സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്റുകള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു; ആഘോഷത്തിനായി കുട്ടികളില്‍നിന്ന് പിരിച്ച തുക തിരികെ നല്‍കി; സ്‌കൂളുകളെ വര്‍ഗീയ പരീക്ഷണശാലകളാക്കാന്‍ അനുവദിക്കില്ല; ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ മാനേജ്‌മെന്റുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്റുകള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു

Update: 2025-12-21 11:10 GMT

തിരുവനന്തപുരം: ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ച സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്റുകള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ആഘോഷത്തിനായി കുട്ടികളില്‍നിന്ന് പിരിച്ച തുക തിരികെ നല്‍കുകയും ചെയ്ത നടപടിക്കതിരെയാണ് മന്ത്രി രംഗത്തുവന്നത്.

ഞായറാഴ്ച ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിലപാട് വ്യക്തമാക്കിയത്. കേരളം പോലെ ഉയര്‍ന്ന ജനാധിപത്യബോധവും മതനിരപേക്ഷ സംസ്‌കാരവുമുള്ള ഒരു സംസ്ഥാനത്ത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണിതെന്നും മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ മനുഷ്യനെ വിഭജിക്കുന്ന സങ്കുചിത മോഡലുകള്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ജാതി-മത ചിന്തകള്‍ക്കപ്പുറം കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിക്കുകയും വളരുകയും ചെയ്യുന്ന ഇടങ്ങളില്‍ വേര്‍തിരിവിന്റെ വിഷവിത്തുകള്‍ പാകാന്‍ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ഓണവും ക്രിസ്മസും പെരുന്നാളുമെല്ലാം കേരളത്തിലെ വിദ്യാലയങ്ങളില്‍ ഒരുപോലെ ആഘോഷിക്കപ്പെടേണ്ടവയാണ്. ഇത്തരം ഒത്തുചേരലുകളിലൂടെയാണ് കുട്ടികള്‍ പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും പഠിക്കുന്നത്.

ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും ബാധ്യതയുണ്ട്. എയ്ഡഡ് ആയാലും അണ്‍ എയ്ഡഡ് ആയാലും വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് രാജ്യത്തെ നിയമങ്ങള്‍ക്കും വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കും അനുസൃതമായാണ്. സങ്കുചിതമായ രാഷ്ട്രീയ-വര്‍ഗീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഇടമായി വിദ്യാലയങ്ങളെ മാറ്റാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

പാഠപുസ്തകങ്ങളിലെ അറിവിനപ്പുറം, സഹജീവി സ്നേഹവും ബഹുസ്വരതയുമാണ് വിദ്യാലയങ്ങള്‍ പഠിപ്പിക്കേണ്ടത്. അവിടെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആഘോഷങ്ങള്‍ക്ക് മാത്രം വിലക്കേര്‍പ്പെടുത്തുന്നത് വിവേചനമാണ്.

ഇത്തരം പ്രവണതകള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍, വിഷയത്തില്‍ അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളെ വര്‍ഗീയതയുടെ കള്ളികളില്‍ ഒതുക്കാതെ അവരെ കുട്ടികളായി കാണണം. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ അന്തസ്സിനും പാരമ്പര്യത്തിനും കോട്ടം തട്ടുന്ന ഒരു നീക്കവും അനുവദിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു.

Tags:    

Similar News