മൂന്നാർ: കൊട്ടക്കമ്പൂർ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ, നിർണായക രേഖകൾ നഷ്ടപ്പെട്ടെന്ന വിചിത്രവാദം പൊലീസ് ഉയർത്തിയത് വിവാദമാകുന്നു. ജോയ്‌സ് ജോർജ് എംപി അടക്കമുള്ള ആരോപണവിധേയരെ വെള്ളപൂശുന്ന
തരത്തിലാണ് മൂന്നാർ ഡിവൈഎസ്‌പി എസ്.അഭിലാഷ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

കൊട്ടക്കമ്പൂർ വില്ലേജിലെ ജോയ്സ് ജോർജ്ജിന്റേതടക്കം 9000 ഏക്കർ ഭൂമിയുടെ റവന്യൂ രേഖകൾ കാണാനില്ലെന്നാണ് മൂന്നാർ ഡിവൈ.എസ്‌പി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

റവന്യു രേഖകൾ അപ്രത്യക്ഷമാകുന്ന മായാജാലം

കേസ് ഇന്ന് ഹൈക്കോടതി പരിഗണിച്ചപ്പോൾ, ഡിവൈഎസ്‌പിയുടെ റിപ്പോർട്ടിന്റെ പകർപ്പ് കിട്ടിയില്ലെന്ന വാദമാണ് ജോയ്‌സ് ജോർജിന്റെ അഭിഭാഷകൻ ഉന്നയിച്ചത്.ഇതോടെ ഹൈക്കോടതി കേസ് നീട്ടി വച്ചു.കേസ് സിബിഐക്ക് വിടണമന്നാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നത്.

കൊട്ടക്കമ്പൂർ വില്ലേജിലെ സർവേ നമ്പർ 58 /1ൽ പെട്ട 9000 ഏക്കർ ഭൂമിയുടെ ഒന്ന് രണ്ട് റവന്യു രജിസ്റ്ററുകൾ ദേവികുളം താലൂക്ക് ഓഫീസിൽ നിന്ന് നഷ്ടമായെന്നാണ് മൂന്നാർ ഡിവൈഎഎസ്‌പിയുടെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഈ രജിസ്റ്ററുകൾക്ക് പ്രസക്തിയില്ലെന്നും രണ്ടാം നമ്പർ രജിസ്റ്ററിൽ ലാൻഡ് അസൈന്മെന്റ് കമ്മിറ്റിയുടെ തീരുമാനം ഉണ്ട് എന്നതിൽ മാത്രമേ കാര്യമുള്ളുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്

.പട്ടയം അനുവദിക്കുന്നതിന് ലാൻഡ് അസൈന്മെന്റ് കമ്മറ്റി കൂടുകയും അനുവദിക്കുന്നത് സംബന്ധിച്ച സുപ്രധാന തീരുമാനം എടുക്കുകയും ചെയ്യുന്ന പ്രധാന ഫയലാണ് നമ്പർ ടു രജിസ്ട്രേഷൻ.ഇതാണ് പ്രസക്തമല്ലെന്ന് റിപ്പോർട്ടിൽ വാദിക്കുന്നത്.വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് സ്‌കെച്ചും പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. മറ്റു രേഖകളും വില്ലേജ് ഓഫീസറുടെ കൈവശമുണ്ട് അത്കൊണ്ട് തന്നെ നമ്പർ ടു രജിസ്ട്രേഷൻ കാണാനില്ല എന്നത് പ്രസക്തമല്ലെന്നുമുള്ള വിചിത്ര വാദം പൊലീസ് ഉന്നയിക്കുന്നത്.

പട്ടയം റദ്ദാക്കിയ സബ് കളക്ടറുടെ നടപടിയുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചിട്ടില്ല. ജോയ്സ് ജോർജ്ജിന്റെ പിതാവ് ഭൂമി വാങ്ങുന്നത് പട്ടയം ലഭിക്കുന്നതിന് മുമ്പാണ്. പിന്നീട് തമിഴ് തോട്ടം തൊഴിലാളികളുമായി കരാർ ഉണ്ടാക്കിയെന്നും പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.കേസുമായി ബന്ധപ്പെട്ട് നാലോളം ഇടക്കാല റിപ്പോർട്ടുകളാണ് മൂന്നാർ ഡിവൈ.എസ്‌പിമാർ ഹൈക്കോടതിക്ക് ഇതിനകം നൽകിയിരുന്നത്. റവന്യൂ രേഖകൾ ലഭിക്കുന്നില്ല, ചോദ്യം ചെയ്യാൻ സാധിക്കുന്നില്ല തുടങ്ങിയ വാദങ്ങളാണ് മുമ്പത്തെ റിപ്പോർട്ടുകളിൽ ഉന്നയിച്ചിരുന്നത്. എന്നാൽ പുതുതായി സമർപ്പിച്ച റിപ്പോർട്ടിൽ സുപ്രധാനമായ നമ്പർ ടു രജിസ്ട്രേഷൻ കാണാനില്ല എന്നത് പ്രസക്തമല്ലെന്നാണ് പറയുന്നത്.

