ഐ. പി. സി കുടുംബ സംഗമം പ്രമോഷണല്‍ മീറ്റിംഗുകള്‍ക്ക് ന്യൂയോര്‍ക്കില്‍ തുടക്കമാകും.

Update: 2025-01-28 12:19 GMT

- നിബു വെള്ളവന്താനം (നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കയിലെ ഐ. പി. സി. സഭകളുടെ 20- മത് കുടുംബ സംഗമത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയുടെ പ്രമുഖ പട്ടണങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രമോഷണല്‍ മീറ്റിംഗുകള്‍ക്ക് ന്യൂയോര്‍ക്കില്‍ തുടക്കമാകും.

ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിശ്വാസ സമൂഹത്തിനെ പങ്കെടുപ്പിച്ചുകൊണ്ട് പ്രീ - കോണ്‍ഫറന്‍സും സംഗീതസന്ധ്യയും മാര്‍ച്ച് 9 ഞായറാഴ്ച വൈകിട്ട് 5.30 ന് ന്യൂയോര്‍ക്ക് ലെവി ടൗണ്‍ ഇന്ത്യ ക്രിസ്ത്യന്‍ അസംബ്ലി സഭാ ഹാളില്‍ വച്ച് നടത്തപ്പെടും. ഐ.പി.സി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ ഷിബിന്‍ സാമുവല്‍ മുഖ്യ പ്രഭാഷണം നടത്തും.

കോണ്‍ഫ്രന്‍സ് ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ സാം വര്‍ഗീസ്, ഫിന്നി എബ്രഹാം, ഏബ്രഹാം മോനീസ് ജോര്‍ജ്, റോബിന്‍ ജോണ്‍, സൂസന്‍ ജോണ്‍സണ്‍ തുടങ്ങിയവര്‍ കുടുംബസംഗമത്തിന്റെ ഇതുവരെയുള്ള ക്രമീകരണ പുരോഗതികള്‍ വിശദീകരിക്കും.

സമ്മേളനത്തില്‍ പങ്കെടുത്ത് സ്പോണ്‍സര്‍ഷിപ്പും രജിസ്ട്രേഷനും ഭാരവാഹികളെ ഏല്പിക്കുവാന്‍ ഈ അവസരം വിനിയോഗിക്കണമെന്ന് നാഷണല്‍ സെക്രട്ടറി ഫിന്നി എബ്രഹാം അറിയിച്ചു. കോണ്‍ഫറന്‍സിന്റെ ദേശീയ പ്രതിനിധികളായ പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്, സാം മേമന, പാസ്റ്റര്‍ ഡോ. ജോര്‍ജ് മാത്യു, പാസ്റ്റര്‍ എബ്രഹാം മാത്യു എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

വടക്കേ അമേരിക്കയിലും, കാനഡയിലും പാര്‍ക്കുന്ന ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ അംഗങ്ങളും, കോണ്‍ഫ്രന്‍സ് അഭ്യുദയകാംക്ഷികളുമായി നിരവധി പേര്‍ പങ്കെടുക്കുന്ന ചതുര്‍ദിന സമ്മേളനം ജൂലൈ 17 മുതല്‍ 20 വരെ കാനഡയിലെ എഡ്മന്റണില്‍ വെച്ചാണ് നടത്തപ്പെടുന്നത്. രജിസ്ട്രേഷന്‍ നിരക്കില്‍ ഇളവോടുകൂടി ലഭിക്കുന്നതിന്റെ അവസാന തീയതി മാര്‍ച്ച് 31. കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനായാസേന കോണ്‍ഫ്രന്‍സ് വെബ്സൈറ്റ് (www.ipcfamilyconference.org) വഴിയും രജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയും.

വാര്‍ത്ത: നിബു വെള്ളവന്താനം (നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

Similar News