ദേശീയ ഗെയിംസ്; കുതിപ്പ് തുടര്‍ന്ന് കേരളം; നീന്തലില്‍ ഹര്‍ഷിതയ്ക്കും സജനും സ്വര്‍ണം; കേരളത്തിന്റെ സ്വര്‍ണം അഞ്ചായി
ഡെറാഡൂണ്‍: ദേശീയ ഗെയിംസില്‍ കേരളം കുതിപ്പ് തുടരുന്നു. നീന്തല്‍ കുളത്തില്‍ നിന്നു ഇന്ന് രണ്ട് സ്വര്‍ണം കേരളം സ്വന്തമാക്കി. വനിതാ നീന്തലില്‍ ഹര്‍ഷിത ജയറാം ഇരട്ട സ്വര്‍ണം നീന്തിയെടുത്തു. പുരുഷ നീന്തലില്‍ സജന്‍ പ്രകാശും സുവര്‍ണ താരമായി. മുഹമ്മദ് ജസീലാണ് കേരളത്തിന് സ്വര്‍ണം സ്വന്തമാക്കിയ മറ്റൊരു താരം. ഇതോടെ കേരളത്തിന്റെ ആകെ സ്വര്‍ണ നേട്ടം 5 ആയി. 5 സ്വര്‍ണം, ഒരു വെള്ളി, 3 വെങ്കലം ഉള്‍പ്പെടെ കേരളത്തിന്റെ ആകെ മെഡല്‍ നേട്ടം 9 ആയും ഉയര്‍ന്നു.
50 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കിലാണ് ഹര്‍ഷിത സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. 0.34.14 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്. നേരത്തെ 200 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കിലാണ് ഹര്‍ഷിത സ്വര്‍ണം നീന്തിയെടുത്തത്. 2.42.38 മിനിറ്റിലാണ് താരം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഇഷ്ട വിഭാഗമായ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കിലാണ് സജന്‍ പ്രകാശന്റെ സുവര്‍ണ നേട്ടം. ദേശീയ ഗെയിംസില്‍ സജന്റെ മെഡല്‍ നേട്ടം ആകെ മൂന്നായി. നേരത്തെ സജന്‍ ഇരട്ട വെങ്കലം നേടിയിരുന്നു.
നേരത്തെ ചൈനീസ് ആയോധന കലയായ വുഷു താവോലു വിഭാഗത്തില്‍ മുഹമ്മദ് ജസീല്‍ സ്വര്‍ണം സ്വന്തമാക്കിയിരുന്നു. താവോലു വിഭാഗത്തിലാണ് സ്വര്‍ണ നേട്ടം.