സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തനോദ്ഘാടനവും സെന്റ് തോമസ് ദിനാചരണവും സമുചിതമായി ആഘോഷിച്ചു

Update: 2025-08-01 10:23 GMT

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ്. തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2025-26 പ്രവര്‍ത്തന വര്‍ഷത്തിന്റെ ഉദ്ഘാടനവും സെന്റ്. തോമസ് ദിനാചരണവും 2025 ജൂലൈ 27-ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് എല്‍മോണ്ടിലുള്ള വിന്‍സെന്റ് ഡി പോള്‍ മലങ്കര കത്തോലിക്കാ കത്തീഡ്രലില്‍ വെച്ച് വര്‍ണ്ണാഭമായി നടന്നു.

മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സഭകളുടെ മേല്‍ഘടകങ്ങളില്‍ മാത്രമല്ല, നമ്മുടെ ആരാധന സമൂഹങ്ങളിലും എക്യൂമെനിക്കല്‍ കൂട്ടായ്മ ആധുനികകാലഘട്ടത്തിന്റെ ആവശ്യമാണ്. മലങ്കര സഭയുടെ അപ്പോസ്‌തോലനായ വിശുദ്ധ തോമാശ്ലീഹായുടെ 'എന്റെ കര്‍ത്താവും എന്റെ ദൈവവുമേ ' എന്ന വിശ്വാസപ്രഖ്യാപനം പോലെ, അതേ ആത്മാര്‍ത്ഥതയോടെ ക്രൈസ്തവ ഐക്യത്തിനുവേണ്ടി നാം നിലകൊള്ളേണമെന്നു മാര്‍ പൗലോസ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു

മലങ്കര കത്തോലിക്കാ സഭയുടെ യുഎസ്-കാനഡ ഭദ്രാസനാധ്യക്ഷന്‍ മോസ്റ്റ് റവ. ഡോ. ഫിലിപ്പോസ് മാര്‍ സ്‌തെഫാനോസ് മുഖ്യപ്രഭാഷണം നടത്തി. 'ക്രൈസ്തവ സഭകളുടെ ഐക്യം ഇന്നത്തെ സാമൂഹിക-ആധ്യാത്മിക സാഹചര്യത്തില്‍ വളരെ ആവശ്യമായ ഒന്നാണ്. വിശ്വാസസ്വാതന്ത്ര്യത്തിന് എതിരായ നടപടികളായി ഇന്ത്യയിലെ ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന നടപടി അപലനീയമാണ്,'' എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

എപ്പിസ്‌കോപ്പല്‍ സഭയുടെ ബിഷപ്പായ ഡോ. ജോണ്‍സി ഇട്ടി അനുഗ്രഹപ്രഭാഷണം നടത്തി. ''ഒന്നിച്ചുകൂടാനും, ഒന്നിച്ചു ഭക്ഷിപ്പാനും, ഒന്നിച്ച് പാടാനും, ഒന്നിച്ച് ചിരിക്കാനും, ആവശ്യം വരുമ്പോള്‍ ഒരുമിച്ച് കരയാനും കഴിയേണ്ടതാണ് ഈ ക്രൈസ്തവ കൂട്ടായ്മയുടെ സാര്‍ത്ഥകത എന്ന് അദ്ദേഹം പറഞ്ഞു.

ഫെഡറേഷന്‍ പ്രസിഡന്റായ റവ. സാം എന്‍. ജോഷ്വാ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈദീക വൈസ് പ്രസിഡന്റ് റവ. ഫാ. ജോണ്‍ തോമസ് പ്രാരംഭ പ്രാര്‍ത്ഥനയും, റവ. എബ്രഹാം വര്‍ഗീസ് സമാപന പ്രാര്‍ത്ഥനയും നടത്തി. ആത്മായ വൈസ് പ്രസിഡന്റ് അനില്‍ തോമസ് സ്വാഗതവും, ട്രഷറര്‍ ജോര്‍ജ് തോമസ് നന്ദിപ്രസംഗവും അറിയിച്ചു.

ഫെഡറേഷന്റെ മുന്‍ സെക്രട്ടറി സിബു ജേക്കബിന്റെ ആകസ്മിക നിര്യാണത്തില്‍ യോഗം ദുഃഖം രേഖപ്പെടുത്തി. സെക്രട്ടറി ജോബി ജോര്‍ജ് അനുശോചനപ്രസംഗം നടത്തി. സിബു ജേക്കബിന്റെ സ്മരണയ്ക്ക് ഒരു നിമിഷം മൗനം പാലിച്ചതിനുശേഷം, ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി റവ. ബിജു പി. സൈമണ്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി.

എക്യൂമെനിക്കല്‍ ക്വയര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. വിവിധ സഭകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഒരുക്കിയ കലാപരിപാടികളും പരിപാടി വര്‍ണ്ണശബളമാക്കി. ചടങ്ങില്‍ മറ്റ് വൈദികരായ റവ. ഡോ. പ്രമോദ് സഖറിയ, ഫാ. നോബി അയ്യനത്ത്, റവ. ജോസി ജോസഫ്, ഫാ. ജെറി വര്‍ഗീസ് എന്നിവരും സന്നിഹിതരായിരുന്നു.

ഈ സമ്മേളനം സഭാതര ഐക്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഉത്തമ മാതൃകയായി മാറി. വിവിധ സഭകളുടെ സജീവ പങ്കാളിത്തം ഈ ചടങ്ങിനെ ക്രൈസ്തവ ഐക്യത്തിന്റെ ദീപ്തമായ പ്രതീകമായി.

വാര്‍ത്ത അയച്ചു തന്നത്: ഷാജി തോമസ് ജേക്കബ്

Similar News