സ്‌കൂൾ കുട്ടികൾക്കുള്ള ദേശീയ ശാസ്ത്ര അവാർഡായ രാമൻ യംഗ് സയൻസ് ഇന്നൊവേറ്റർ അവാർഡ് (RYSI) ആറാം ക്ലാസ്സ് വിദ്യാർത്ഥിയായ തേജസ് ശ്യാംലാൽ കരസ്ഥമാക്കി. രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള പതിമൂവായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ഈ മത്സരത്തിൽ അഞ്ചു മുതൽ ഏഴ് ക്ലാസ് വരെയുള്ള വിഭാഗത്തിൽ അവസാന റൗണ്ട് വരെ എത്തിയ 41 വിദ്യാർത്ഥികൾക്കാണ് ഈ അവാർഡ് നൽകിയത്. ലളിതമായ മെറ്റീരിയലുകൾ ഉപയോഗിച്ച് എവിടെയും പര്യവേക്ഷണം നടത്തുക, ശാസ്ത്രത്തെ രസകരമായ രീതിയിൽ സമീപിക്കുക തുടങ്ങിയ പ്രവണത കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ രാമൻ റിസേർച്ച് ഇൻസ്റ്റിട്യൂട്ടാണ് ഈ അവാർഡുകൾ നൽകുന്നത്.

ഓരോ വർഷവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്‌കൂളുകൾക്ക് 'സ്‌കൂൾ ഓഫ് സയൻസ് എക്‌സല്ലൻസ്' അവാർഡ് നൽകി രാമൻ റിസേർച്ച് ഇൻസ്റ്റിട്യൂട്ട് ആദരിക്കാറുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും തുടർച്ചയായി പുതിയകാവ് അമൃതവിദ്യാലയം ഈ അവാർഡ് കരസ്ഥമാക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രിൻസിപ്പൽ സ്വാമിനി ശ്രീചരണാമൃത പ്രാണ പറഞ്ഞു.