കൊച്ചി: ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ രഹസ്യസങ്കേതത്തിൽ സൂക്ഷിച്ചിരിക്കുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമെന്ന വിശദീകരണവുമായി കൊച്ചി അമൃത ആശുപത്രി മാനേജ്‌മെന്റ് രംഗത്ത്. കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ പുതിയതായി ജോലിക്ക് കയറിയ നേഴ്സ് ബലാത്സംഗത്തിന് ഇരയായതായും ആശുപത്രിയുടെ സൽപ്പേര് കാത്ത് സൂക്ഷിക്കാനായി ഗുരുതരാവസ്ഥയിലായ നേഴ്സിനെ രഹസ്യ ചികിത്സക്കായി മാറ്റിയതായും വാർത്തകൾ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് അമൃത ആശുപത്രി മാനേജ്‌മെന്റിന്റെ വിശദീകരണം.

അമൃത വിശ്വവിദ്യാപീഠത്തിന്റെ പേരിലുള്ള ലെറ്റർ ഹെഡിലാണു വിശദീകരണക്കുറിപ്പ്. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിലെ നേഴ്‌സിങ് ഡയറക്ടറുടെ ഒപ്പുവച്ച വിശദീകരണക്കുറിപ്പാണു പുറത്തുവന്നത്.

'ചില ഓൺലൈൻ മാദ്ധ്യമങ്ങൾ അമൃത ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ചു തരംതാണ നുണക്കഥകൾ പ്രചരിപ്പിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ ഏതോ രഹസ്യസങ്കേതത്തിൽ പാർപ്പിച്ചിരിക്കുന്നതായാണു വാർത്ത. യാതൊരു അടിസ്ഥാനവുമില്ലാതെ നടത്തുന്ന കുപ്രചാരണമാണിത്. വളരെ സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തെ മനഃപൂർവമായി അപകീർത്തിപ്പെടുത്താനായി മെനഞ്ഞെടുക്കുന്ന കെട്ടുകഥകളായി മാത്രമേ ഇത്തരം ആരോപണങ്ങളെ കാണാൻ കഴിയൂ. ഇതിനെതിരായി ഉചിതമായ നിയമനടപടികൾ സ്വീകരിക്കാനായി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മാനേജ്‌മെന്റ് തീരുമാനിച്ചതായി നേഴ്‌സിങ് ഡയറക്ടർ എം എസ് ബാല അറിയിച്ചു'- എന്നാണു വിശദീകരണക്കുറിപ്പിലുള്ളത്.

വാർത്തകളിൽ പറയുന്ന സംഭവത്തെക്കുറിച്ചു പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ചു മറുനാടൻ മലയാളി അന്വേഷിച്ചപ്പോൾ ഒരു വിവരവും ഇല്ലെന്നായിരുന്നു പൊലീസുകാരുടെ മറുപടി.

മെയ് 31 ന് ആശുപത്രിയിലെ തന്നെ ഒരാൾ പുതിയതായി ജോലിക്ക് കയറിയ ഒരു നേഴ്സിനെ ബലാത്സംഗം ചെയ്തു എന്നതാണ് പ്രധാന ആരോപണമായി രംഗത്തുള്ളത്. ഔദ്യോഗികമായി പൊലീസ് ഇതേക്കുറിച്ച് അജ്ഞത നടിക്കുമ്പോഴും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പോലും സ്വകാര്യ സംഭാഷണത്തിൽ ഇത്തരം ഒരു സംഭവത്തെ കുറിച്ച് സംസാരിക്കുന്നതായി വിവരം പുറത്തുവന്നിരുന്നു. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ആശുപത്രിയിലെ മെഡിക്കൽ ഐസിയുവിൽ ഉണ്ട് എന്നും പിന്നീടു രഹസ്യസങ്കേതത്തിലേക്കു മാറ്റിയെന്നും വാർത്തകൾ വന്നു.

മറുനാടൻ ഈ വാർത്ത റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് അന്വേഷണം ആവശ്യപ്പെട്ട് ആർഎംപി നേതാവ് കെ കെ രമ പൊലീസിനു പരാതി നൽകിയിരുന്നു. ഡിജിപിക്കാണു രമ പരാതി നൽകിയത്. ആശുപത്രിയിൽ നടന്ന ബലാത്സംഗം മറച്ചുവയ്ക്കാൻ നേഴ്‌സുമാരെ ഭീഷണിപ്പെടുത്തുന്നതായും വാർത്തകൾ പുറത്തുവന്നു. ഇതിനിടെയാണു വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി അമൃത ആശുപത്രി അധികൃതർ രംഗത്തെത്തിയത്.