ടെക്‌സാസ് ഒക്കലഹോമ റീജിയണ്‍ ഇന്റര്‍ പാരിഷ് ടാലന്റ് ഫെസ്റ്റ് 2025 ഓഗസ്റ്റ് 1, 2, 3 തീയതികളില്‍: കിക്കോഫ് നടത്തി
പെയര്‍ലാന്‍ഡ്: ചിക്കാഗോ സീറോ മലബാര്‍ കാത്തലിക് രൂപതയുടെ കീഴിലുള്ള എട്ട് ഇടവകകളും ഒരു മിഷനും ചേരുന്ന ടെക്‌സാസ് ഒക്കലഹോമ റീജിയണ്‍ ഇന്റര്‍ പാരിഷ് ടാലന്റ് ഫെസ്റ്റ് 2025 ഓഗസ്റ്റ് 1, 2, 3 തീയതികളില്‍ നടത്തുവാന്‍ തീരുമാനിച്ചു. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഫെസ്റ്റ് ഹൂസ്റ്റണിലെ പെയര്‍ലാന്‍ഡ് സെയ്ന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ഇടവകയാണ് ഈ പ്രാവശ്യം ഏറ്റെടുത്ത് നടത്തുന്നത്.
സ്റ്റാഫോര്‍ഡിലെ ഇമ്മാനുവേല്‍ ഹാളിലാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്. അഞ്ഞൂറിലധികം മത്സരാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളുമടക്കം രണ്ടായിരത്തിലധികംപേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഫെസ്റ്റിന്റെ കിക്കോഫ് കഴിഞ്ഞ ഞാറായ്ച്ച കുര്‍ബ്ബാനയ്ക്ക് ശേഷം പിയര്‍ലണ്ട് സെയ്ന്റ് മേരീസ് സീറോ മലബാര്‍ പള്ളിയില്‍ നടന്നു. വികാരിയച്ചന്‍ റെവ. ഫാ. വര്‍ഗ്ഗീസ് ജോര്‍ജ് കുന്നത്തിന്റെ (ഡായി അച്ചന്‍) അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ഫെസ്റ്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സറൂം മലയാള സിനിമാ നിര്‍മ്മിതാവുമായ സിജോ വടക്കന്‍ സ്‌പോണ്‍സര്‍ തുക വികാരിയച്ചന് കൈമാറി.
ചിക്കാഗോ രൂപതയുടെ കീഴില്‍ നടക്കുന്ന ഇതുപോലുള്ള ഫെസ്റ്റുകള്‍ കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ വളര്‍ത്താനും മറ്റുള്ള ഇടവകകളിലെ അംഗങ്ങളുമായി സൗഹൃദം സ്ഥാപിക്കാനുമുള്ള നല്ലൊരവസരമാകുമെന്നും, അതിന് ട്രിനിറ്റി ഗ്രൂപ്പിന്റെ എല്ലാ സഹകരണവും ഉണ്ടാകുമെന്നും ശ്രീ സിജോ വടക്കന്‍ പറഞ്ഞു. മെയിന്‍ കോഓര്‍ഡിനേറ്റര്‍ ഫ്‌ലെമിംഗ് ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു.
ഈ ഫെസ്റ്റിന് വേണ്ടി ചിക്കാഗോ രൂപതയുടെ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് രക്ഷാധികാരിയും വികാരിയച്ചന്‍ റെവ. ഫാ. വര്‍ഗ്ഗീസ് ജോര്‍ജ് കുന്നത്ത് ഇവന്റ് ഡയറക്ടറായും പതിനൊന്നംഗ കമ്മിറ്റി രൂപീകരിച്ചു. മെയിന്‍ കോഓര്‍ഡിനേറ്റര്‍ ഫ്‌ലെമിംഗ് ജോര്‍ജ്, കൈക്കാരന്‍മാരായ ബെന്നിച്ചന്‍ ജോസഫ്, സിബി ചാക്കോ, ഷാജു നേരെപറമ്പില്‍, റെജി സെബാസ്റ്റ്യന്‍ , കൂടാതെ ജോഷി വര്‍ഗീസ്, അഭിലാഷ് ഫ്രാന്‍സിസ്, ആനി അബ്രഹാം, ജയ്‌സി സൈമണ്‍, അലീന ജോജോ എന്നിവരാണ് ഈ കമ്മിറ്റിയിലുള്ളത്.