കേരളം സന്തോഷ് ട്രോഫി ഫൈനലില്‍; മണിപ്പൂരിനെ 5-1ന് തകര്‍ത്തു; ഹാട്രിക്കുമായി കേരളത്തെ ഫൈനലിലേക്ക് നയിച്ചത് മുഹമ്മദ് റോഷല്‍

കേരളം സന്തോഷ് ട്രോഫി ഫൈനലില്‍; മണിപ്പൂരിനെ 5-1ന് തകര്‍ത്തു

Update: 2024-12-29 17:39 GMT

ഹൈദരാബാദ്: കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തില്‍ ഞായറാഴ്ച രാത്രി നടന്ന രണ്ടാം സെമിയില്‍ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ചുഗോളിനാണ് കേരളം തോല്‍പ്പിച്ചത്. ആക്രമിച്ചു കളിച്ച മണിപ്പൂരിനെ പ്രത്യാക്രമണം കൊണ്ടാണ് കേരളം വീഴ്ത്തിയത്. പകരക്കാരനായെത്തി ഹാട്രിക് നേടിയ മുഹമ്മദ് റോഷലാണ് കേരളത്തിന്റെ വിജയശില്‍പ്പി. 73, 88, 90+4 മിനിറ്റുകളിലായിരുന്നു റോഷലിന്റെ ഗോളുകള്‍.

നസീബ് റഹ്മാന്‍ (22ാം മിനിറ്റ്), മുഹമ്മദ് അജ്‌സല്‍ (45+1) എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകള്‍. ഷുന്‍ജാതന്‍ രഗോയ് (30ാം മിനിറ്റില്‍) പെനാല്‍റ്റിയിലൂടെ മണിപ്പൂരിന്റെ ആശ്വാസ ഗോള്‍ നേടി. കളിയുടെ അന്ത്യത്തില്‍ കേരളത്തിന്റെ പ്രതിരോധ താരം മനോജ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ 16ാം ഫൈനല്‍ പ്രവേശനമാണിത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ കേരളം ബംഗാളിനെ നേരിടും.

കളി തുടങ്ങി ഒന്നാം മിനിറ്റില്‍ തന്നെ കേരളതാരങ്ങള്‍ എതിര്‍പോസ്റ്റില്‍ പന്തുമായി റോന്തുചുറ്റി. അടുത്ത മിനിറ്റില്‍ വീണ്ടും ആക്രമണം. അജ്‌സലില്‍നിന്ന് പന്ത് നസീബ് റഹ്മാനിലേക്ക്. എതിര്‍ താരത്തെ മറികടന്ന് ബോക്‌സില്‍ കയറിയ നസീബ് നല്‍കിയ പാസില്‍ അജ്‌സല്‍ ഷോട്ടുതിര്‍ക്കും മുമ്പെ മണിപ്പൂര്‍ പ്രതിരോധം തട്ടിത്തെറിപ്പിച്ചു. ആദ്യ 15 മിനിറ്റ് പിന്നിട്ട ശേഷമാണ് മണിപ്പൂരിന്റെ മികച്ചൊരു ഗോള്‍ ശ്രമം കണ്ടത്. കൂട്ടമായ ആക്രമണത്തിനൊടുവില്‍ ബോക്‌സിന് പുറത്തുനിന്ന് ക്യാപ്റ്റന്‍ ലെയ്മാജമിന്റെ കനത്തയടി പക്ഷേ ലക്ഷ്യത്തില്‍നിന്നകന്നു.

