ബെംഗളൂരു : ഹിജാബ് ധരിച്ചു കോളജിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ സർക്കാർ കോളജിൽ മുസ്ലിം വിദ്യാർത്ഥിനികളുടെ പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തിൽ ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ വിദ്യാർത്ഥികൾക്കെതിരെ കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ഉടുപ്പി സർക്കാർ പിയു കോളജിലെ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കാൻ കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട് . 

ഹർജി നൽകിയ പെൺകുട്ടികളുടെ കോൾ റെക്കോർഡുകളും വാട്സ്ആപ്പ് ചാറ്റും മറ്റും പരിശോധനയക്ക് വിധേയമാക്കുമെന്നും ബിജെപി എംഎൽഎ രഘുപതി ഭട്ട് പറഞ്ഞു. പെൺകുട്ടികൾക്ക് അന്താരാഷ്ട്ര അല്ലെങ്കിൽ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കേണ്ടതും പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ പെൺകുട്ടികൾ നൽകിയ ഹർജി കർണാടകാ ഹൈക്കോടതി ചൊവ്വാഴ്ചയാണ് പരിഗണിക്കുന്നത്.

അതേസമയം സർക്കാർ കോളജിൽ നടന്ന പ്രതിഷേധത്തിനിടെ മാരകായുധങ്ങളുമായി രണ്ട് പേർ അറസ്റ്റിൽ. ഇവർ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ഭാഗമാണെന്ന് കരുതുന്നില്ലെന്ന് പൊലീസ് പറയുന്നു. 'രണ്ടുപേരെ അറസ്റ്റുചെയ്തു, മൂന്ന് പേർ ഒളിവിലാണ്. കുന്താപൂർ പൊലീസ് വിവരമറിഞ്ഞ് സമരസ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റ് മൂന്ന് പേർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. റജബ് (41), അബ്ദുൾ മജീദ് (32) എന്നിവരാണ് അറസ്റ്റിലായത്.ഇവർ അടുത്തുള്ള ഗ്രാമത്തിൽ നിന്നുള്ളവരാണെന്നും ഇവരുടെ രാഷ്ട്രീയ ബന്ധങ്ങൾ അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകശ്രമം, മാരകായുധം ഉപയോഗിച്ച് കലാപം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇതിനിടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോമിന്റെ ഭാഗമല്ലാത്ത എല്ലാ വസ്ത്രധാരണവും വിലക്കി കർണാടക വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഹിജാബ് വിവാദം കർണാടകയിൽ വലിയ ചർച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് കർണാടക വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. പുതിയ ഉത്തരവ് പ്രകാരം യൂണിഫോമിന്റെ ഭാഗമല്ലാത്ത വസ്ത്രങ്ങൾ ധരിച്ച് വിദ്യാർത്ഥികൾക്ക് കോളേജുകളിൽ പ്രവേശിക്കാൻ സാധിക്കില്ല. സർക്കാർ നിയന്ത്രണത്തിലുള്ള പ്രീ യൂണിവേഴ്സിറ്റി കോളജുകളിൽ യൂണിഫോം ധരിച്ചെത്തുന്നവർക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. വിദ്യാലയങ്ങളിലെ സമത്വത്തിനു കോട്ടമുണ്ടാക്കുന്ന രീതിയിലുള്ള വസ്ത്രധാരണം അനുവദിക്കില്ലെന്നും പുതിയ ഉത്തരവിൽ പറയുന്നു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാർത്ഥികളുടെ യൂണിഫോം സ്വയം തീരുമാനിക്കാമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഹിജാബ് വിവാദത്തിൽ ഹൈക്കോടതി വിധി വരുന്നത് വരെ നിലവിലെ ചട്ടം തന്നെ നിലനിൽക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും അറിയിച്ചു.