- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജേണലിസം: പൊളിഞ്ഞു പാളീസാവുന്ന ഗ്രാൻഡ് നറേറ്റീവ്!
മാധ്യമങ്ങൾ സംയുക്തമായി വാർത്തകൾ തിരസ്‌ക്കരിക്കുന്നതിനെക്കുറിച്ച് 2016 മെയ് 22, 28 തീയതിയിലെ മാതൃഭൂമി ആഴ്ചപതിപ്പിലെ ട്രൂകോപ്പി എന്ന കോളത്തിലെ ''ജേണലിസം: പൊളിഞ്ഞു പാളീസാവുന്ന ഗ്രാന്റ് നറേറ്റീവ്'' എന്ന ലേഖനത്തിൽ മനില സി. മോഹൻ ഒരു ദീർഘ ദർശിയെപ്പോലെ എഴുതി. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം ആദ്യഘട്ടത്തിൽ മാദ്ധ്യമങ്ങളൊക്കെ ''ഒഴിവാക്കി''യതായിരുന്നു. ഇതാ അതിന്റെ വിശദാംശങ്ങൾ. ട്രൂ കോപ്പിയിൽ. ചില മുഖ്യധാരാ പത്രങ്ങൾ തീരുമാനിച്ചാൽ, ഒരു കൂട്ടം പത്രക്കാർ ചേർന്ന് തീരുമാനിച്ചാൽ ഒരു വാർത്ത, വാർത്തയല്ലാതാക്കാനും വലിയ വാർത്തയാക്കാനും സാധിച്ചിരുന്ന കാലത്തുനിന്ന് ഒരു വാർത്തയേയും കാണാതിരിക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തിയിരിക്കുകയാണ് അച്ചടി മാദ്ധ്യമങ്ങളും അച്ചടി മാദ്ധ്യമ പ്രവർത്തകരും. അച്ചടിക്കപ്പെടുന്നതിലൂടെ, രേഖപ്പെടുത്തുന്നതിലൂടെ ഓർമ്മിക്കാനുള്ള മനുഷ്യന്റെ കഴിവ് ഇല്ലാതാകുമെന്ന് ഭയന്ന പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയുമൊക്കെ കാലത്തുനിന്ന് ഓരോ മനുഷ്യരും പബ്ലിഷറും എഴുത്തുകാരുമായി പരിവർത്തിക്കപ്പെട്ട, ഓരോ മനുഷ്യരു
മാധ്യമങ്ങൾ സംയുക്തമായി വാർത്തകൾ തിരസ്‌ക്കരിക്കുന്നതിനെക്കുറിച്ച് 2016 മെയ് 22, 28 തീയതിയിലെ മാതൃഭൂമി ആഴ്ചപതിപ്പിലെ ട്രൂകോപ്പി എന്ന കോളത്തിലെ ''ജേണലിസം: പൊളിഞ്ഞു പാളീസാവുന്ന ഗ്രാന്റ് നറേറ്റീവ്'' എന്ന ലേഖനത്തിൽ മനില സി. മോഹൻ ഒരു ദീർഘ ദർശിയെപ്പോലെ എഴുതി. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം ആദ്യഘട്ടത്തിൽ മാദ്ധ്യമങ്ങളൊക്കെ ''ഒഴിവാക്കി''യതായിരുന്നു. ഇതാ അതിന്റെ വിശദാംശങ്ങൾ. ട്രൂ കോപ്പിയിൽ.
ചില മുഖ്യധാരാ പത്രങ്ങൾ തീരുമാനിച്ചാൽ, ഒരു കൂട്ടം പത്രക്കാർ ചേർന്ന് തീരുമാനിച്ചാൽ ഒരു വാർത്ത, വാർത്തയല്ലാതാക്കാനും വലിയ വാർത്തയാക്കാനും സാധിച്ചിരുന്ന കാലത്തുനിന്ന് ഒരു വാർത്തയേയും കാണാതിരിക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തിയിരിക്കുകയാണ് അച്ചടി മാദ്ധ്യമങ്ങളും അച്ചടി മാദ്ധ്യമ പ്രവർത്തകരും. അച്ചടിക്കപ്പെടുന്നതിലൂടെ, രേഖപ്പെടുത്തുന്നതിലൂടെ ഓർമ്മിക്കാനുള്ള മനുഷ്യന്റെ കഴിവ് ഇല്ലാതാകുമെന്ന് ഭയന്ന പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയുമൊക്കെ കാലത്തുനിന്ന് ഓരോ മനുഷ്യരും പബ്ലിഷറും എഴുത്തുകാരുമായി പരിവർത്തിക്കപ്പെട്ട, ഓരോ മനുഷ്യരും ജേണലിസ്റ്റും കൂടിയായി രൂപാന്തരപ്പെട്ട ഡിജിറ്റൽ വിപ്ലവകാലത്ത് അടിതെറ്റുന്നത് അച്ചടി മാദ്ധ്യമങ്ങൾക്കാണ്.