ജോയ്‌സ് ജോർജിന്റെ കുടുംബം വ്യാജരേഖ ചമച്ചെന്ന് ആരുപറഞ്ഞു?

എൻ.കെ.ബിജുവിന്റെ ഹർജിപ്രകാരം ദേവികുളം പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത അഞ്ചുകേസുകൾ അന്വേഷിച്ചെങ്കിലും ജോയ്‌സ് ജോർജിന്റെ പിതാവ് പാലിയത്ത് ജോർജ് ഭൂമി തട്ടിയെടുത്തതായി പരാതിയില്ലെന്ന് പൊലീസ് പറയുന്നു.വ്യാജരേഖകൾ ഉണ്ടാക്കി അഞ്ചുപട്ടികജാതി പട്ടിക വർഗ വിഭാഗക്കാരുടെ കൈയിൽ നിന്നും ഭൂമി തട്ടിയെടുത്തെന്നാണ് പാലിയത്ത് ജോർജിനെതിരെയുള്ള ആരോപണം. എന്നാൽ, ജോർജ് ഭൂമി വാങ്ങിയ പൂങ്കൊടി, വീരമ്മാൾ, മുരുകൻ, മാരിയമ്മാൾ, കുവമ്മരയ്ക്കൽ എന്നിവരുടെ ഭൂമി തട്ടിയെടുത്തതായ ആരോപണങ്ങൾ അവർ നിഷേധിച്ചു.തങ്ങളുടെ ഭൂമി വ്യാജരേഖ ചമച്ച് ആരും തട്ടിയെടുത്തിട്ടില്ല.മുക്ത്യാർ പ്രകാരമാണ് തങ്ങൾ ഭൂമി കൈമാറിയതെന്നും തങ്ങളുടെ പേരിൽ കേസ് നടത്താൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നുമാണ് പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.മുക്ത്യാറുകളിലും ഒപ്പുകളിലും കൃത്രിമമില്ലെന്നും പരിശോധനയിൽ തെളിഞ്ഞുവെന്നും റിപ്പോർട്ടിലുണ്ട്.

കഞ്ചാവ് കൃഷിക്ക് കുപ്രസിദ്ധി കേട്ടയിടത്ത് എന്തിന് ജോർജ് ഭൂമി വാങ്ങി?

1995 ൽ കൊട്ടക്കമ്പൂരിൽ 5 ഏക്കർ ഭൂമി തന്റെ കൈവശമുണ്ടായിരുന്നുവെന്നാണ് പാലിയത്ത് ജോർജിന്റെ മൊഴി. പിന്നീട് എട്ട് പേരിൽ നിന്നായി നാല് ഏക്കർ വീതം 30000 രൂപ വില നിശ്ചയിച്ച് വാങ്ങി.പട്ടയം കിട്ടുമ്പോൾ തനിക്ക് കൈമാറണമെന്നായിരുന്നു വ്യവസ്ഥ.2001 ൽ ഇവർക്ക് പട്ടയം കിട്ടിയപ്പോൾ, മുക്ത്യാർ രജിസ്റ്റർ ചെയ്തു.2005 ൽ താൻ ഭൂമി ഭാര്യയ്ക്കും മക്കൾക്കും കൈമാറി .താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും പാലിയത്ത് ജോർജ് തന്റെ മൊഴിയിൽ വ്യക്തമാക്കി.

