അയ്യപ്പപൂജയോടെ പ്രവര്‍ത്തനാരംഭം കുറിക്കുന്ന കെ.എച്ച്.എന്‍.എ. നവ നേതൃത്വം
കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഭരണരംഗത്തു തലമുറ മാറ്റത്തിന്റെ ശുഭ സൂചന കുറിച്ച ഉണ്ണികൃഷ്ണന്‍, സിനു നായര്‍, അശോക് മേനോന്‍, സഞ്ജീവ് കുമാര്‍, ശ്രീകുമാര്‍ ഹരിലാല്‍, അപ്പുകുട്ടന്‍ പിള്ള, വനജ നായര്‍, ഡോ: സുധിര്‍ പ്രയാഗ എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയുടെ ഒക്ടോബര്‍ 4 നു നടക്കുന്ന ഔപചാരികമായ അധികാരമേറ്റെടുക്കലിന്റെ പ്രാരംഭമായി ഒക്ടോബര്‍ 3
വെള്ളിയാഴ്ച്ച വൈകുന്നേരം ടാമ്പാ അയ്യപ്പ ക്ഷേത്രത്തില്‍ പ്രത്യേക പൂജയും വഴിപാടുകളും നടത്തുന്നു.വടക്കെ അമേരിക്കയിലെ ആബാലവൃദ്ധം ഹിന്ദു വിശ്വാസികളെ ഏകീകരിച്ചും ഇതര മത വിഭാഗങ്ങളില്‍ സമദര്‍ശനത്തിന്റെ സന്ദേശമെത്തിച്ചും സംഘടനയെ ഒരു മികച്ച ഹൈന്ദവ സാംസ്‌കാരിക വേദിയാക്കാനുള്ള നീക്കത്തില്‍ യാതൊരു വിഘ്നങ്ങളും ഉണ്ടാകാതിരിക്കാന്‍ ഭഗവാന്‍ വിഗ്‌നേശ്വരനെ പ്രീതിപ്പെടുത്തിയും സാമവേദ പൊരുളായ ശാസ്താവിനെ വണങ്ങിയും പുതിയ നേതൃത്വം മാതൃകയാകുകയാണ്.
കലിയുഗവരദനായ അയ്യപ്പന്റെ ശരണം വിളികളും ഐകമത്യ സൂത്രത്തിന്റെ മന്ത്രധ്വനികളുംസമന്വയിക്കുന്ന ക്ഷേത്രാങ്കണത്തില്‍ കെ.എച്ച്.എന്‍.എ. ഡയറക്ടര്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍, മുന്‍ ഭാരവാഹികള്‍, പ്രാദേശിക ഹിന്ദു സംഘടന നേതാക്കള്‍ അനുഭാവികള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ അറിയിക്കുന്നു.