വിജയഗോളിന് പിന്നാലെ ജോട്ടയുടെ 'ബേബി ഷാർക്ക്' ആഘോഷം; അവസാന വിസിൽ മുഴങ്ങിയതോടെ വിങ്ങിപ്പൊട്ടി മുഹമ്മദ് സല; ആൻഫീൽഡിനെ ആവേശത്തിലാഴ്ത്തി പ്രീമിയർ ലീഗിലെ ആദ്യ മത്സരം; ബോൺമൗത്തിനെതിരെ ലിവർപൂളിന് മിന്നും ജയം
ആൻഫീൽഡ്: ആൻഫീൽഡ്: ഇംഗ്ളീഷ് പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ ബോൺമൗത്തിനെതിരെ ലിവർപൂളിന് ആവേശകരമായ ജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്. അവസാന നിമിഷങ്ങളിൽ ഫെഡറിക്കോ കിയേസയും മുഹമ്മദ് സലായും നേടിയ ഗോളുകളാണ് ആൻഫീൽഡിലെ സ്വത്താണ് തട്ടകത്തിൽ ലിവർപൂളിന് വിജയം സമ്മാനിച്ചത്. 4-2നായിരുന്നു ലിവർപൂളിന്റെ ജയം.
മത്സരത്തിന്റെ 37-ാം മിനിറ്റിൽ ഹ്യൂഗോ എകിറ്റികെയാണ് ലിവർപൂളിനായി ആദ്യം ഗോൾവല കുലുക്കിയത്. ഫ്ലോറിയൻ വിർട്സുമായുള്ള മികച്ച മുന്നേറ്റത്തിനൊടുവിലായിരുന്നു ഗോൾ. ആദ്യ പകുതി അവസാനിക്കുമ്പോൾ ലിവർപൂൾ 1-0ന് മുന്നിലായിരുന്നു. രണ്ടാം പകുതി തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ കോഡി ഗാക്പോ ലീഡ് ഇരട്ടിയാക്കി. എന്നാൽ, ബോൺമൗത്ത് ശക്തമായി തിരിച്ചടിച്ചു.
രണ്ട് ഗോളിന് മുന്നിട്ടുനിന്ന ലിവർപൂളിനെതിരെ ഇരട്ട ഗോളുകളുമായി ആന്റോയിൻ സെമെന്യോ ബോൺമത്തിനെ ഒപ്പമെത്തിച്ചതോടെ മത്സരം ആവേശകരമായി. ലിവർപൂളിന്റെ പ്രതിരോധത്തിലെ പാളിച്ചകൾ മുതലെടുത്തായിരുന്നു സെമെന്യോയുടെ ഗോളുകൾ. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ലിവർപൂൾ വീണ്ടും ലീഡ് നേടി. 88-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ കിയേസയുടെ തകർപ്പൻ വോളി ലിവർപൂളിന് വീണ്ടും ലീഡ് നൽകി. തൊട്ടുപിന്നാലെ മുഹമ്മദ് സലയും ഗോൾ നേടിയതോടെ ആർനെ സ്ലോട്ടിന്റെ ടീം വിജയം ഉറപ്പിക്കുകയായിരുന്നു.
ലിവർപൂൽ 69 മില്യൺ പൗണ്ടിന് ടീമിലെത്തിച്ച ഹ്യൂഗോ എകിറ്റികെയാണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. മത്സരത്തിലുടനീളം വികാരനിർഭരമായ നിമിഷങ്ങൾക്കായിരുന്നു ആൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ജൂലൈയിൽ അന്തരിച്ച പോർച്ചുഗീസ് താരം ഡിയോഗോ ജോട്ടയ്ക്കും സഹോദരൻ ആന്ദ്രേ സിൽവയ്ക്കും ടീമും ആരാധകരും ആദരാഞ്ജലി അർപ്പിച്ചു. ജോട്ടയുടെ ഭാര്യ റൂട്ട് കാർഡോസോയും മക്കളും കുടുംബാംഗങ്ങളും മത്സരം കാണാനെത്തിയിരുന്നു.
വിജയഗോൾ നേടിയ ശേഷം ജോട്ടയുടെ പ്രശസ്തമായ 'ബേബി ഷാർക്ക്' ഗോളാഘോഷം പുനരാവിഷ്കരിച്ച മുഹമ്മദ് സല അവസാന വിസിലിന് ശേഷം വിങ്ങിപ്പൊട്ടുന്ന കാഴ്ചയ്ക്കും ആൻഫീൽഡ് സാക്ഷ്യം വഹിച്ചു. പകരക്കാരനായി ഇറങ്ങി വിജയഗോൾ നേടിയ കിയേസയുടെ ലിവർപൂളിനായുള്ള ആദ്യ പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്. അതേസമയം, മികച്ച പ്രകടനം കാഴ്ചവെച്ച ബോൺമൗത്ത് താരം ആന്റോയിൻ സെമെന്യോയ്‌ക്കെതിരെ വംശീയാധിക്ഷേപം നടന്നതായും ആരോപണമുയർന്നിട്ടുണ്ട്.