കൊച്ചി: ആരോഗ്യപരിപാലന രംഗത്ത് സമഗ്രമായ വികസനകാഴ്‌ച്ചപ്പാട് ലക്ഷ്യം വച്ചുകൊണ്ട് അമ്മ വിഭാവനം ചെയ്തു നടത്തി വരുന്ന സന്നദ്ധപ്രവർത്തനങ്ങൾ എല്ലാവർക്കും മാതൃകയും അനിവാര്യവുമാണെന്നു ഫിഷറീസ് ആൻഡ് എക്‌സൈസ് വകുപ്പു മന്ത്രി കെ.ബാബു പറഞ്ഞു. ഞാറക്കൽ അമ്യത ഹെൽത്ത് സെന്ററിൽ ഒരു മാസം നീണ്ടു നിന്ന അമ്യത സ്വാസ്ഥ്യ മിത്ര്' ആരോഗ്യപരിശീലന പരിപാടിയുടെ സമാപന സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പല ഗ്രാമങ്ങളും അടിസ്ഥാന ആവശ്യങ്ങൾ പോലും ഇല്ലാത്ത അവസ്ഥയിൽ ഒറ്റപ്പെട്ടു കിടക്കുകയാണ്. എല്ലാ നിലയിലും മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കേണ്ട അവസ്ഥയാണുള്ളത്. സ്വാശ്രയശീലം ഇന്നു കുറഞ്ഞു വരുന്ന അവസ്ഥയിൽ ഇത്തരം സന്നദ്ധപ്രവർത്തനങ്ങൾ കൊണ്ടു മാത്രമേ ഗ്രാമങ്ങളെ പുനരുദ്ധരിപ്പിക്കാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പരിശീലനം ലഭിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിർവ്വഹിച്ചു.

മാതാ അമ്യതാനന്ദമയി മഠം സ്വാമി ജ്ഞാനാമ്യതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. അമ്മയുടെ 60-ാം പിറന്നാളിനോടനുബന്ധിച്ചു ഇന്ത്യയിലെ 108 ഗ്രാമങ്ങളെ ദത്തെടുത്തുകൊണ്ടു തുടങ്ങിയ ഈ ആരോഗ്യ പരിശീലന പരിപാടിയുടെ ആദ്യ ഘട്ടത്തിൽ ഇന്ത്യയിലെ 4 സംസ്ഥാനങ്ങളിലെ 11 ഗ്രാമങ്ങളിൽ നിന്നും 21 പേർക്ക് ആദ്യ ഘട്ടത്തിൽ ആരോഗ്യ പരിശീലനം നൽകാൻ സാധിച്ചു. അടുത്ത ഘട്ടങ്ങളിലായി കൂടുതൽ ഗ്രാമങ്ങളിലേക്ക് പരിശീലനം നൽകാൻ സാധിക്കുമെന്നു സ്വാമിജി പറഞ്ഞു.

അമ്യത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. പ്രതാപൻനായർ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. ലീലാകെ മോനി, ഡോ. കെ.എൻ പണിക്കർ എമിരറ്റസ് പ്രൊഫസർ കമ്മ്യുണിറ്റി മെഡിസിൻ, ഡോ. അശ്വതി, 'അമ്യത സെർവ്' കോ-ഡയറക്ടർ അഞ്ജു ബിസ്റ്റ്, ദീപു പ്രസാദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ബീഹാർ, ചത്തിസ്ഗഡ്, ഉത്തരാഗണ്ഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്.