ചെലവ് അധികമായതിനാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്നും ഓസ്‌ട്രേലിയ പിന്മാറി; 2026 ലെ കോമണ്‍വെല്‍ത്ത് നടക്കുക ഗ്ലാസ്‌ഗോയില്‍

2026 ലെ കോമണ്‍വെല്‍ത്ത് നടക്കുക ഗ്ലാസ്‌ഗോയില്‍

Update: 2024-09-19 04:50 GMT

ഗ്ലാസ്‌ഗോ: ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന 2026 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പ് ചുമതലയില്‍ നിന്നും വിക്ടോറിയ സംസ്ഥാനം പിന്മാറി. ചെലവ് വര്‍ദ്ധിക്കുന്നു എന്ന കാരണം പറഞ്ഞാണ് പിന്മാറിയതെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതോടെ ഇത് ഗ്ലാസ്‌ഗോയില്‍ നടക്കുന്നതിനുള്ള വഴിയൊരുങ്ങിയിരിക്കുകയാണ്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ (സി ജി എഫ്) എടുത്തിട്ടില്ലെങ്കിലും, ഇതിനായി സ്‌കോട്ടിഷ് സര്‍ക്കാരിന്റെ പിന്തുണ ലഭിച്ചതായും സ്‌കൈന്യൂസ് പറയുന്നു.

തിങ്കളാഴ്ച കോമണ്‍വെല്‍ത്ത് ഗെയിംസ് ആസ്‌ട്രേലിയയും സ്‌കോട്ട്‌ലാന്‍ഡ് ഹെല്‍ത്ത് സെക്രട്ടറി നീല്‍ ഗ്രേയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ നിര്‍ദ്ദേശം തത്വത്തില്‍ അംഗീകരിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ വെച്ചായിരുന്നു 2026 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. ഏറ്റവും ആവസാനമായി 2014 ല്‍ ആയിരുന്നു ഗ്ലാസ്‌ഗോ ഈ കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിച്ചത്.

അന്ന് സെല്‍റ്റിക് പാര്‍ക്കിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. ഗെയിംസിന് അവസാനം കുറിച്ചുകൊണ്ടുള്ള ആഘോഷങ്ങള്‍ നടന്നത് ഹാംപ്ടണ്‍ പാര്‍ക്കിലും. 2026 ലെ ഗെയിംസില്‍ മത്സര ഇനങ്ങള്‍ കുറവാകാന്‍ സാധ്യതയുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ അത്ലറ്റിക്സും, നീന്തല്‍ ഇനങ്ങളും തീര്‍ച്ചയായും ഉണ്ടായിരിക്കും. രണ്ട് വര്‍ഷം കൊണ്ട് നടപ്പാക്കാവുന്നാതും 115 മില്യന്‍ പൗണ്ട് മാത്രം ചെലവ് വരുന്നതുമായ ഒരു പദ്ധതി ഇതിനായി തയ്യാറാക്കിയിട്ടുണ്ട് എന്നാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് സ്‌കോട്ട്‌ലാന്‍ഡ് വക്താവ് പറഞ്ഞത്. ഇതിനായി സര്‍ക്കാാരിനോട് ധനസഹായം ആവശ്യപ്പെടുകയില്ലെന്നും വക്താവ് വ്യക്തമാക്കി.

അതേസമയം, പൂര്‍ണ്ണ പിന്തുണ വ്യക്തമാക്കി സ്‌കോട്ടിഷ് സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും സി ജി എസ് പറഞ്ഞു. അന്താരാഷ്ട്ര പരിപാടികള്‍ക്ക് വേദിയൊരുക്കി ഖ്യാതിനേടിയ ഗ്ലാസ്‌ഗോക്കും സ്‌കോട്ട്‌ലാന്‍ഡിനും ഇത് ഒരു പരീക്ഷണം തന്നെയാകുമെന്നാണ് സി ജി എസ് അധികൃതര്‍ പറയുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് അധികൃതര്‍, ഗ്ലാസ്‌ഗോ സിറ്റി കൗണ്‍സില്‍, യു കെ സര്‍ക്കാര്‍ എന്നിവരുമായി ചര്‍ച്ചകള്‍ ചെയ്ത് സ്‌കോട്ടിഷ് സര്‍ക്കാര്‍ നിര്‍ദ്ദേശം വിശകലനം ചെയ്ത് അന്തിമ തീരുമാനമെടുക്കും എന്നാാണ് അറിയുന്നാത്.

Tags:    

Similar News