- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കേരളം വേണ്ടെന്ന് വച്ച നിർദ്ദേശങ്ങൾ ഇംഗ്ലണ്ട് നടപ്പിലാക്കി; കാമ്പസുകളിൽ മരണം തുടർക്കഥയാകുമ്പോഴും നമ്മൾ നിശബ്ദരാവുന്നത് എന്തുകൊണ്ട്? മുരളി തുമ്മാരുകുടി എഴുതുന്നു
ഇംഗ്ലണ്ടിലെ അതിപുരാതനവും പ്രശസ്തവുമായ സർവകലാശാലയിലെ പ്രൊഫസർ ഇന്നലെ വിളിച്ചിരുന്നു. അവരുടെ കാമ്പസിന്റെ എമർജൻസി പ്ലാൻ പുതുക്കുകയാണ്. ഇത്തവണ ലബോറട്ടറിയിൽ ഉണ്ടാകാവുന്ന ചെറിയ സ്‌ഫോടനവും അഗ്‌നിബാധയും അതേതുടർന്ന് ഉണ്ടാകാവുന്ന പരിസ്ഥിതിപ്രശ്‌നങ്ങളും ഒക്കെ ഉൾപ്പെടുത്തണം. അതിനു മാർഗ്ഗനിർദ്ദേശങ്ങൾ വല്ലതും ഉണ്ടോ?. കേരളത്തിലെ കാമ്പസ
ഇംഗ്ലണ്ടിലെ അതിപുരാതനവും പ്രശസ്തവുമായ സർവകലാശാലയിലെ പ്രൊഫസർ ഇന്നലെ വിളിച്ചിരുന്നു. അവരുടെ കാമ്പസിന്റെ എമർജൻസി പ്ലാൻ പുതുക്കുകയാണ്. ഇത്തവണ ലബോറട്ടറിയിൽ ഉണ്ടാകാവുന്ന ചെറിയ സ്‌ഫോടനവും അഗ്‌നിബാധയും അതേതുടർന്ന് ഉണ്ടാകാവുന്ന പരിസ്ഥിതിപ്രശ്‌നങ്ങളും ഒക്കെ ഉൾപ്പെടുത്തണം. അതിനു മാർഗ്ഗനിർദ്ദേശങ്ങൾ വല്ലതും ഉണ്ടോ?. കേരളത്തിലെ കാമ്പസുകളിൽ സുരക്ഷാപരിശോധന നടത്താൻവേണ്ടി ഞാൻ അഞ്ചുവർഷം മുൻപ് ഒരു ചെറിയ ലഘുലേഖ തയ്യാറാക്കിയിരുന്നു. ലാബിലെ വിഷയങ്ങൾ കൂടാതെ കാമ്പസിനു പുറത്തെ ട്രാഫിക്കിൽനിന്നുള്ള അപകടംതൊട്ട് അകത്തെ കാന്റീനിലെ അഗ്‌നിബാധവരെ എല്ലാം അതിൽ വിശദീകരിച്ചിട്ടുണ്ട്. ഞാനത് അദ്ദേഹത്തിന് അയച്ചുകൊടുത്തു. കേരളത്തിൽ ആരും ഉപയോഗിച്ചില്ലെങ്കിലും ലോകത്തിന് അല്പം എങ്കിലും പ്രയോജനപ്പെടട്ടെ.
ഇന്നു രാവിലെ ഞാൻ ഉണരുന്നത് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ യുവജനോത്സവം നടക്കുമ്പോൾ ഒരു മരം വീണ് വിദ്യാർത്ഥിനി മരിച്ചു എന്നും വേറെ പല കുട്ടികളും പരിക്കേറ്റ് ആശുപത്രിയിൽ ആണ് എന്ന വാർത്ത കേട്ടാണ്. ഇതെന്നെ ഏറെ സങ്കടപ്പെടുത്തി. എന്റെ ലഘുലേഖയിൽ പ്രത്യേകം പരാമർശിച്ചിരിക്കുന്ന ഒരു വിഷയം ആണ് കാമ്പസിലെ മരങ്ങൾ ഉണ്ടാക്കുന്ന അപകട സാധ്യത. വേണ്ടത്ര ശ്രദ്ധ കൊടുത്താൽ ഒഴിവാക്കാവുന്ന ഒരു അപകടം ആണിത്. ഒരു സമൂഹം എന്ന നിലയിൽ നാം എപ്പോഴാണ് സുരക്ഷയെ ഗൗരവമായി എടുക്കുന്നത്?