22ാം മിനിറ്റില്‍ കേരളം ലീഡെടുത്തു. റിയാസ് നീട്ടി നല്‍കിയ പന്ത് തന്ത്രപൂര്‍വം അജ്‌സല്‍ ലീവ് ചെയ്തപ്പോള്‍ മണിപ്പൂരിന്റെ പ്രതിരോധം കബളിപ്പിക്കപ്പെട്ടു. ആളൊഴിഞ്ഞ പന്തിലേക്ക് ഓടിയടുത്ത നസീബിന്റെ വക സൂപ്പര്‍ ഫിനിഷിങ് (1-0). മണിപ്പൂരിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കില്‍ വന്നിറങ്ങിയ പന്ത് ഒഴിവാക്കാനുള്ള ശ്രമത്തിനിടെ നിജോ ഗില്‍ബര്‍ട്ടിന്റെ കൈയില്‍ തട്ടിയപ്പോള്‍ റഫറിയുടെ പെനാല്‍റ്റി വിസില്‍. ഷുന്‍ജാതന്‍ രഗോയ് എടുത്ത കിക്ക് വലയില്‍ (1-1). ഇഞ്ചുറി ടൈമില്‍ കേരളത്തിന് ലഭിച്ച കോര്‍ണര്‍ കിക്കില്‍നിന്ന് നസീബ് ബാക്ക് ഹീല്‍ ടച്ചിലുടെ പന്ത് വലയിലെത്തിച്ചെങ്കിലും ജോ ഓഫ്‌സൈഡായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ റിയാസിന്റെ അസിസ്റ്റില്‍ അജ്‌സലിന്റെ ട്രിക്കി ഗോള്‍ പിറന്നതോടെ കേരളം മുന്നില്‍ (2-1).

രണ്ടാം പകുതിയുടെ തുടക്കത്തില്‍ കളി മണിപ്പൂരിന്റെ കാലിലായിരുന്നെങ്കില്‍ അവസാന 20 മിനിറ്റ് ആഞ്ഞടിച്ച കേരളം അക്ഷരാര്‍ഥത്തില്‍ മണിപ്പൂരിനെ കശക്കിയെറിഞ്ഞു. കേരളം തീര്‍ത്തും പ്രതിരോധത്തില്‍നില്‍ക്കെ 68ആം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ട് പരിക്കേറ്റ് കയറി. പകരം മുഹമ്മദ് റോഷല്‍ ഇറങ്ങി. പിന്നാലെ എതിര്‍താരത്തെ ഫൗള്‍ ചെയ്തതിന് നസീബ് റഹ്മാന്‍ മഞ്ഞക്കാര്‍ഡ് കണ്ടു.

കളത്തിലിറങ്ങി അഞ്ചുമിനിറ്റിനകം റോഷല്‍ നിര്‍ണായക ലീഡ് കണ്ടെത്തി. 73ാം മിനിറ്റില്‍ മണിപ്പൂരിന്റെ ലെഫ്റ്റ് ബാക്ക് നിങ്‌ഗോംബാം കബിരാജ് സിങ്ങില്‍നിന്ന് പന്ത് തട്ടിയെടുത്ത റോഷല്‍ ഗോള്‍മുഖത്തേക്ക് കുതിച്ചു. തടയാനടുത്ത രണ്ട് എതിര്‍താരങ്ങള്‍ക്കിടയില്‍നിന്ന് ഗോളിയെ നിസ്സഹായനാക്കി തകര്‍പ്പന്‍ ഷോട്ടില്‍ വലകുലുക്കി (3-1). റിയാസിന്റെ ഷോട്ട് മണിപ്പൂര്‍ ഗോളിയെ പരീക്ഷിച്ചതിന് പിന്നാലെ റോഷന്‍ രണ്ടാം ഗോള്‍ കണ്ടെത്തി. 88 ആം മിനിറ്റില്‍ കേരളത്തിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കില്‍നിന്ന് പന്ത് ബോക്‌സില്‍ നിയന്ത്രണത്തിലെടുത്ത് റോഷല്‍ നിറയൊഴിച്ചു (4-1). ഇഞ്ചുറി ടൈമില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് മനോജ് പുറത്തായി. ഫൈനല്‍ വിസിലിന് രണ്ടു മിനിറ്റ് ശേഷിക്കെ, ഷിജിന്റെ മുന്നേറ്റം ബോക്‌സില്‍ ഫൂളിലൂടെ മണിപ്പൂര്‍ തടഞ്ഞതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത റോഷലിന് പിഴച്ചില്ല (5-1).

Tags:    

Similar News