ഐ എസ് എല്ലിന് പിന്നാലെ സൂപ്പര്‍കപ്പിലും രക്ഷയില്ലാതെ കേരള ബ്ലാസ്റ്റേഴ്സ്; മോഹന്‍ബഗാനോട് 2-1 ന് തോറ്റു; തോല്‍വിയോടെ സൂപ്പര്‍ കപ്പില്‍ നിന്നും ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്
സൂപ്പര്‍കപ്പിലും രക്ഷയില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ്
ഭുവനേശ്വര്‍: ഐഎസ്എല്ലിന് പിന്നാലെ സൂപ്പര്‍കപ്പിലും രക്ഷയില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ്.ക്വാര്‍ട്ടറില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനോട് 2-1നാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. സഹല്‍ അബ്ദുല്‍ സമദും സുഹൈല്‍ അഹമ്മദ് ബട്ടുമാണ് ബഗാനായി ലക്ഷ്യം കണ്ടത്. മികച്ച കളി പുറത്തെടുത്തിട്ടും ദവീദ് കറ്റാലയുടെ സംഘത്തിന് ജയം പിടിക്കാനായില്ല. ഇന്‍ജറി ടൈമില്‍ ശ്രീക്കുട്ടനാണ് ബ്ലാസ്റ്റേഴ്സിനായി ഒരു ഗോള്‍ മടക്കിയത്.മധ്യനിരയില്‍ ബഗാനായി മികച്ച പ്രകടനം നടത്തിയ മലയാളി താരം സലാഹുദ്ദീന്‍ അദ്‌നാനാണ് കളിയിലെ താരം.
ഈസ്റ്റ്ബംഗാളിനെതിരെ മികച്ച കളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സിന് നിലവിലെ ഐഎസ്എല്‍ ചാമ്പ്യന്‍മാര്‍ക്കെതിരെ ഇതേ പ്രകടനം ആവര്‍ത്തിക്കാനായില്ല.സ്‌ട്രൈക്കര്‍ ജീസസ് ജിമിനെസും നോഹ് സദോയിയും നിറംമങ്ങി. മറുഭാഗത്ത് കൊല്‍ക്കത്തന്‍ ക്ലബ് മുന്നേറ്റങ്ങളുമായി കേരള ബോക്‌സ് വിറപ്പിച്ചു.23ാം മിനിറ്റില്‍ ബഗാന് അനുകൂലമായി മലയാളി ടച്ചുള്ള ഗോളെത്തി. വലതുവിങില്‍ നിന്ന് പന്തുമായി കുതിച്ച മലയാളി താരം സലാഹുദ്ദീന്‍ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് കൃത്യമായി സ്വീകരിച്ച സഹല്‍ ചിപ്പ്‌ചെയ്ത് ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിനെ കബളിപ്പിച്ച് വലയിലെത്തിച്ചു.
ഗോള്‍മടക്കാനായുള്ള ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ ആദ്യ പകുതി ബഗാന്‍ ഒരു ഗോള്‍ ലീഡില്‍ അവസാനിപ്പിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സ് വലയില്‍ രണ്ടാമതും പന്തെത്തിച്ച് കൊല്‍ക്കത്തന്‍ ക്ലബ് മത്സരം വരുതിയിലാക്കി. മലയാളി സ്പര്‍ശമാണ് രണ്ടാം ഗോളിനും വഴിയൊരുക്കിയത്.ഇടതുവിങിലൂടെ മുന്നേറി മലയാളി താരം ആഷിക് കുരുണിയന്‍ ബോക്‌സിലേക്ക് നല്‍കിയ പന്ത് സുഹൈല്‍ ഭട്ട് അനായാസം വലയിലേക്ക് തിരിച്ചുവിട്ടു.തുടര്‍ന്ന് ആഷിക്-സഹല്‍ സഖ്യം നിരവധി നീക്കങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്തെ വിറപ്പിച്ചു.
ഇതിനിടെ ലഭിച്ച സുവര്‍ണാവസരം ജീസസ് ജിമിനെസ് നഷ്ടപ്പെടുത്തി. ഒടുവില്‍ പകരക്കാരനായി ഇറങ്ങിയ മലയാളി താരം ശ്രീകുട്ടന്‍ 90+3ാം മിനിറ്റില്‍ ഗോള്‍മടക്കിയെങ്കിലും അപ്പോഴേക്ക് ഏറെ വൈകിപ്പോയിരുന്നു.ഈസ്റ്റ് ബംഗാളിനെതിരെ കളിച്ച ടീമില്‍ മാറ്റവുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണ കളിച്ചില്ല. മുഹമ്മദ് ഐമനായിരുന്നു പകരക്കാരന്‍. ഗോള്‍ കീപ്പറായി സച്ചിന്‍ സുരേഷ് തുടര്‍ന്നു.