ആദ്യ ജയം തേടി മഞ്ഞപ്പട; കലൂരിൽ ഇന്ന് 'ഡൂ ഓർ ഡൈ' പോരാട്ടം; ചെന്നൈയിനെതിരെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ്

Update: 2026-03-07 06:19 GMT

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) സീസണിൽ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ്. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയം രുചിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി, ഇന്ന് ചെന്നൈയിൻ എഫ്.സിയെ നേരിടും. സീസണിലെ കന്നി വിജയമാണ് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ രാത്രി 7:30-ന് ആരംഭിക്കുന്ന ഈ നിർണ്ണായക പോരാട്ടത്തിൽ മഞ്ഞപ്പട ലക്ഷ്യമിടുന്നത്. തുടർച്ചയായ തോൽവികളിൽ നിരാശരാണെങ്കിലും, ഒരു തിരിച്ചുവരവിനായി ആരാധകർ ക്ഷമയോടെ കാത്തിരിക്കുകയാണ്.

നവംബർ 14-ന് നടന്ന സീസണിലെ ഉദ്ഘാടന മത്സരത്തിൽ കരുത്തരായ മോഹൻ ബഗാനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റുകൊണ്ടാണ് ബ്ലാസ്റ്റേഴ്സിന്റെ തുടക്കം. പിന്നീട് ഹോം ഗ്രൗണ്ടിൽ നടന്ന രണ്ടാം മത്സരത്തിൽ മുംബൈ സിറ്റിയോടും ഒരു ഗോളിന് കീഴടങ്ങി. ഐ.എസ്.എല്ലിലെ പുതുമുഖങ്ങളായ ഇന്റർ കാശിയെ തോൽപ്പിക്കാമെന്ന പ്രതീക്ഷയിൽ ഇറങ്ങിയ മൂന്നാം മത്സരത്തിലും ബ്ലാസ്റ്റേഴ്സിന് പിഴച്ചു. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം രണ്ട് ഗോളുകൾ വഴങ്ങി ഇന്റർ കാശിയോട് ബ്ലാസ്റ്റേഴ്സ് പരാജയം സമ്മതിക്കുകയായിരുന്നു. ഇത് ടീമിന് വലിയ തിരിച്ചടിയായി.

ഐ.എസ്.എൽ പ്രതിസന്ധികളും ക്ലബ്ബിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം സീസണിന് മുൻപ് തന്നെ മുൻനിര വിദേശ താരങ്ങൾ പലരും ക്ലബ്ബ് വിട്ടത് ടീമിന് വലിയ പ്രഹരമായിരുന്നു. കളിക്കളത്തിൽ മികച്ചൊരു ഗെയിം പ്ലാൻ പുറത്തെടുക്കാൻ സാധിക്കാത്തതാണ് തുടർച്ചയായ ഈ തോൽവികൾക്ക് പ്രധാന കാരണം. ഇന്നത്തെ എതിരാളികളായ ചെന്നൈയിൻ എഫ്.സിയുടെ നിലയും ആശാവഹമല്ല. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം തോൽക്കുകയും ഒരെണ്ണം സമനില വഴങ്ങുകയും ചെയ്ത ചെന്നൈയിൻ എഫ്.സിയും തങ്ങളുടെ ആദ്യ വിജയത്തിനായിട്ടാണ് ഇന്ന് കലൂർ സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. അതിനാൽ ഇരു ടീമുകൾക്കും ഈ മത്സരം നിർണ്ണായകമാണ്.

Tags:    

Similar News