എഫ് വണ്‍ കലണ്ടറില്‍ അപ്രതീക്ഷിത ഇടവേള; യുദ്ധഭീതിയില്‍ ബഹ്റൈന്‍, സൗദി അറേബ്യ ഗ്രാന്‍ഡ്പ്രീകള്‍ റദ്ദാക്കി; സുരക്ഷ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് എഫ്‌ഐഎ; ആരാധകര്‍ നിരാശയില്‍
ജിദ്ദ: ലോകമെമ്പാടുമുള്ള ഫോര്‍മുല വണ്‍ (എഫ് വണ്‍) പ്രേമികളെ നിരാശയിലാക്കി 2026 സീസണിലെ രണ്ട് പ്രധാന ഗ്രാന്‍ഡ് പ്രീകള്‍ റദ്ദാക്കി. ഏപ്രില്‍ 12ന് നടക്കേണ്ടിയിരുന്ന ബഹ്റൈന്‍ ഗ്രാന്‍ഡ്പ്രീയും, ഏപ്രില്‍ 19ന് നടക്കേണ്ടിയിരുന്ന സൗദി അറേബ്യന്‍ ഗ്രാന്‍ഡ്പ്രീയുമാണ് റദ്ദാക്കിയത്. ഈ തീരുമാനത്തോടെ എഫ് വണ്‍ കലണ്ടറില്‍ അപ്രതീക്ഷിതമായ ഒരു വലിയ ഇടവേളയാണ് വന്നിരിക്കുന്നത്. പശ്ചിമേഷ്യയില്‍ അമേരിക്കയും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന കടുത്ത യുദ്ധ സാഹചര്യത്തെത്തുടര്‍ന്നാണ് മത്സരങ്ങള്‍ റദ്ദാക്കിയത്. സുരക്ഷാ കാരണങ്ങളാല്‍ അടുത്ത മാസം നിശ്ചയിച്ചിരുന്ന രണ്ട് റേസുകളും നടക്കില്ലെന്ന് ഇന്ന് രാവിലെയാണ് ഫോര്‍മുല വണ്‍ അധികൃതര്‍ പ്രഖ്യാപിച്ചത്. ചൈനീസ് ഗ്രാന്‍ഡ്പ്രീക്ക് മുന്നോടിയായാണ് നിര്‍ണായക പ്രഖ്യാപനമുണ്ടായത്.
ടീമുകളുടെയും കാണികളുടെയും സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡി എല്‍ ഓട്ടോമൊബൈല്‍ (എഫ്‌ഐഎ) പ്രസിഡന്റ് മുഹമ്മദ് ബിന്‍ സുലായം വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷം കനത്തതോടെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തിലുണ്ടായ തടസങ്ങളും സുരക്ഷാ ഭീഷണികളുമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് അധികൃതരെ എത്തിച്ചതെന്നാണ് വിവരം.
ടണ്‍ കണക്കിന് വരുന്ന ഉപകരണങ്ങളും നൂറുകണക്കിന് ജീവനക്കാരെയും കൃത്യസമയത്ത് സുരക്ഷിതമായി എത്തിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ അസാദ്ധ്യമാണ്. മുന്‍പ് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടായപ്പോള്‍ റേസുകള്‍ മാറ്റി നടത്താറുണ്ടായിരുന്നു. ഇത്തവണ ബഹ്റൈനും സൗദിക്കും പകരമായി മറ്റൊരു വേദി കണ്ടെത്താന്‍ സാധിക്കില്ലെന്ന് എഫ് വണ്‍ സിഇഒ സ്റ്റെഫാനോ ഡൊമെനിക്കാലി അറിയിച്ചു. ഇതോടെ 2026 സീസണിലെ ആകെ റേസുകളുടെ എണ്ണം 22 ആയി കുറഞ്ഞു.
മാര്‍ച്ച് 29ന് നടക്കുന്ന ജാപ്പനീസ് ഗ്രാന്‍ഡ്പ്രീ കഴിഞ്ഞാല്‍ മേയ് മൂന്നിന് നടക്കുന്ന മയാമി ഗ്രാന്‍ഡ്പ്രീ വരെ മത്സരങ്ങളില്ല. സാധാരണയായി തിരക്കുപിടിച്ച ഷെഡ്യൂളുകള്‍ക്കിടയില്‍ ടീമുകള്‍ക്ക് ലഭിക്കുന്ന അപൂര്‍വ്വമായ അഞ്ച് ആഴ്ചത്തെ ഇടവേളയായിരിക്കും ഇത്. എഫ് വണിന് പുറമെ ഫോര്‍മുല 2, ഫോര്‍മുല 3, എഫ് വണ്‍ അക്കാഡമി മത്സരങ്ങളും ഈ രണ്ട് വേദികളിലും റദ്ദാക്കിയിട്ടുണ്ട്. 2023ലെ ഇറ്റലിയിലെ പ്രളയവും 2022ലെ റഷ്യ-യുക്രെയ്ന്‍ യുദ്ധവും കാരണം മുന്‍പ് റേസുകള്‍ റദ്ദാക്കിയിട്ടുണ്ടെങ്കിലും, പശ്ചിമേഷ്യയിലെ ഈ സാഹചര്യം കായികലോകത്തെ വലിയ രീതിയില്‍ ബാധിച്ചിരിക്കുകയാണ്.