കേരളത്തിൽ ഒരു വർഷത്തിൽ എത്ര വിദ്യാർത്ഥികൾ അപകടത്തിൽ മരിക്കുന്നുണ്ട്? പ്രത്യക്ഷത്തിൽ വളരെ എളുപ്പമുള്ള ചോദ്യമാണ്. പക്ഷെ കഴിഞ്ഞ എട്ടു വർഷമായി ഞാൻ അനവധി അധികാരികളോടു ചോദിച്ചിട്ടും ഉത്തരം കിട്ടാത്തതും ആണ്. കാമ്പസിനകത്ത് വച്ച് മാത്രം സംഭവിക്കുന്നതാണെങ്കിൽ മരണ സംഖ്യ അതത്ര വലുതല്ല. ഒരു വർഷം ശരാശരി അഞ്ചിൽ താഴെ മാത്രം ആണ് കാമ്പസിനകത്ത് വണ്ടിയിടിച്ചോ മരം മറിഞ്ഞുവീണോ വെള്ളത്തിൽ വീണോ വൈദ്യുതാഘാതമേറ്റോ ഒക്കെ മരിക്കുന്നത്. പക്ഷെ വിദ്യാഭ്യാസവും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ (കാമ്പസിലേക്കുള്ള യാത്ര, വിനോദയാത്രക്കിടയിലെ റോഡപകടവും മുങ്ങിമരണവും എന്നിങ്ങനെ) സംഭവിക്കുന്ന മരണംകൂടി എടുത്താൽ ഇത് കാമ്പസ്!മരണത്തിന്റെ പത്തിരട്ടിയെങ്കിലും ആകും. ഒറ്റക്കൊറ്റക്കായിട്ട് കേരളത്തിലെ ആയിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വല്ലപ്പോഴും മാത്രം ഇത് നടക്കുന്നതുകൊണ്ട് ആരും ഇതിന്റെ കണക്കെടുത്തുവക്കാറില്ല.
പക്ഷെ, ഇതിലും എത്രയോ കൂടുതൽ ആണ് വിദ്യാഭ്യാസപ്രായത്തിലുള്ള കുട്ടികളുടെ മരണം. ഇന്ത്യയിൽ സംഭവിക്കുന്ന റോഡപകടങ്ങളിൽ മൂന്നിലൊന്നും മുങ്ങിമരണങ്ങളിൽ പകുതിയിൽ അധികവും മുപ്പതു വയസ്സിൽ താഴെയുള്ളവരുടേതാണ്. ഇതിൽ പകുതിയെങ്കിലും അഞ്ചുമുതൽ ഇരുപത്തിരണ്ടുവരെ ഉള്ളവരുടേതാണെന്നു കൂട്ടിയാൽ കേരളത്തിലെ വിദ്യാർത്ഥിപ്രായത്തിൽ ഉള്ളവരുടെ ശരാശരി മരണം വർഷത്തിൽ ആയിരത്തിനടുത്തുവരും. ഇത് നമ്മെ എന്തെങ്കിലും ചെയ്യാൻ ചിന്തിപ്പിക്കേണ്ട സംഖ്യ ആണ്. അസംബ്ലിയിൽ വല്ലപ്പോഴും എങ്കിലും ആരെങ്കിലും ഈ ചോദ്യം ഉന്നയിച്ച് ഇതിന്റെ കൃത്യമായ ഉത്തരം കണ്ടെത്തേണ്ടതാണ്.
