തിരുവനന്തപുരം: അഞ്ച് കുട്ടികളുമായി അന്തിയുറങ്ങാൻ പോലും സ്ഥലമില്ലാതെ അലഞ്ഞുതിരിയുന്ന ഒരു അമ്മ. രാത്രിയിൽ അഞ്ച് മക്കളുമായി ബിന്ദു ട്രെയിനിലൂടെ സഞ്ചരിക്കും. ഈ സമയം കുട്ടികളെ ട്രെയിനിൽ കിടത്തും. എവിടെയെങ്കിലും വെച്ച് ആരെങ്കിലും ഇറക്കി വിട്ടാൽ അവിടെയിറങ്ങും. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഭവങ്ങൾ സംസ്ഥാനത്ത് അടുത്തിടെ വർധിച്ച് വരുന്നത് വാർത്തകളിൽ നിറഞ്ഞിരുന്നു. അഞ്ച് കുട്ടികളുമായി റോഡിനരികിൽ നിന്ന സ്ത്രീയെ കണ്ട് സംശയം തോന്നിയ അമൃത ടിവിയുടെ സംഘമാണ് ഈ ദാരുണ കഥ പുറത്ത് വിട്ടത്. കുട്ടികളെ തട്ടിക്കൊണ്ട് പോകൽ കഥകൾ ഭീതിപരത്തുന്നതിനിടെയാണ് അന്വേഷണാത്മക റിപ്പോർട്ടിങ് പരിപാടിയായ എന്റെ വാർത്ത എന്ന പരിപാടിയാണ് ഇത്തരത്തിൽ ഒരു വാർത്ത പുറത്ത് വിട്ടത്.

തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ സ്ഥലമായ തമ്പാനൂർ റയിൽവെ സ്റ്റേഷനിലാണ് ഈ അമ്മയെയും കുട്ടികളെയും കണ്ടുമുട്ടിയത്. ബിന്ദു എന്ന യുവതിയാണ് തന്റെ മക്കളായ അഞ്ച് പേരെയും കൊണ്ട് അലഞ്ഞുതിരിയുന്നത്. ഇവരിൽ നാല് പേർപെൺകുട്ടികളും ഒരാൾ ആൺകുട്ടിയുമാണ്. നാട്ടിൽ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന വാർത്ത വ്യാപകമായതാണ് ഇവരെ ശ്രദ്ധിക്കാൻ കാരണമായത്. പൊരിവെയിലത്ത് അഞ്ച് കുട്ടികളുമായി കാൽനടയായി റോഡിലൂടെ പോകുന്ന ഇവരെ കണ്ട് സംശയം തോന്നിയതാണ് ഇവരെ ഈ വാർത്ത സംഘം പിന്തുടരാൻ കാരണമായത്.

തിരുവനന്തപുരത്തെ സ്ഥലങ്ങളിലൂടെ ഒരു ലക്ഷ്യമില്ലാതെ സംഘത്തെ ഇവരും പിന്തുടരുകയായിരുന്നു. തമ്പാനൂരിൽ നിന്ന് യാത്ര ആരംഭിച്ച ഇവർ പാളയത്തും സെക്രട്ടേറിയറ്റിനും മുന്നിലൂടെ നഗരം മുഴുവൻ വെയിലത്ത് നടന്ന് ഇവർ വീണ്ടും തമ്പാനൂരിൽ തന്നെയെത്തി. ഈ യാത്രയിൽ ഒന്നും തന്നെ ഈ കുട്ടികൾ പോലും ഭക്ഷണവും കഴിച്ചിരുന്നില്ല.

തൃശൂർ കോടാലി സ്വദേശിനിയായിരുന്ന ബിന്ദു ആലുവ സ്വദേശിയായ ഹരിയെ പ്രണയിച്ച് വിവാഹം ചെയ്തതോടെ ബിന്ദുവിന് സ്വന്ത്ം വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു. ഒറ്റമകളായി വളർന്നതിനാൽ തനിക്ക് അഞ്ച് മക്കളെങ്കിലും വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അഞ്ച് മക്കളുമായി ഒരു കടയും നടത്തി ജീവിച്ചുവരുന്നതിന് ഇടയിലാണ് ഭർത്താവിനെ മോഷണ കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഭർത്താവ് ജയിലിലായതിനെ തുടർന്ന അഞ്ച് മക്കളുമായി വളരെ ബുദ്ധിമുട്ടിയാണ് ബിന്ദു ജീവിതം മുന്നോട്ട് കൊണ്ടുപോയത്. എന്നാൽ വാടക നൽകാൻ കഴിയാതെ വീട് ഒഴിയേണ്ടി വന്നു.

പതിനാല് വയസുകാരി വൈശാഖ്, 9 വയസുകാരി ഹരിത, 7 വയസുള്ള കല്യാണി, നാല് വയസുള്ള കൃഷ്ണപ്രിയ, ഒന്നര വയസുകാരി മിത്ര എന്നിവരാണ് ബിന്ദുവിന്റെ മക്കൾ. പല ജോലികൾ ചെയ്‌തെങ്കിലും ഭക്ഷണ ചെലവിന് പോലും അത് തികഞ്ഞിരുന്നില്ല. ഇപ്പോളും അഭയം തേടിയുള്ള യാത്രയിലാണ് ബിന്ദുവും മക്കളും.

കുട്ടികൾക്ക് ഉറങ്ങാൻ സ്ഥമില്ലാത്തതിനാൽ ബിന്ദു അതിനായി കണ്ടെത്തിയ മാർഗം വിചിത്രമാണ്. ഏതെങ്കിലും ട്രെയിനിൽ കയറും. ടിക്കറ്റ് ചെക്കിങ്ങിന് എത്തുന്നവർ അടുത്ത സ്‌റ്റോപ്പിൽ ഇറങ്ങി വീണ്ടും നടക്കും. കേൾക്കുമ്പോൾ അമ്പരപ്പ് തോന്നുന്ന ജീവതകഥയാണ് ബിന്ദു പറയുന്നത്. സർക്കരും സാമൂഹിക വകുപ്പും ഇനരുടെ ദുരിതം കാണണമെന്നും പരിഹരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.