കരുത്തരായ ജമ്മു-കശ്മീരിനെ കീഴടക്കി; കേരളം സന്തോഷ് ട്രോഫി സെമിയില്‍; ജയം ഏകപക്ഷീമായ ഒരു ഗോളിന്
കേരളം സന്തോഷ് ട്രോഫി സെമിയില്‍
ഹൈദരാബാദ്: ജമ്മു കശ്മീരിനെ ഏകപക്ഷീമായ ഒരു ഗോളിന് കീഴടക്കി കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമിഫൈനലില്‍. ഡെക്കാന്‍ അരീനയില്‍ നടന്ന ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രണ്ടാം പകുതിയിലാണ് വിജയഗോള്‍ പിറന്നത്. 72ാം മിനിറ്റില്‍ നസീബ് റഹ്മാനാണ് കേരളത്തിനായി ലക്ഷ്യം കണ്ടത്. ഞായറാഴ്ച വൈകീട്ട് 7.30-ന് ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടക്കുന്ന സെമിയില്‍ മണിപ്പുരാണ് കേരളത്തിന്റെ എതിരാളികള്‍.
ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം 71-ാം മിനിറ്റില്‍ കോച്ച് ബിബി തോമസ് കൊണ്ടുവന്ന മാറ്റമാണ് കളിയിലെ വഴിത്തിരിവായത്. 71-ാം മിനിറ്റില്‍ അസ്ലമിനെയും അജ്സലിനേയും പിന്‍വലിച്ച് അര്‍ജുനും മുഷ്റഫും ഇറങ്ങി. തൊട്ടടുത്ത മിനിറ്റില്‍ ജോസഫ് ജസ്റ്റിന് അര്‍ജുനെ ലക്ഷ്യംവെച്ച് പോസ്റ്റിലേക്ക് ചിപ് ചെയ്ത പന്ത് കശ്മീര്‍ ഡിഫന്‍ഡര്‍ ആതര്‍ ഇര്‍ഷാദ് ക്ലിയര്‍ ചെയ്തത് ബോക്സിലുണ്ടായിരുന്ന നസീബ് റഹ്മാന് നേര്‍ക്ക്. നെഞ്ചില്‍ പന്ത് നിയന്ത്രിച്ച് നസീബ് തൊടുത്ത വോളി വലയില്‍ കയറുന്നത് കണ്ടുനില്ക്കാനേ ജമ്മു കശ്മീര്‍ ഗോളിക്കായുള്ളൂ.
തിരിച്ചടിക്കാന്‍ ജമ്മു ശ്രമിച്ചെങ്കിലും ക്യാപ്റ്റന്‍ സഞ്ജുവിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം കോട്ട പോലെ ഉറച്ചുനിന്നു. ഫൈനല്‍ തേര്‍ഡില്‍ നിരവധി അവസരങ്ങള്‍ കിട്ടിയെങ്കിലും മുന്നേറ്റനിരയുടെ ഫിനിഷിങ്ങിലെ പോരായ്മ ജമ്മു കശ്മീരിന് തിരിച്ചടിയായി.
ഇന്നു രാത്രി 7.30ന് അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ മേഘാലയ സര്‍വീസസിനെ നേരിടും. കേരളത്തിനു പുറമേ ബംഗാളും മണിപ്പുരും സെമിയില്‍ കടന്നിരുന്നു. ഇന്നലെ നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗാള്‍ 3 - 1ന് ഒഡീഷയെ തോല്പിച്ചു. 52ാം തവണയാണ് ബംഗാള്‍ സന്തോഷ് ട്രോഫി സെമിയിലെത്തുന്നത്. എക്സ്ട്രാ ടൈമിലേക്കു നീണ്ട രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡല്‍ഹിയെ 5 - 2ന് തോല്പിച്ചാണ് മണിപ്പുര്‍ സെമിയിലെത്തിയത്. 90 മിനിറ്റില്‍ കളി 2 - 2 സമനിലയായിരുന്നു.
സന്തോഷ് ട്രോഫിയില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുകയും കുറവ് ഗോളുകള്‍ വഴങ്ങുകയും ചെയ്തത് കേരളമാണ്. ഫൈനല്‍ റൗണ്ടില്‍ 11 ഗോളുകളും യോഗ്യതാറൗണ്ടില്‍ 18 ഗോളുമടക്കം 29 ഗോളുകളാണ് ക്യാപ്റ്റന്‍ ജി.സഞ്ജുവും സംഘവും നേടിയത്. ഇതിനു പിന്നാലെയാണ് ക്വാര്‍ട്ടര്‍ ഫൈനലിലെ ഏക ഗോള്‍ ജയം. ഇതുവരെ വഴങ്ങിയത് ആകെ 4 ഗോളുകള്‍ മാത്രം.
2015നു ശേഷം ആദ്യമായാണ് കശ്മീര്‍ ഫൈനല്റൗണ്ട്് കളിക്കാനിറങ്ങിയത്. സന്തോഷ് ട്രോഫിയില്‍ ഏഴാം തവണയാണ് കേരളവും ജമ്മു കശ്മീരും ഏറ്റുമുട്ടുന്നത്. 7 തവണയും വിജയം നേടാന്‍ കേരളത്തിനായി.