കൊച്ചി:- ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി അമൃത  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ  നേത്യത്വത്തിൽ ആധുനിക സൗകര്യങ്ങളുള്ള 'അമൃത ഹെൽത്ത് കെയർ ആശുപത്രി'  പമ്പയിൽ  പ്രവർത്തനം തുടങ്ങി.  മാതാ അമൃതാനന്ദമയി മഠത്തിലെ മുതിർന്ന സന്യാസിവര്യൻ സ്വാമി തുരിയാമൃതാനന്ദപുരി ഭദ്രദീപം കൊളുത്തി ആശുപത്രിയുടെ ഉൽഘാടനം നിർവഹിച്ചു.

കഴിഞ്ഞ 14 വർഷമായി അമ്മയുടെ നിർദ്ദേശം അനുസരിച്ച് പമ്പയിൽ ആശുപത്രി നടത്തിവരുന്നു. നിരവധി അയ്യപ്പഭക്തർക്ക് ജീവൻരക്ഷാ കേന്ദ്രമായി പ്രവർത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. 10-ഓളം ഡോക്ടർമാർ, പാരാമെഡിക്കൽ സംഘവും, 24 മണിക്കൂർ മരുന്നുകളും ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്. നിസ്വാർത്ഥ സേവനം എന്ന നിലയിലാണ് മഠം ഇത്തരം സേവനങ്ങൾ നടത്തിവരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലക്യഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.  അമ്മ ചെയ്യുന്ന സേവനങ്ങൾക്കു അതിരില്ലെന്നും ശബരിമലയിൽ ഏറ്റവും കൂടുതൽ സേവനങ്ങൾ ചെയ്യുന്നത് ആരെന്നു ചോദിച്ചാൽ ദേവസ്വം പ്രസിഡന്റ് എന്ന നിലയിൽ ഞാൻ മാതാ അമൃതാനന്ദമയി മഠം എന്നേ പറയൂ. മാലിന്യ നിർമ്മാർജ്ജനത്തിനു മറ്റും മഠം ചെയ്യുന്ന സേവനങ്ങൾ എത്ര പ്രശംസിച്ചാലും മതിവരില്ല. രാജ്യാന്തര തീർത്ഥാടന കേന്ദ്രം എന്ന നിലയിൽ ശബരിമലയെ ഉയർത്തുക എന്ന ലക്ഷ്യത്തോടെ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് മാതാ അമ്യതാനന്ദമയിമഠത്തിന്റെ  സേവനങ്ങൾ അഭ്യർത്ഥിക്കുന്നുണ്ട്. മകര വിളക്കിനു ശേഷമുള്ള മാലിന്യ നിർമ്മാർജ്ജനത്തിനു മാതാ അമൃതാനന്ദമയിമഠത്തിന്റെ സഹായം തേടുമെന്നു അദ്ദേഹം പറഞ്ഞു.

ബ്രഹ്മചാരി ഡോ:ജഗ്ഗു, ചീഫ് ലെയിസൺ ഓഫീസർ മോഹനചന്ദ്രൻനായർ, പിആർഒ ശശി കളരിയേൽ, ആർ.ജയകുമാർ, ബ്രഹ്മചാരി രമേഷ്, ബ്രഹ്മചാരി ശിവദാസ് എന്നിവർ പങ്കെടുത്തു.