വികസിതരാജ്യങ്ങളിൽ വിദ്യാഭ്യാസത്തിന്റെ ഹരിശ്രീതന്നെ സുരക്ഷയിൽനിന്നാണ്. വിദ്യാർത്ഥികൾ പ്ലേ സ്‌കൂളിൽ വരുന്ന ആദ്യ ദിവസംതന്നെ അവരേയും മാതാപിതാക്കളേയും സ്‌കൂൾ ചുറ്റിക്കാണിക്കുന്നു. അവിടുത്തെ അപകടസാധ്യതകൾ ചൂണ്ടിക്കാണിക്കുന്നു, അപകടം ഉണ്ടായാൽ ആരെ സമീപിക്കണം എന്ന് പറഞ്ഞുകൊടുക്കുന്നു. പിന്നെ കുട്ടികൾ വളരുന്ന മുറക്ക് പ്രാഥമിക ചികിത്സ, നീന്തൽ, കൃത്രിമശ്വാസോച്ഛ്വാസം നടത്തുന്ന രീതി, അപകടത്തിൽപെട്ട ആളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതൊക്കെ പടിപടിയായി പറഞ്ഞുകൊടുക്കുന്നു.
സുരക്ഷാവിഷയങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നതുകൊണ്ട് മൂന്നു ഗുണങ്ങൾ ഉണ്ട്. ഒന്നാമത് കുട്ടികൾ സ്വയം സുരക്ഷാബോധം ഉള്ളവർ ആകുന്നു, കൂടുതൽ സുരക്ഷിതമാകുന്നു. രണ്ടാമത് കുട്ടികളിലൂടെ സുരക്ഷാപാഠങ്ങൾ കുടുംബത്തിലേക്കും അങ്ങനെ സമൂഹത്തിലേക്കും എത്തുന്നു. മൂന്നാമത് ഈ കുട്ടികൾ ഓരോരുത്തരും സമൂഹത്തിൽ എഞ്ചിനീയറും ലൈന്മാനും ഡ്രൈവറും ഡോക്ടറും ഒക്കെ ആയി മാറുമ്പോൾ അവരുടെ കർമ്മരംഗത്തും അവർ സുരക്ഷയുടെ പാഠങ്ങൾ ഉപയോഗിക്കുന്നു. വർഷത്തിൽ അഞ്ഞൂറു പേർ നിർമ്മാണരംഗത്തും മുന്നൂറു പേർ വൈദ്യുതി ഷോക്കേറ്റും ഒക്കെ മരിക്കുന്ന കേരളത്തിൽ ഇത് വൻ മാറ്റം ഉണ്ടാക്കും.
പക്ഷെ ഇതെല്ലാം തുടങ്ങേണ്ടത് കാമ്പസിൽനിന്നാണ്. സുരക്ഷിതമായ ഒരു കാമ്പസിൽ വച്ച് മാത്രമേ സുരക്ഷാവിഷയങ്ങൾ നമുക്ക് ആത്മാർത്ഥമായി പഠിപ്പിക്കാൻ പറ്റൂ. കാമ്പസ് സുരക്ഷക്കുള്ള ലഘുലേഖ കൂടാതെ കാമ്പസിലെ സുരക്ഷ പരിശോധനക്കും കുട്ടികളെ സുരക്ഷാ വിഷയങ്ങൾ പഠിപ്പിക്കുന്നതിനും ആയി പറവൂരിലെ Help4Helpless എന്ന ഒരു സന്നദ്ധ സംഘടനയും ആയി ചേർന്നു ഞാൻ ഒരു സേഫ് കാമ്പസ് പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. പക്ഷെ ആയിരക്കണക്കിന് സ്‌കൂൾ കോളേജ് കാമ്പസുകൾ ഉള്ള കേരളത്തിൽ ഒരു ശതമാനം പോലും ഇക്കാര്യത്തിൽ താല്പര്യം എടുക്കുന്നില്ല എന്നത് എന്നെ എപ്പോഴും സങ്കടപ്പെടുത്തുന്നു. വേണ്ടതും വേണ്ടാത്തതും ആയ പലതും ഉള്ള നമ്മുടെ പാഠ്യപദ്ധതിയിൽ എന്താണ് സുരക്ഷ ഒരു വിഷയമാകാത്തത്?
(അന്താരാഷ്ട്രതലത്തിൽ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാണ് മുരളീ തുമ്മാരുകുടി. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളി തുമ്മാരുകുടി)