പാലസ്തീന്‍ അനുകൂല നിലപാട്: ടഫ്റ്റ്സ് സര്‍വകലാശാല വിദ്യാര്‍ത്ഥിനി ക്കെതിരായ നാടുകടത്തല്‍ നടപടി കോടതി റദ്ദാക്കി

Update: 2026-02-10 14:41 GMT

മസാച്യുസെറ്റ്സ് :പാലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ട്രംപ് ഭരണകൂടം തടങ്കലിലാക്കിയ ടഫ്റ്റ്സ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനി റുമൈസ ഓസ്തുര്‍ക്കിനെ നാടുകടത്താനുള്ള നീക്കം ഇമിഗ്രേഷന്‍ കോടതി തടഞ്ഞു. ഓസ്തുര്‍ക്കിനെ നാടുകടത്താന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടികള്‍ അവസാനിപ്പിച്ചത്.

2025 മാര്‍ച്ചില്‍ മസാച്യുസെറ്റ്സിലെ സോമര്‍വില്ലിലുള്ള വീടിന് പുറത്തുനിന്നാണ് വേഷപ്രച്ഛന്നരായ ഉദ്യോഗസ്ഥര്‍ ഓസ്തുര്‍ക്കിനെ പിടികൂടിയത്. ഒരു മാസത്തിലധികം അവര്‍ തടങ്കലിലായിരുന്നു.

ഇസ്രായേലിനെ വിമര്‍ശിച്ച് സര്‍വകലാശാല പത്രത്തില്‍ ലേഖനം എഴുതിയതാണ് ട്രംപ് ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. ഭീകരവാദ ബന്ധം ആരോപിച്ചായിരുന്നു നടപടിയെങ്കിലും ഇതിന് തെളിവില്ലെന്ന് പിന്നീട് വ്യക്തമായി.

ഓസ്തുര്‍ക്കിന്റെ വിസ റദ്ദാക്കിയതും അറസ്റ്റ് ചെയ്തതും രാഷ്ട്രീയ പ്രേരിതമാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു.

നീതിന്യായ വ്യവസ്ഥയിലെ പോരായ്മകള്‍ക്കിടയിലും ഈ വിധി എന്നെപ്പോലെ വേട്ടയാടപ്പെട്ടവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു,' എന്ന് തുര്‍ക്കി സ്വദേശിയായ ഓസ്തുര്‍ക്ക് പ്രതികരിച്ചു.

പാലസ്തീന്‍ അനുകൂലികളായ വിദേശ വിദ്യാര്‍ത്ഥികളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യം വെച്ചുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരെയുള്ള വലിയൊരു വിജയമായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്. ഹമാസ് അനുകൂലികളായ വിദേശികളെ നാടുകടത്തുമെന്ന് നേരത്തെ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു.

Similar News