നാന്‍സി ഗുത്രിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം 2 ലക്ഷം ഡോളറായി ഉയര്‍ത്തി

Update: 2026-02-18 14:52 GMT

മില്‍വാക്കി:പ്രശസ്ത അമേരിക്കന്‍ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാന്‍സി ഗുത്രിയെ (84) കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് മില്‍വാക്കിയില്‍ നിന്നുള്ള അഭിഭാഷകന്‍ മൈക്കല്‍ ഹൂപ്പി ഒരു ലക്ഷം ഡോളര്‍ (ഏകദേശം 83 ലക്ഷം രൂപ) പ്രതിഫലം പ്രഖ്യാപിച്ചു.

മില്‍വാക്കി ക്രൈം സ്റ്റോപ്പേഴ്‌സ് പ്രസിഡന്റ് കൂടിയായ ഹൂപ്പി, തന്റെ വ്യക്തിപരമായ സമ്പാദ്യത്തില്‍ നിന്നാണ് ഈ തുക വാഗ്ദാനം ചെയ്തിരിക്കുന്നത്. വിവരങ്ങള്‍ നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. നിലവില്‍ എഫ്.ബി.ഐയും (FBI) ഒരു ലക്ഷം ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.

ഫെബ്രുവരി 1-നാണ് അരിസോണയിലെ ട്യൂസണിലുള്ള വീട്ടില്‍ നിന്ന് നാന്‍സിയെ കാണാതായത്. നാന്‍സിയുടെ വീടിന് പുറത്ത് മാസ്‌ക് ധരിച്ച ഒരാള്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ ഡോര്‍ബെല്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു.

കേസില്‍ കുടുംബാംഗങ്ങള്‍ക്ക് പങ്കില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. നാന്‍സിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറയും വീടിന് സമീപത്ത് നിന്ന് ലഭിച്ച ഗ്ലൗസും (Glove) കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

അരിസോണ പോലീസും എഫ്.ബി.ഐയും ഈ കേസ് കൈകാര്യം ചെയ്യുന്ന രീതിയില്‍ മൈക്കല്‍ ഹൂപ്പി അതൃപ്തി രേഖപ്പെടുത്തി. 84 വയസ്സുള്ള വയോധികയെ കണ്ടെത്താനുള്ള അന്വേഷണം ഇതിലും വേഗത്തിലും കാര്യക്ഷമമായും നടക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.തന്റെ അമ്മയെ സുരക്ഷിതമായി തിരികെ എത്തിക്കണമെന്ന് സവന്ന ഗുത്രി കണ്ണീരോടെ കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു.

Similar News