മാഞ്ചസ്റ്റർ യുനൈറ്റഡ് പരിശീലക സ്ഥാനത്തേക്ക് റൂബൻ അമോറിം; കരാർ നാല് വർഷത്തേക്ക്; ഇപ്‌സ്‌വിച്ച് ടൗൺ എഫ് സിക്കെതിരെ യുനൈറ്റഡ് പരിശീലകനായുള്ള ആദ്യ മത്സരം

Update: 2024-11-02 13:14 GMT

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡ് പരിശീലക സ്ഥാനത്തേക്ക് എറിക് ടെൻ ഹാഗിന്റെ പകരക്കാരനായി പോർച്ചുഗീസുകാരനായ റൂബൻ അമോറിമിനെ നിയമിച്ചു. തുടർ തോൽവികളിൽ പെട്ട് കഷ്ടപ്പെടുന്ന ടീമിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ യൂറോപ്പിലെ മികച്ച യുവ മാനേജർമാരിൽ ഒരാളായ അമോറിമിന് കഴിയുമെന്നാണ് മാനേജ്‌മെന്റിന്റെ വിശ്വാസം.

നാല് വർഷത്തെ കരാറിലാണ് റൂബൻ അമോറിം മാഞ്ചസ്റ്റർ യുനൈറ്റഡ് പരിശീലകനായി എത്തുന്നത്. 39 കാരനായ റൂബൻ നവംബർ 11ന് യുണൈറ്റഡിൽ ചേരും. പോർച്ചുഗലിലെ മുൻ നിര ക്ലബ്ബായ സ്‌പോർട്ടിംഗിന്റെ പരിശീലക സ്ഥാനത്ത് നിന്നുമാണ് അമോറിം എത്തുന്നത്. 2021 ലും 2024 ലും സ്‌പോർട്ടിംഗിനെ പ്രൈമിറ ലിഗ കിരീടങ്ങളിലേക്ക് നയിച്ച താരം, ഈ സീസണിൽ ടീമിനെ പോയിന്റ് പട്ടികയിൽ മുന്നിലെത്തിക്കാനും അമോറിമിനായി. 11 ദശലക്ഷം യൂറോ പ്രതിഫലം നൽകിയാണ് അദ്ദേഹത്തിനെ യൂണൈറ്റഡിലേക്ക് എത്തിക്കുന്നത്.

1969 ജൂണിൽ മാറ്റ് ബസ്ബിയുടെ പിൻഗാമിയായി 31 കാരനായ വിൽഫ് മക്ഗിന്നസ് പരിശീലകനായി അധികാരമേറ്റ ശേഷം യുണൈറ്റഡിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ മാനേജരാണ് റൂബൻ അമോറിം. നവംബർ 24ന് ഇപ്‌സ്‌വിച്ച് ടൗൺ എഫ് സി ക്കെതിരെ നടക്കുന്ന ലീഗ് മത്സരമായിരിക്കും റൂബൻ അമോറിമിന്റെ യുണൈറ്റഡ് പരിശീലകനായുള്ള ആദ്യ മത്സരം. 

Tags:    

Similar News