ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ് ദീപശിഖ തെളിയിച്ചു; ഒളിമ്പിക്‌സ് മാതൃകയില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കം; മഹാരാജാസ് കോളേജ് മൈതാനത്ത് ഇനി കൗമാരക്കുതിപ്പിന്റെ നാളുകള്‍
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കം
കൊച്ചി: ഒളിമ്പിക്‌സ് മാതൃകയിലുള്ള പ്രഥമ സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഔദ്യോഗിക തുടക്കം. മഹാരാജാസ് കോളേജ് മൈതാനത്ത് ഇനി കൗമാര താരങ്ങളുടെ മിന്നും പ്രകടനത്തിന്റെ നാളുകള്‍. ചൊവ്വാഴ്ച മുതല്‍ നവംബര്‍ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് കായികമേള. 20,000 താരങ്ങള്‍ മേളയില്‍ പങ്കെടുക്കും.
കായിക മേളയ്ക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷ് ദീപശിഖ തെളിയിച്ചു. നടന്‍ മമ്മൂട്ടിയും മുഖ്യാതിഥിയായി പങ്കെടുത്തു. കായികമേളയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്കുശേഷം ദര്‍ബാര്‍ ഹാളില്‍ നിന്ന് ആരംഭിക്കുന്ന ദീപശിഖ പ്രയാണം വൈകിട്ടോടെ പ്രധാന വേദിയില്‍ എത്തി. മുഖ്യമന്ത്രിയുടെ എവറോളിങ് ട്രോഫി, മേളയുടെ ഭാഗ്യ ചിന്ഹമായ തക്കുടു എന്നിവയോടയുള്ള ദീപശിഖാ പ്രയാണം എംജി റോഡ് വഴിയാണ് പ്രധാന വേദിയിലെത്തിയത്.
സ്റ്റേഡിയത്തില്‍ വെച്ച് ഹൈജംപ് താരം ജുവല്‍ തോമസ് ഏറ്റുവാങ്ങി. തുടര്‍ന്ന് വനിത ഫുട്‌ബോള്‍ താരങ്ങളായ അഖില, ശില്‍ജി ഷാജ, സ്‌പെഷ്യല്‍ വിദ്യാര്‍ത്ഥികളായ യശ്വിത എസ്, അനു ബിനു എന്നിവര്‍ക്ക് ദീപശിഖ കൈമാറി. ഇവരില്‍ നിന്നും മന്ത്രി ശിവന്‍കുട്ടി, പിആര്‍ ശ്രീജേഷ് എന്നിവര്‍ ചേര്‍ന്ന് ദീപശിഖ ഏറ്റുവാങ്ങി. ഇതിനുശേഷം മൈതാനത്ത് സജ്ജമാക്കിയ മേളയുടെ ഭാഗ്യ ചിന്ഹമായ തക്കുടുവിന്റെ കൈകളിലുള്ള വലിയ ദീപശിഖ പിആര്‍ ശ്രീജേഷ് തെളിയിച്ചു. സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ശ്രീലക്ഷ്മിക്കൊപ്പമാണ് ശ്രീജേഷ് ദീപശിഖ തെളിയിച്ചത്.
മാര്‍ച്ച് പാസ്റ്റും മഹാരാജാസ് കോളേജിലെ സിന്തറ്റിക് ട്രാക്കില്‍ നടന്നു. സാംസ്‌കാരിക പരിപാടികളും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടക്കു. ചരിത്രത്തില്‍ ആദ്യമായി കായികമേളയില്‍ പങ്കെടുക്കാന്‍ എത്തിയ പ്രവാസി വിദ്യാര്‍ത്ഥികളെയും സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെയും രാവിലെ 9 മണിയോടെ മന്ത്രി വി ശിവന്‍കുട്ടി സ്വീകരിച്ചു. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ മേളയ്ക്കായുള്ള പ്രധാന പാചകപ്പുരയും മഹാരാജാസ് കോളേജ് മൈതാനത്ത് പ്രവര്‍ത്തനമാരംഭിച്ചു.
ഒളിംപിക്‌സ് മാതൃകയില്‍ സ്‌കൂള്‍ മീറ്റ് നടത്തുന്നത് അഭിനന്ദനാര്‍ഹമാണെന്ന് പിആര്‍ ശ്രീജേഷ് പറഞ്ഞു. ചെറുപ്പത്തില്‍ തന്നെ ഒളിംപിക്‌സിന്റെ ചെറിയൊരു മാതൃക നല്‍കുന്നത് നല്ലത്. കായികമേള കുട്ടികള്‍ക്ക് വളരെ മികച്ച അവസരമാണ്. കുട്ടികള്‍ ഒരുപാട് ഇനങ്ങളില്‍ മത്സരിക്കുന്നുണ്ട്. എന്നാല്‍, ഏത് ഇനമാണ് തനിക്ക് മികച്ചതെന്ന് തെരഞ്ഞെടുക്കണം. ഒരുപാട് ഇനങ്ങളില്‍ പങ്കെടുക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. ദേശീയ അന്തര്‍ ദേശീയ മത്സരങ്ങളില്‍ കേരളത്തിന്റെ പ്രകടനം പരിശോധിക്കണം. കായിക മേള നടന്നത് കൊണ്ട് മാത്രം കായികമേഖല മെച്ചപ്പെടില്ല. ഇവിടെ നിന്ന് എന്ത് ചെയ്യുന്നു എന്നതാണ് വലിയ കാര്യമെന്നും പിആര്‍ ശ്രീജേഷ് പറഞ്ഞു.