തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പ് താരത്തിളക്കിത്തിലേക്ക് മാറുകയാണ്. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി മന്ത്രിയായ കെബി ഗണേശ് കുമാർ ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കുമ്പോൾ ബിജെപിയും പിന്നോട്ടേക്കില്ല. ഒ രാജഗോപാലിനായി സീരിയൽ താരം അമൃതയാണ് നിറയുന്നത്. ചന്ദന മഴ സീരിയലിലൂടെ താരമായ അമൃതയുടെ കുടുംബയോഗങ്ങളിൽ നല്ല സ്ത്രീ പങ്കാളിത്തമുണ്ട്. ബിജെപി അംഗത്വമെടുത്ത കൊല്ലം തുളസിയും പ്രചരണത്തിൽ സജീവമാണ്. സൂപ്പർ താരം സുരേഷ് ഗോപിയും രാജഗോപാലിനായി വോട്ട് ചോദിക്കാൻ എത്തും.

അങ്ങനെ താരങ്ങളെ രംഗത്തിറക്കി ഓരോ വോട്ടും പെട്ടിയിലാക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് മുന്നണികൾ. ഇടതുപക്ഷത്തിനായി കെ.പി.എ.സി ലളിത അടക്കമുള്ള പ്രമുഖ താരങ്ങൾ മണ്ഡലത്തിലെ പ്രചരണ പരിപാടികളിൽ പങ്കെടുത്തു. കെ.പി.എ.സിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇല്ലാതെ തനിക്കൊരു ജീവിതമില്ലെന്ന് തീപ്പൊരി പ്രസംഗത്തിലൂടെ വോട്ടർമാരെ കയ്യിലെടുത്ത കെ.പി.എ.സി ലളിത പറഞ്ഞു. കൃത്യമായ രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിച്ച് നടൻ ശ്രീകുമാറും വിജയകുമാറിന് വോട്ട് തേടി. മധുപാൽ, ഇർഷാദ്, അനൂപ് ചന്ദ്രൻ തുടങ്ങിയ താരങ്ങളും മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു.

മുകേഷ് കലാഭവൻ മണി എന്നിവരും വരും ദിവസങ്ങളിൽ ഇടതുപക്ഷത്തിനായി രംഗത്തിറങ്ങും. തിരുവനന്തപുരത്ത് ഷൂട്ടിങ്ങിനെത്തിയ മമ്മൂട്ടിയെ വിജയകുമാറും ശബരീനാഥും അദ്ദേഹത്തിന്റെ ലൊക്കേഷനിൽ എത്തി കണ്ടിരുന്നു. കൈരളി ടിവിയുടെ ചെയർമാൻ കൂടിയായ മമ്മൂട്ടി ഇടതു പക്ഷത്തോട് അടുത്ത് നിൽക്കുന്ന വ്യക്തിയാണ്. എന്നാൽ ഇത്തവണ പ്രചരണത്തിന് ഇല്ലെന്ന് വിജയകുമാറിനെ മമ്മൂട്ടി അറിയിച്ചിട്ടുണ്ട്. ഇതുറപ്പിക്കാൻ കൂടിയാണ് ശബരിനാഥനും മമ്മൂട്ടിയെ കണ്ടത്.

ചാലക്കുടി എംപിയായ ഇന്നസെന്റും വരും ദിനങ്ങിൽ പ്രചരണത്തിനെത്തും. എന്നാൽ സരേഷ് ഗോപിയാകും താരം. ആക്ഷൻ ഹീറോയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളുടെ മൂർച്ചയറിയാൻ കാത്തിരിക്കുകയാണ് മലയാളികൾ. അതുകൊണ്ട് തന്നെ സൂപ്പർ താരം സുരേഷ് ഗോപിയാണ് ബിജെപിയുടെ തുറുപ്പ് ചീട്ട്. കൊട്ടിക്കലാശത്തിന് സുരേഷ് ഗോപിയെ രംഗത്ത് ഇറക്കാനാണ് ബിജെപി ക്യാമ്പിന്റെ നീക്കം. അങ്ങനെ അങ്കം കൊഴുപ്പിക്കും. സലിംകുമാർ, ജഗദീഷ് തുടങ്ങിയ താരങ്ങളെ എത്തിക്കാനാണ് കോൺഗ്രസ് നീക്കം.

എന്നാൽ സഹതാപവും വികസനവും മുഖമുദ്രയാകുന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് കോൺഗ്രസിന്റെ താരം. ശബരീനാഥനും മുഖ്യമന്ത്രിയും മാത്രം മതി ജയമെത്തിക്കാനുള്ള ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് ക്യാമ്പ്‌