ഫിഡെ ചെസ് വനിതാ ലോകകപ്പ് ഫൈനല്‍ ആവേശകരമായ ടൈബ്രേക്കറിലേക്ക്; ഇന്ത്യന്‍ താരങ്ങളായ കൊനേരു ഹംപി-ദിവ്യ ദേശ്മുഖ് മത്സരം സമനിലയില്‍

ഫിഡെ ചെസ് വനിതാ ലോകകപ്പ് ഫൈനല്‍ ആവേശകരമായ ടൈബ്രേക്കറിലേക്ക്

Update: 2025-07-27 17:31 GMT

ബാത്തുമി: ഫിഡെ ചെസ് വനിതാ ലോകകപ്പ് ഫൈനല്‍ ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ത്യന്‍ താരങ്ങളായ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും തമ്മിലുള്ള വാശിയേറിയ രണ്ടാം മത്സരവും സമനിലയില്‍ കലാശിച്ചു. ഇതോടെ മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങി. തിങ്കളാഴ്ച നടക്കുന്ന ടൈബ്രേക്കറാകും വിജയിയെ നിശ്ചയിക്കുക. 15 മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള രണ്ട് ഗെയിമുകളാണ് ടൈബ്രേക്കര്‍ മത്സരത്തിലുള്ളത്. ഓരോ നീക്കത്തിനുശേഷവും 10 സെക്കന്‍ഡ് നേരം ഇന്‍ക്രിമെന്റ് ലഭിക്കും.

ഇതിനുശേഷവും മത്സരാര്‍ഥികളുടെ സ്‌കോര്‍ സമമായി തുടരുകയാണെങ്കില്‍ 10 മിനിറ്റ് വീതമുള്ള രണ്ടുഗെയിമുകള്‍ കൂടിയുണ്ടാകും. ഇതിലും ഓരോ നീക്കത്തിനുശേഷവും 10 സെക്കന്‍ഡ് സമയം ഇന്‍ക്രിമെന്റായി ലഭിക്കും. തുടര്‍ന്നും സമനിലയാണെങ്കില്‍ അഞ്ച് മിനിറ്റ് വീതമുള്ള രണ്ട് ഗെയിമുകള്‍ കൂടി നടക്കും. ഇതില്‍ മൂന്ന് സെക്കന്‍ഡാണ് ഇന്‍ക്രിമെന്റായി ലഭിക്കുക. വീണ്ടും സമനില വന്നാല്‍ വിജയിയെ കണ്ടെത്താനായി മൂന്ന് മിനിറ്റുള്ള ഒരു ഗെയിം കൂടി നടത്തേണ്ടി വരും.

Similar News