ചിരവൈരികളായ പാകിസ്ഥാനെ കീഴടക്കിയത് മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക്; ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി കിരീടം നിലനിര്‍ത്തി ഇന്ത്യ; ശ്രീജേഷിന്റെ കുട്ടികള്‍ കിരീടം ചൂടിയത് ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ

ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി കിരീടം നിലനിര്‍ത്തി ഇന്ത്യ

Update: 2024-12-04 17:49 GMT

മസ്‌കറ്റ്: ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കിയില്‍ കിരീടം നിലനിര്‍ത്തി ഇന്ത്യ. മസ്‌കറ്റിലെ അമീറാത്ത് ഹോക്കി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെനെ മൂന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മലയാളിയായ ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷ് പരിശീലിപ്പിക്കുന്ന സംഘം കരീടം ചൂടിയത്. അരജീത് സിങ് നാലും ദില്‍രാജ് സിങ് ഒന്നും ഗോളുകള്‍ ഇന്ത്യക്കുവേണ്ടി നേടി. പാക്കിസ്താനുവേണ്ടി സുഫിയാന്‍ ഖാന്‍ രണ്ടും ഹന്നാന്‍ ഷാഹിദ് ഒരു ഗോളും സ്വന്തമാക്കി.

ടൂര്‍ണമെന്റില്‍ ഒരുതോല്‍വിയുമറിയാതെയാണ് ഇന്ത്യന്‍ ടീം കിരീടം ചൂടിയത്. വന്‍ ജയങ്ങളുമായി ടൂര്‍ണമെന്റില്‍ ഉജ്വല കുതിപ്പ് നടത്തിയ ഇന്ത്യക്കെതിരെ പാകിസ്താന്‍ ആദ്യം ഗോള്‍ നേടി ആധ്യപത്യം പുലര്‍ത്തി. എന്നാല്‍, മികച്ച കളി പുറത്തെടുത്ത് നിശ്ചിത ഇടവേളകളിലൂടെ ഗോള്‍ നേടി ശ്രജേഷിന്റെ കുട്ടികള്‍ കപ്പ് സ്വന്തമാക്കുകയായിരുന്നു.

മത്സരം കാണാനായി മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ തടിച്ചുകൂടിയിരുന്നു. കഴിഞ്ഞ വര്‍ഷം സലാലയില്‍ നടന്ന ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെ 2 - 1ന് തോല്‍പിച്ചാണ് കിരീടം നേടിയത്. ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷ് പരിശീലക ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ടൂര്‍ണമെന്റായിരുന്നു ഇത്. പരിശീലക കുപ്പായത്തില്‍ മലയാളി താരത്തിന്റെ മിന്നും തുടക്കവുമായി ജൂനിയര്‍ ഏഷ്യാ കപ്പ്.

ഹാട്രിക് ഉള്‍പ്പടെ പാകിസ്താന്‍ വലയില്‍ നാലു ഗോളുകള്‍ നിറച്ച അരയ്ജീത് സിംഗ് ഹുന്‍ഡാലാണ് ഇന്ത്യന്‍ നിരയുടെ നട്ടെല്ലായത്. 4,8,47,54 മിനിട്ടുകളിലായിരുന്നു ഹുന്‍ഡാലിന്റെ ഗോളുകള്‍. ദില്‍രാജ് സിംഗാണ് ഒരു ഗോള്‍ നേടിയത്. പാകിസ്ഥാന് വേണ്ടി സൂഫിയാന്‍ ഇരട്ട ഗോളുകള്‍ നേടി. ഹനാന്‍ ഷാഹിദിന്റേതാണ് മൂന്നാം ഗോള്‍. മലേഷ്യയെ 3-1 ന് തകര്‍ത്താണ് ഇന്ത്യ സെമിയില്‍ കയറിയത്.

Tags:    

Similar News