കൊച്ചി: അമൃത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സൗത്ത് ഏഷ്യയിലെ ആദ്യത്തെ റോബോട്ടിക് സംവിധാനങ്ങൾ അടങ്ങിയ അമൃത അഡ്വാൻസ്ഡ് സെന്റർ ഫോർ റോബോട്ടിക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. വർഷങ്ങൾക്കു മുൻപ് കേരളത്തിലെ ആദ്യത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി ആരോഗ്യരംഗത്ത് ചരിത്രം സൃഷ്ടിച്ച അമൃത അഡ്വാൻസ്ഡ് സെന്റർ ഫോർ റോബോട്ടിക് സർജറിയിലൂടെ നവീനമായ മാറ്റത്തിനു തുടക്കം കുറിച്ചിരിക്കുകയാണ്. അമൃത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ ആരോഗ്യമേഖലയ്ക്കാണ് ഏറ്റവും പരിഗണന നൽകുന്നത്. അതിനു അമൃത പോലുള്ള സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം അനിവാര്യമാണ്. നമ്മുടെ ഡോക്ടർമാരുടെ വൈദ്യഗ്ദ്ധ്യത്തോടൊപ്പം അത്യന്താധുനിക ഉപകരണങ്ങളുടെ പിന്തുണയും കൂടി ലഭിക്കുമ്പോൾ വിദഗ്ദ്ധ ചികിത്സയ്ക്കു വിദേശത്തേക്കു പോകേണ്ടതില്ലെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ലോകോത്തരനിലവാരമുള്ള ചികിത്സാ സൗകര്യങ്ങൾ കേരളത്തിനു ലഭ്യമാകുവാൻ നേതൃത്വം നൽകുന്ന മാതാ അമൃതാനന്ദമയി മഠത്തിന്റെ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ എല്ലാവിധ പിന്തുണയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. വൈദ്യശാസ്ത്ര മേഖലയിൽ അമൃത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസ്സ് നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. പ്രകൃതിയേയും  ഈശ്വരനേയും സ്‌നേഹിക്കുവാൻ നാം മറന്നുപോയിരിക്കുന്നു.  ഈശ്വരന്റെ അനുസരണയുള്ള റോബോട്ടുകളാകുവാൻ മനുഷ്യർക്കു കഴിയാത്തതാണ് ലോകത്തിലെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം. എന്നാൽ ശസ്ത്രക്രിയാ വിദഗ്ദ്ധനെ പൂർണ്ണമായി അനുസരിക്കുന്ന റോബോട്ടുകളാണ് ഇന്നു ഇവിടെ ഉദ്ഘാടനം ചെയ്തത്. ഇതു രോഗികൾക്ക് ആശ്വാസകരമായിരിക്കും.

മന്ത്രി കെ ബാബു റോബോട്ടു പോലുള്ള ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ചികിത്സ കുറ്റമറ്റതാക്കാൻ കഴിയുമെന്നു പറഞ്ഞു. സ്വാശ്രയ മേഖലയിൽ കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജായി പ്രവർത്തനം ആരംഭിച്ച അമൃത അഭൂതപൂർവ്വമായ വളർച്ചയും പാവപ്പെട്ട രോഗികൾക്ക് ഒരു ആശ്വാസ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും പറഞ്ഞു. നവീനമായ ചികിത്സാ സൗകര്യങ്ങൾ സാധാരണ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ എത്തിക്കുന്നതിൽ അമൃത വഹിക്കുന്ന പങ്ക് വലുതാണെന്നും ഗ്രാമപ്രദേശങ്ങളിൽ പോലും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ജനങ്ങൾക്ക് വൈദ്യശാസ്ത്ര മേഖലയിൽ നൽകുന്ന സഹായങ്ങൾ വിലപ്പെട്ടതാണെന്നും ഹൈബി  ഈഡൻ എംഎൽഎ പറഞ്ഞു.

ശസ്ത്രക്രിയാ വിദഗ്ദ്ധർക്ക് ഒരു തരത്തിലുള്ള തെറ്റുകളും വരാതെ ശസ്ത്രക്രിയയുടെ സൂക്ഷ്മതയും കൃത്യതയും തൊണ്ണൂറ്റിയൊമ്പതു ശതമാനം വരെ ഉയർത്താൻ റോബോട്ടിക് സർജറിയിലൂടെ കഴിയുമെന്ന് അമൃത ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പ്രേംനായർ പറഞ്ഞു. അമൃതയിൽ ഇപ്പോൾ മസ്തിഷ്‌ക ശസ്ത്രക്രിയകൾക്കായുള്ള റോബോട്ടിക് സർജിക്കൽ അസിസ്റ്റന്റ് - റോസ, ഗൈനക്കോളജി, യൂറോളജി, ആമാശയ രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾക്കായുള്ള ഡാവിൻഞ്ചി റോബോട്ടിക് ടെക്‌നോളജി എന്നിവയാണ് പ്രയോജനപ്പെടുത്തുന്നത്. അധികം വൈകാതെ എല്ലാ മേജർ ശസ്ത്രക്രിയകളിലും റോബോട്ടിക് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താൻ കഴിയുമെന്നും ഇത് ഈ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ ചെലവിൽ ഏറ്റവും ആധുനികമായ ചികിത്സാസൗകര്യങ്ങൾ സാധാരണക്കാർക്കും ലഭ്യമാക്കുവാൻ അമൃത ആശുപതി എന്നും പ്രതിജ്ഞാബദ്ധമാണെന്നും ഡോ. പ്രേംനായർ
വ്യക്തമാക്കി. അമൃത ആശൂപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സഞ്ജീവ് കെ സിങ്ങ് നന്ദി പ്രകാശിപ്പിച്ചു.