ജിഷ വധം അറിയാത്ത ചാനലുകൾ
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷ, ആദ്യദിനം ദൃശ്യമാദ്ധ്യമങ്ങളുടെ ക്രൈംബുള്ളറ്റിനിലെ ഫുട്ടേജില്ലാത്ത ഡ്രൈ വാർത്തയായിരുന്നു. പിറ്റേന്നത്തെ പത്രങ്ങളിൽ ചരമപ്പേജുകളിലെ ചെറിയ വാർത്ത. വസ്തുതകൾ മുഴുവൻ തെറ്റ്. പൊലീസ് കൊടുത്ത വിവരങ്ങൾ. പിറ്റേന്ന് ദൃശ്യമാദ്ധ്യമങ്ങൾ വിഷ്വലോടുകൂടി ക്രൈം വാർത്ത കൊടുത്തു. അതിനും പിറ്റേന്ന് ദൃശ്യമാദ്ധ്യമങ്ങളിൽ ഹെഡ് ലൈൻ വാർത്ത. പത്രങ്ങൾക്ക് മൗനം. അതിനും പിറ്റേന്ന് മൂന്നു കോളം വാർത്ത.
അതേസമയത്തുതന്നെ എറണാകുളം ലോ കോളേജിലെ വിദ്യാർത്ഥികളുൾപ്പെട്ട ഫേസ്‌ബുക്കിലെ സീക്രട്ട് ഗ്രൂപ്പിൽ അതേ കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന ജിഷയുടെ കൊലപാതകം ചർച്ചയാവുന്നു. വസ്തുതാവിവരങ്ങൾ ശേഖരിക്കപ്പെടുന്നു. ലോ കോളേജ് വിദ്യാർത്ഥിയായ ആർഷോ, പത്രവാർത്തയുടെ ക്ലിപ് ഉൾപ്പെടെ ഫേസ്‌ബുക്ക് കുറിപ്പിടുന്നു. സാമൂഹ്യമാദ്ധ്യമങ്ങളിൽ ജിഷയുടെ കൊലപാതകം പ്രാധാന്യം നേടുന്നു. അവിടന്നങ്ങോട്ട് സാമൂഹ്യപ്രവർത്തകരും വിവിധ കൂട്ടായ്മകളും വിഷയം ഏറ്റെടുക്കുന്നു. ജിഷയുടെ നീതി സമൂഹത്തിന്റെ ആവശ്യമായി മാറുന്നു. അതൊരു മൂവ്മെന്റായി വളരുന്നു. അപ്പോൾ മാത്രമാണ് ദിനപ്പത്രങ്ങൾ ജിഷയുടെ കൊലപാതകത്തിന്റെ സാമൂഹികപ്രാധാന്യം തിരിച്ചറിയുന്നത്. രാഷ്ട്രീയപ്രാധാന്യം തിരിച്ചറിയുന്നത്. വാർത്താപ്രാധാന്യം പോലും തിരിച്ചറിയുന്നത്.
ചോദ്യങ്ങൾ ചോദിക്കാത്ത മാദ്ധ്യമപ്രവർത്തകർ
ആദ്യദിവസം പൊലീസ് കൊടുത്ത വാർത്തയ്ക്കുമേൽ ഏതൊരു മനുഷ്യനും ചോദിക്കേണ്ടിയിരുന്ന ചോദ്യങ്ങൾ ചോദിക്കപ്പെടാതെ പോയി. സാമ്പ്രദായിക ബ്യൂറോ ജേണലിസിന്റെ ബിറ്റുകൾക്കൾപ്പുറത്തേക്ക് സംശയങ്ങളും ചോദ്യങ്ങളും ഇല്ലാതെപോയി. 24 മണിക്കൂറും ഇന്ററാക്ടീവും ജാഗ്രത്തുമായിരിക്കുന്ന സോഷ്യൽ മീഡിയയും ഓൺലൈൻ മീഡിയയും ജേണലിസം എന്ന ആശയത്തെ വിപ്ലവകരമായി പൊളിച്ചെഴുതിക്കൊണ്ടിരിക്കുമ്പോഴാണ് 'പാരമ്പര്യ'മാദ്ധ്യമങ്ങൾ ചാരുകസേരയുടെ ആലസ്യത്തിൽ സ്വയം സുരക്ഷിതരാണെന്ന് തെറ്റിദ്ധരിക്കുന്നത്.
