മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടിയായി റോഡ്രിയുടെ പരിക്ക്; സീസൺ നഷ്ടമായേക്കും; പകരക്കാരനെ തിരഞ്ഞ് പെപ് ഗ്വാർഡിയോള

Update: 2024-09-25 06:44 GMT

മാഞ്ചസ്റ്റര്‍: ആഴ്‌സണലിനെതിരായ മത്സരത്തിൽ കാൽമുട്ടിന് പരിക്കേറ്റ മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം റോഡ്രിക്ക് ഈ സീസൺ മുഴുവൻ നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതോടെ നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യാന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പകരക്കാരനെ കണ്ടുപിടിക്കേണ്ടി വരും. പരിക്കേറ്റ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ റോഡ്രിക്ക് സീസണിലെ ഇനിയുള്ള മത്സരങ്ങളെല്ലാം നഷ്ടമാവും.

ആഴ്‌സണലിന് എതിരായ മത്സരത്തിനിടെയാണ് റോഡ്രിയുടെ കാലിന് പരിക്കേറ്റത്. തോമസ് പാർട്ടിയുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് പരിക്കേറ്റ റോഡ്രി ഗണ്ണേഴ്‌സിനെതിരായ മത്സരത്തിൽ 21 മിനിറ്റുകൾ മാത്രമാണ് കളിക്കാനായത്.

യൂറോ കപ്പ് ഫൈനലിനിടെ താരത്തിന് പരിക്കേറ്റിരുന്നു. ശേഷം ഈ സീസണില്‍ ആകെ 66 മിനിറ്റേ കളിക്കാനേ റോഡ്രിക്കായിട്ടുള്ളു. 2019ല്‍ സിറ്റിയിലെത്തിയ റോഡ്രി ക്ലബിനായി 260 മത്സരങ്ങളില്‍ 26 ഗോളും 30 അസിസ്റ്റും സ്വന്തമാക്കി. പെപ് ഗ്വാർഡിയോളയുടെ സംഘത്തിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിൽ ഒരാളാണ് സ്പാനിഷ് മിഡ്‌ഫീൽഡർ. കഴിഞ്ഞ സീസണിൽ റോഡ്രി ഇല്ലാതെയിറങ്ങിയ നാല് പ്രീമിയർ ലീഗ് മത്സരങ്ങളിൽ മൂന്നിലും സിറ്റി പരാജയപ്പെട്ടു.

റോഡ്രിയുടെ അഭാവത്തിൽ കഴിഞ്ഞ മത്സരങ്ങളിൽ മറ്റിയോ കൊവാസിച്ചിനെയാണ് പെപ് ഗ്വാർഡിയോള ഇറക്കിയിരുന്നത്. റോഡ്രിക്ക് സീസൺ നഷ്ടമാവേണ്ട സാഹചര്യം നിലനിൽക്കുന്നതിനാൽ ഇൽകെ ഗുണ്ടോഗനെയും പരീക്ഷിക്കാൻ സാധ്യതകളുണ്ട്. എന്നാൽ ഇന്റർ മിലാനിൽ നിന്നും നിക്കോളോ ബരെല്ലയെ കൂടാരത്തിലെത്തിക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

സിറ്റിയുടെ തുടര്‍ച്ചയായ നാല് പ്രീമിയര്‍ ലീഗ് കിരീട വിജയത്തിലും ആദ്യ ചാമ്പ്യൻസ് ലീഗ് വിജയത്തിലും റോഡ്രി നിര്‍ണായക പങ്കുവഹിച്ചു. ചാമ്പ്യൻസ് ലീഗ് ഫൈനലിലെ നിര്‍ണായക ഗോള്‍ നേടിയത് റോഡ്രിയായിരുന്നു.ഇത്തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ട താരമാണ് റോഡ്രി.

Tags:    

Similar News