സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടറായി ശശിധരന്‍ നായരെ തിരഞ്ഞെടുത്തു
ഹൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി മുതിര്‍ന്ന ബിസിനസ് ലീഡറും ഫൊമയുടെ സ്ഥാപക പ്രസിഡന്റുമായ ശശിധരന്‍ നായരെ തിരഞ്ഞെടുത്തു.
1990-കളുടെ തുടക്കത്തില്‍ തന്നെ ഹൂസ്റ്റണില്‍ ബിസിനസ് സംരംഭങ്ങള്‍ വിജയകരമായി വിപുലീകരിച്ച ആദ്യകാല മലയാളികളില്‍ ഒരാളാണ് ശശിധരന്‍ നായര്‍. ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തില്‍ അങ്ങേയറ്റം ആദരിക്കപ്പെടുന്ന അദ്ദേഹം, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ (MAGH) പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍, ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍ തുടങ്ങിയ വിവിധ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍-അമേരിക്കന്‍ സമൂഹവും മുഖ്യധാരാ അമേരിക്കന്‍ സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
അമേരിക്കയില്‍ ബിസിനസ് രംഗത്തേക്ക് കടന്നുവരാനും തൊഴില്‍പരമായും വ്യക്തിപരമായും വിജയം കൈവരിക്കാനും നിരവധി പേര്‍ക്ക് അദ്ദേഹം മാര്‍ഗദര്‍ശിയായിട്ടുണ്ട്. ജീവകാരുണ്യ രംഗത്തും സജീവ സാന്നിധ്യമായ ശശിധരന്‍ നായര്‍, കേരളത്തിന്റെ വികസനത്തിനും ക്ഷേമത്തിനുമായി നിരവധി സംഭാവനകള്‍ നല്‍കി വരുന്നു.
ശശിധരന്‍ നായരുടെ നേതൃത്വം ചേംബറിന്റെ പ്രവര്‍ത്തനങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കാനും, സമൂഹത്തിന് പ്രയോജനപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനും സഹായിക്കുമെന്ന് ചേംബര്‍ പ്രസിഡന്റ് ഡോ. ജോര്‍ജ് കാക്കനാട്ട് പറഞ്ഞു.
അദ്ദേഹത്തിന്റെ ദീര്‍ഘകാലത്തെ ബിസിനസ് അനുഭവങ്ങളും സാമൂഹിക ഇടപെടലുകളും സംഘടനയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് വൈസ് പ്രസിഡന്റ് ജോമോന്‍ ഇടയാടിയില്‍ തന്റെ ആശംസാ സന്ദേശത്തില്‍ അറിയിച്ചു. ശശിധരന്‍ നായരുടെ നേതൃത്വത്തില്‍ ചേംബറിന് വന്‍ വളര്‍ച്ചയും സഹകരണവും സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേല്‍ക്കുന്ന ശശിധരന്‍ നായരെ സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സ് സ്വാഗതം ചെയ്തു.