1995 ൽ കൊട്ടക്കമ്പൂരിൽ അഞ്ച് ഏക്കർ ഭൂമി വാങ്ങിയെന്നും പിന്നീട് എട്ട് പേരിൽ നിന്നായി നാല് ഏക്കർ വീതം വാങ്ങിയന്നുമാണ് പാലിയത്ത് ജോർജ് പറയുന്നത്. എന്നാൽ കുറിഞ്ഞിമല സങ്കേതത്തിന്റെ മാനേജ്‌മെന്റ് പ്ലാൻ പ്രകാരം 1990 കളിൽ കടവരി-കമ്പക്കല്ല് മേഖല കഞ്ചാവ് കൃഷിക്ക് കുപ്രസിദ്ധി കേട്ടതായിരുന്നു.ഈ മേഖലയെ കഞ്ചാവ് വിമുക്തമാക്കാനാണ് കമ്പക്കല്ലിലും, കടവരിയിലും രണ്ടുഫോറസ്റ്റ് സ്്‌റ്റേഷനുകൾ 2005 ൽ സ്ഥാപിച്ചത്.തന്റെ വീട്ടിൽ നിന്ന് 200 കിലോമീറ്റർ അകലെ കഞ്ചാവ് കൃഷിക്ക് കുപ്രസിദ്ധി കേട്ട കൊട്ടക്കമ്പൂരിൽ എന്തിനാണ് പാലിയത്ത് ജോർജ് ഭൂമി വാങ്ങിക്കൂട്ടിയതെന്ന ചോദ്യവും ഉയരുന്നു.

 ജോയ്‌സ്്ജോർജിനെ രക്ഷിക്കാൻ നീക്കം?

ജോയ്‌സ്് ജോർജിന്റെയും കുടുംബത്തിന്റെയുംവിവാദ പട്ടയങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ, ദേവികുളം റവന്യു ഡിവിഷനൽ ഓഫീസറുടെ പക്കൽ നിന്ന് ബന്ധപ്പെ്ട രേഖകൾ പരിശോധിക്കേണ്ടതുണ്ടെന്ന് മൂന്നാർ ഡിവൈഎസ്‌പി അഭിലാഷിന്റെ റിപ്പോർട്ടിൽ ഉപസംഹാരമായി പറയുന്നുണ്ട.ജോയ്‌സ് ജോർജ് എംപി., ഭാര്യ അനൂപ, അമ്മ മേരി, സഹോദരങ്ങളായ രാജീവ് ജോർജ്, ജസ്പിൻ ജോർജ് എന്നിവരുടെ പേരിൽ കൊട്ടക്കമ്പൂരിൽ വ്യാജ പട്ടയം ഉപയോഗിച്ച് സർക്കാർ ഭൂമി കൈവശപ്പെടുത്തിയെന്നാണ് കേസ്.

എന്നാൽ മൂന്നാർ ഡിവൈഎസ്‌പി ജോയസ് ജോർജിനെ രക്ഷിക്കുന്ന തരത്തിൽ റിപ്പോർട്ട് തയ്യാറാക്കിയെന്നാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. സർവീസ് ബുക്കിൽ ആറുതവണ അച്ചടക്ക നടപടി നേരിട്ടയാളാണ് അഭിലാഷ്.രണ്ടു തവണ താക്കീത് ചെയ്യുകയും, അഞ്ചുതവണ ശമ്പളം തടഞ്ഞുവയ്ക്കുകയും ചെയ്തിട്ടുണ്ട്.ഡിവൈഎസ്‌പിക്കെതിരെ വ്യാജരേഖ ചമച്ചതടക്കം നിരവധി പരാതികളുമുണ്ട്. .പൊലീസ് കംപ്ലെയിന്റ്‌സ് അഥോറിറ്റി തന്നെ മൂന്ന് തവണ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തിട്ടുമുണ്ട്.

ജോയ്‌സ് ജോർജ് അപ്പീൽ നൽകി

അതിനിടെ തന്റെ പട്ടയം റദ്ദാക്കിയ നടപടിക്കെതിരെ ജോയ്‌സ് ജോർജ് കളക്ടടർക്ക് അപ്പീൽ നൽകി.ദേവികുളം സബ് കളക്ടറായിരുന്നു കഴിഞ്ഞമാസം ഒമ്പതാം തീയ്യതി ജോയ്സ് ജോർജ് എംപിയുടെ കൊട്ടക്കമ്പൂരിലെ 28 ഏക്കറോളം വരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കിയത് .അനധികൃതമായി ഭൂമി കയ്യേറി എന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പട്ടയം റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ കളക്ടർക്ക് നൽകാമെന്നും ജോയ്സ് ജോർജിനെ അറിയിച്ചിരുന്നു. പട്ടയം റദ്ദാക്കിയ നടപടി പുനപരിശോധിക്കണം എന്നാണ് അപ്പീലിൽ ആവശ്യപ്പെട്ടിരിക്കുന്നത്.