ഡോണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചടങ്ങിലേക്കുള്ള വിശിഷ്ടാതിഥികളുടെ പട്ടികയില്‍ നരേന്ദ്രമോദിയില്ല
വാഷിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്കുള്ള വിശിഷ്ടാതിഥികളുടെ പട്ടിക പുറത്തു വിട്ടു. ജനുവരി 20 നാണ് ചടങ്ങ് നടക്കുന്നത്. യു എസ് സമയം ഉച്ചയ്ക്ക് 12 മണിക്ക് ചടങ്ങ് തുടങ്ങും. പരിപാടി വാഷിംഗ്ടണ്‍ ഡി സിയിലെ യു എസ് കാപ്പിറ്റോളിലാണ് നടക്കുക. എന്നാല്‍ ചടങ്ങിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതുവരെ ക്ഷണമില്ല. ട്രംപിന്റെ വിശ്വസ്തരും നേരത്തെ അദ്ദേഹവുമായി ഉടക്കിയവരും ഉള്‍പ്പെടെ പട്ടികയിലുള്ളപ്പോഴാണ് മോദിക്ക് ക്ഷണം ലഭിക്കാതിരുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങ് ഉച്ചയ്ക്ക് ഔദ്യോഗികമായി ആരംഭിക്കും. അതിനുശേഷം അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അമേരിക്കയുടെ 47ാമത് പ്രസിഡന്റാകും. ഫെഡറലല്‍ അവധി ദിനമായ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ ദിനമാണ് ജനുവരി 20 എന്ന പ്രത്യേകത കൂടിയുണ്ട്.തന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി ട്രംപ് വ്യക്തിപരമായി നിരവധി വിദേശ നേതാക്കള്‍ക്ക് ക്ഷണം അയച്ചിട്ടുണ്ട്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, 'ലോകത്തിലെ ഏറ്റവും മികച്ച സ്വേച്ഛാധിപതി' എന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്ന സാല്‍വഡോര്‍ പ്രസിഡന്റ് നയിബ് ബുകെലെ, അര്‍ജന്റീനിയന്‍ പ്രസിഡന്റ് ജാവിയര്‍ മിലി, തീവ്ര വലതുപക്ഷ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി അടക്കമുള്ളവര്‍ പട്ടികയില്‍ ഉണ്ട്. ബുകെലെയ്ക്ക് ക്ഷണം ലഭിച്ചതായി യുഎസിലെ സാല്‍വഡോര്‍ അംബാസഡര്‍ സ്ഥിരീകരിച്ചു, പക്ഷേ അദ്ദേഹം പങ്കെടുക്കുമോ എന്നത് വ്യക്തമല്ല. മുന്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്കും തീവ്ര വലതുപക്ഷ ഫ്രഞ്ച് രാഷ്ട്രീയക്കാരനായ എറിക് സെമ്മറിനും ഭാര്യയ്ക്കും ക്ഷണം ലഭിച്ചതായി പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു.
ചടങ്ങില്‍ പങ്കെടുക്കുമെന്ന് നിലവിലെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രാഷ്ട്രനേതാക്കള്‍ക്ക് പുറമെ നിരവധി വി.വി.ഐപികളും ചടങ്ങില്‍ ഉണ്ടാകും. ട്രംപിന്റെ പ്രധാന സുഹൃത്തായ ശതകോടീശ്വരന്‍ എലോണ്‍ മസ്‌കും ഇന്ത്യന്‍ അമേരിക്കന്‍ സംരംഭകനായ വിവേക് രാമസ്വാമിയും സത്യപ്രതിജ്ഞയില്‍ ഉണ്ടാകും.