കാല്‍വറി പെന്തെക്കോസ്തല്‍ ചര്‍ച്ച് ഡാളസ് 20-ാമത് വാര്‍ഷികവും സ്തോത്രശുശ്രൂഷയും ആഗസ്റ്റ് 8-10 വരെ

Update: 2025-08-07 10:38 GMT

ഡാളസ്: ഐ.പി.സി. കാല്‍വറി പെന്തെക്കോസ്തല്‍ ചര്‍ച്ച് വിജയകരമായ 20 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് കണ്‍വന്‍ഷനും സെമിനാറും സ്തോത്ര ശുശ്രൂഷയും 8, 9, 10 തീയതികളില്‍ നടക്കും. ജൂലൈ 31 വാര്‍ഷികം ആഗോഷിക്കുന്നതിന്റെ ഭാഗമായി ജൂലൈ 1 മുതല്‍ പ്രോഗ്രാമുകള്‍ നടത്തിവരുന്നു. ഇതിന്റെ സമാപനമായിട്ടാണ് കണ്‍വന്‍ഷനും സെമിനാറും സ്തോത്ര ശുശ്രൂഷയും നടത്തുന്നത്.

2005 ജൂലൈ 31 ന് ആരംഭം കുറിച്ച സഭാപ്രവര്‍ത്തനം ആദ്യവര്‍ഷങ്ങളില്‍ സെവന്‍ന്ത് ഡേ അഡ്വന്റിസ്റ്റ് ചര്‍ച്ച് വക വാടകക്കെട്ടിടത്തിലാണ് ആരാധനയും മീറ്റിംഗുകളും നടത്തിയിരുന്നത്. ആദ്യവര്‍ഷങ്ങളില്‍ തന്നെ അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിച്ച സഭ 2010 ല്‍ ഡാളസിലെ പ്രസിദ്ധമായ റിച്ചാര്‍ഡ്സണ്‍ സിറ്റിയില്‍ ഏതാണ്ട് മൂന്നര ഏക്കര്‍ സ്ഥലം വാങ്ങി മനോഹരമായ സഭാഹാളും വിശാലമായ ഫെലോഷിപ്പ്, സണ്‍ഡേസ്‌കൂള്‍ ക്ലാസ്സുകള്‍ക്കുമായി ഒരു കെട്ടിട സമുച്ചയം പണിയുകയും അവിടേക്ക് പ്രവര്‍ത്തനങ്ങള്‍ മാറുകയും ചെയ്തു. സഭ ഡാളസിലെ പ്രമുഖ സ്ഥലത്തായതുകൊണ്ട് പുതിയ കുടുംബങ്ങള്‍ ആരാധനകളില്‍ പങ്കെടുക്കാന്‍ വന്നു.

2020 ല്‍ സണ്‍ഡേസ്‌കൂളിനായി രണ്ടുനില കെട്ടിടം പണിതു. 1 മുതല്‍ 12 ക്ലാസുവരെ സണ്‍ഡേസ്‌കൂളും ചില്‍ഡ്രന്‍സ് ചര്‍ച്ച്, യൂത്ത് മീറ്റിംഗുകള്‍ തുടങ്ങി യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള പ്രോഗ്രാമുകള്‍ നടത്തിവരുന്നു.

പ്രഥമ പാസ്റ്റര്‍ വീയപുരം ജോര്‍ജ്ജുകുട്ടി തുടര്‍ന്ന് പാസ്റ്റര്‍മാരായ ജോര്‍ജ് കുട്ടി, കെ.ജെ. കുര്യാക്കോസ്, റോയി ആന്റണി, ഡോ. ജോണ്‍ കെ. മാത്യു തുടങ്ങിയവര്‍ ശുശ്രൂഷകന്മാരായി സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോള്‍ സീനിയര്‍ പാസ്റ്റര്‍ തോമസ് യോഹന്നാന്‍, അസോ. പാസ്റ്റര്‍ ജെയ് ജോണ്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.

ബ്രദര്‍ ബോബി തോമസ് സെക്രട്ടറിയായും ബ്രദര്‍ സിറില്‍ ബഞ്ചമിന്‍ ട്രഷറാരായും പ്രവര്‍ത്തിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായുള്ള സമാപന സമ്മേളനത്തില്‍ 8 വെള്ളി വൈകുന്നേരം പാസ്റ്റര്‍ ലിബിന്‍ ഏബ്രഹാം One Generation Away എന്ന വിഷയത്തെക്കുറിച്ചും, 9 ന് രാവിലെ നടക്കുന്ന ഫാമിലി സെമിനാറില്‍ പാസ്റ്റര്‍ എറിക് വു്ടര്‍ കമ്മ്യൂണിക്കേഷന്‍ എന്ന വിഷയത്തെക്കുറിച്ചും വൈകുന്നേരം പാസ്റ്റര്‍ സന്തോഷ് തര്യന്‍ പ്രഭാഷണവും നടത്തും. 10ന് ഞായറാഴ്ച രാവിലനെ ആരാധനയും സ്തോത്ര ശുശ്രൂഷയും നടക്കും. വാര്‍ഷികപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നന് റെജി & ക്രിസ്റ്റി ജോണ്‍ ദമ്പതികളെയാണ് സഭ ചുമതലപ്പെടുത്തിയിരിക്കുന്നത്.

വാര്‍ത്ത : എസ്.പി. ജയിംസ്

Similar News