിനിറ്റില്‍ തന്നെ കൊച്ചി താരങ്ങള്‍ കാലിക്കറ്റിന്റെ ബോക്‌സില്‍ ഇരച്ചെത്തി. ഇടത്തുവിങ്ങിലൂടെയാണ് കൊച്ചി കാലിക്കറ്റ് പെനാല്‍റ്റി ബോക്‌സില്‍ അപകടം വിതച്ചത്. എന്നാല്‍ പതിയെ കാലിക്കറ്റും മത്സരത്തില്‍ പിടിമുറുക്കി. കിട്ടിയ അവസരങ്ങളില്‍ മുന്നേറി.

15 ആം മിനിറ്റില്‍ കൊച്ചിയെ ഞെട്ടിച്ച് കാലിക്കറ്റ് മുന്നിലെത്തി. തോയ് സിങ്ങാണ് വലകുലുക്കിയത്. മൈതാന മധ്യത്തുനിന്ന് ലഭിച്ച ത്രൂ ബോള്‍ സ്വീകരിച്ച് ഇടത്തുവിങ്ങിലൂടെ മുന്നേറിയ ജോണ് കേന്നഡി പന്ത് ബോക്‌സിലേക്ക് നീട്ടി. തോയ് സിങ് അത് അനായാസം വലയില്‍ തട്ടിയിട്ടു. കൊച്ചി പ്രതിരോധ താരങ്ങള്‍ക്ക് ഒന്നും ചെയ്യാനായില്ല.

ഗോള്‍ വീണതിന് പിന്നാലെ കാലിക്കറ്റ് വീണ്ടും ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതാണ് മൈതാനത്ത് കണ്ടത്. എന്നാല്‍ മരിയോ ലോമോസ് മറുതന്ത്രമൊരുക്കി. പന്ത് കിട്ടിയാലല്ലേ അക്രമിക്കാനാകൂ. അതിനാല്‍ കൊച്ചി പന്ത് കൈവശം വെച്ച് കളിച്ചു. കളി അല്‍പ്പം പരുക്കനായതോടെ കൊച്ചി തരങ്ങള്‍ മഞ്ഞകാര്‍ഡും വാങ്ങിക്കൂട്ടി. 32 ആം മിനിറ്റില്‍ സൂപ്പര്‍ താരം ഗനി അഹമ്മദ് നിഗത്തെ പിന്‍വലിച്ച് ജിജോ ജോസഫിനെ കാലിക്കറ്റ് കളത്തിലിറക്കി. പിന്നാലെ ഇരുടീമുകളും മുന്നേറ്റം ശക്തമാക്കിയെങ്കിലും ആദ്യപകുതിയില്‍ കൊച്ചിക്ക് തിരിച്ചടിക്കാനായില്ല.

തിരിച്ചടി ലക്ഷ്യമിട്ടാണ് ഫോഴ്‌സാ കൊച്ചി രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയത്. തുടക്കത്തില്‍ തന്നെ നിരവധി മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്തു. 59 ആം മിനിറ്റില്‍ കൊച്ചി ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. കൊച്ചി പന്ത് വിട്ടുകൊടുക്കാതെ കളി മെനഞ്ഞപ്പോള്‍ പതിയെ കാലിക്കറ്റ് പ്രതിരോധത്തിലേക്ക് വലിഞ്ഞു. മൈതാന മധ്യത്ത് നിറഞ്ഞു കളിച്ച കൊച്ചി താരങ്ങള്‍ ആതിഥേയരെ പ്രതിരോധത്തിലാക്കി. എന്നാല്‍ കിട്ടിയ അവസരങ്ങളില്‍ കൗണ്ടര്‍ അറ്റാക്കുകളുമായി ഇയാന്‍ ഗില്ലന്റെ സംഘം എതിരാളികളെ വിറപ്പിക്കുകയും ചെയ്തു.

69 ആം മിനിറ്റില്‍ ലീഡ് വര്‍ധിപ്പിക്കാനുള്ള സുവര്‍ണാവസരം കാലിക്കറ്റ് നഷ്ടപ്പെടുത്തി. ബെല്‍ഫോര്‍ട്ടിന്റെ സോളോ നീക്കങ്ങള്‍ കൊച്ചി പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു. പിന്നാലെ വിജയമുറപ്പിച്ച് ഗോളും. പെനാല്‍റ്റി ബോക്‌സില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ ഇരുന്ന ബെല്‍ഫോര്‍ട്ട് ഉഗ്രന്‍ ഇടം കാല്‍ ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. കൊച്ചി ഗോളിക്ക് ഒന്നും ചെയ്യാനില്ല. രണ്ടു ഗോള്‍ വീണതോടെ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയും അക്ഷരാര്‍ത്ഥത്തില്‍ ആവേശക്കടലായി. വിങ്ങുകളിലൂടെ ആതിഥേയര്‍ എതിര്‍ പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ടുകളുതിര്‍ത്തു.

കൊച്ചി 93 ആം മിനിറ്റില്‍ ഡോറിയെല്‍ട്ടനിലൂടെ ഒരു ഗോള്‍ മടക്കി. സമനില പിടിക്കാന്‍ ശ്രമിച്ചെങ്കിലും മുന്നേറ്റങ്ങള്‍ കാലിക്കറ്റ് പ്രതിരോധത്തില്‍ തട്ടി മടങ്ങി. അതോടെ പ്രഥമ സൂപ്പര്‍ ലീഗ് കേരള കിരീടവുമായി കാലിക്കറ്റ് മടങ്ങി.

Tags:    

Similar News