കാസർകോട്: പാണത്തൂരിൽ നിന്ന് കാണാതായ മൂന്നര വയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. അൽപസമയം മുൻപ് പുഴയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളായി നടത്തിയ പരിശോധന ഫലം കാണാത്തതിനെ തുടർന്ന് ദ്രുതകർമ്മസേനയും രംഗത്തിറങ്ങിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സനയെ കാണാതായത്. കുട്ടി തോട്ടിൽ വീണതാകാം എന്ന അനുമാനത്തെ തുടർന്ന് ഫയർഫോഴ്‌സും നാട്ടുകാരും പൊലീസും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും സനയെ കണ്ടെത്താനായിരുന്നില്ല. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം ദ്രുതകർമ്മ സേനയും തെരച്ചിലിനിറങ്ങി. സ്‌കൂബാ കാമറ ഉപയോഗിച്ച് പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെ കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോ എന്ന സംശയവും വ്യാപകമായി ഉയർന്നു വന്നു. ഈ വഴിക്കും പൊലീസ് അന്വേഷണം ശക്തമാക്കി.

ഇന്നു രാവിലെ നാട്ടുകാർ സംഘടിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സനയുടെ മൃതദേഹം പുഴയിൽ നിന്നു കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടു നാലുമണിയോടെയാണ് പാണത്തൂർ ബാപ്പുങ്കയം കോളനിയിലെ ഇബ്രാഹിംഹസീന ദമ്പതികളുടെ മകൾ സന ഫാത്തിമയെ കാണാതാകുന്നത്. അങ്കണവാടി വിട്ടു വീട്ടിലെത്തിയ കുട്ടി പുറത്തേക്കിറങ്ങിയതാണെന്നു വീട്ടുകാർ പറയുന്നു. പിന്നീട് കുട്ടിയെ കാണാതായി. ഈ സമയത്തു ശക്തമായ മഴയുണ്ടായിരുന്നു.

സനയുടെ ഉമ്മയും ഉപ്പയും വല്യുമ്മയും വീട്ടിലുണ്ടായിരുന്നു. വീടിനു മുന്നിലെ ഓടയിൽ വീണതാകാമെന്ന സംശയത്തെ തുടർന്നു പൊലീസും നാട്ടുകാരും അഗ്‌നിശമനസേനയും രാത്രി എട്ടര വരെ പുഴയിൽ തിരച്ചിൽ നടത്തി. തുടർന്ന് ഇന്നലെ രാവിലെ ഏഴുമണിയോടെ വീണ്ടും പുഴയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ തുടർന്നെങ്കിലും വിഫലമായി.

കുട്ടി വെള്ളത്തിൽ വീണു എന്നു പറയുന്ന ഓവുചാലിൽ വിശദമായി പരിശോധന നടത്തി. ഓടയുടെ സമീപത്തു നിന്നു കുട്ടിയുടെ കുടയും ചെരിപ്പും കണ്ടെത്തിയതിനാൽ വെള്ളത്തിൽ വീണതാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്.

ഇതിനിടയിൽ കുട്ടിയെ നാടോടികൾ തട്ടിക്കൊണ്ടു പോയതായിരിക്കാമെന്ന പ്രചാരണം വന്നതോടെ പൊലീസ് കേരളത്തിലും കേരളത്തിനു പുറത്തെ എല്ലാ സ്റ്റേഷനിലേക്കും ഫോട്ടോ ഉൾപ്പെടെ സന്ദേശം നൽകിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം സനയുടെ ചേതനയറ്റ ശശീരം കണ്ടെത്താൻ കഴിഞ്ഞെങ്കിലും പൊന്നോമന തിരിച്ചെത്തുമെന്ന ഒരു കടുംബത്തിന്റെയും നാട്ടുകാരുടെയും പ്രകതീക്ഷ ഇപ്പോൾ അസ്തമിച്ചിരിക്കുകയാണ്.