കേരളത്തിൽ ജോലി തേടിയെത്തിയ അസംകാരൻ കൈലാസ് ജ്യോതിയെ കോട്ടയത്ത് വച്ച് ഒരു കൂട്ടം മലയാളികൾ മർദ്ദിച്ച് പൊരിവെയിലത്ത് കെട്ടിയിട്ട് കൊന്നപ്പോഴും നമ്മുടെ മാദ്ധ്യമങ്ങൾക്ക് അതൊരു വലിയ വാർത്തയായില്ല. അൻപതു കൊല്ലം മുൻപത്തെ ജേണലിസ്റ്റിക്ഭാവുകത്വം അലങ്കാരമാക്കിക്കൊണ്ടു നടക്കുന്ന മുഖ്യധാരയുൾപ്പെടെയുള്ള അച്ചടിമാദ്ധ്യമങ്ങളുടെ എഡിറ്റോറയൽ രീതികൾ മാറിയില്ലെങ്കിൽ കയ്യിൽ സ്മാർട്ട്ഫോണുമായി നടക്കുന്ന ഓരോ സിറ്റിസൺ ജേണലിസ്റ്റിനും മുന്നിൽ വലിയ സ്ഥാപനങ്ങൾ നിലംപൊത്തുകതന്നെ ചെയ്യും. ഭരണകൂടത്തോടും എസ്റ്റാബ്ലിഷ്മെന്റിനോടും വിധേയത്വം പുലർത്തേണ്ടതില്ലാത്ത, ഒരു ചെറുമുറിയും കംപ്യൂട്ടറും ഇന്റർനെറ്റും മുന്നോ നാലോ ആളുകളുടെ ജേണലിസ്റ്റ് ബോധവും മാത്രം കൈമുതലായിട്ടുള്ള ഓൺലൈൻ പോർട്ടലുകൾ വാർത്തകളെ അറിഞ്ഞുപയോഗിക്കുന്നുണ്ട്. സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യുപ്പെടുന്നത് മുഖ്യധാരാ മാദ്ധ്യമങ്ങളുടെ സ്റ്റോറികളെക്കാൾ ഇത്തരം 'ചെറു'മാദ്ധ്യമങ്ങളുടെ സ്റ്റോറികളാണ് എന്നത് വസ്തുതയാണ്. മൂലധനം, അടിസ്ഥാനസൗകര്യങ്ങൾ, മാനവവിഭവശേഷി തുടങ്ങിയ നടത്തിപ്പു യാഥാർത്ഥ്യങ്ങളിൽ തട്ടി ഓൺലൈൻ മാദ്ധ്യമങ്ങളും സിറ്റിസൺ ജേണലിസ്റ്റുകളും പാതിവഴിയിൽ നിലച്ചുപോയേക്കാം. വഴിമാറി പോയേക്കാം. പക്ഷേ, ഒന്നിന്റെ സ്ഥാനത്ത് അനേകം പോർട്ടലുകൾ വരും. ഇതൊരു ആശയമായി ഇടമുറിയാത്ത തുടർച്ചയായി പുതിയ സാധ്യതകളും പുതിയ രീതികളും കണ്ടെത്തി മുന്നോട്ട് ചലിച്ചുകൊണ്ടേയിരിക്കും.
വാർത്തയാക്കേണ്ടെന്ന് മുഖ്യധാരാ മാദ്ധ്യമങ്ങൾ തീരുമാനിക്കുന്ന ഒന്നും വാർത്തയാവാതെ പോവില്ല. അക്ഷരങ്ങളും ദൃശ്യങ്ങളും ശബ്ദവും ഗ്രാഫിക്സും വരകളും ട്രോളുകളും ചേർന്ന വാർത്താരൂപങ്ങൾ, വിശകലനങ്ങൾ, തെറ്റുതിരുത്തിയും ചൂണ്ടിക്കാണിച്ചും നിരന്തരം ആശയങ്ങളെ സമൂഹമധ്യത്തിലേക്ക് എറിഞ്ഞുകൊടുത്തുകൊണ്ടേയിരിക്കുകയാണ്. ഓൺലൈൻ സിറ്റിസൺ ജേണലിസത്തിലെ ഉള്ളടക്കത്തിന്റെ, ആധികാരിതകയെക്കുറിച്ചുള്ള സംശയങ്ങളായിരുന്നു മുഖ്യധാരാ മാദ്ധ്യമങ്ങളിലേക്ക്, അവയുടെ ഉണ്ടെന്ന് കരുതുന്ന ഉത്തരവാദിത്വത്തിലേക്ക് ഓൺലൈൻ വിപ്ലവയാഥാർത്ഥ്യങ്ങളുടെ കാലത്തും വാർത്താന്വേഷകരെ, വായനക്കാരെ എത്തിച്ചുകൊണ്ടിരുന്നിരുന്നത്. എന്നാൽ ഭാവുകത്വപരിണാമത്തിന്റെ ആവശ്യകതയെക്കുറിച്ച്, സ്വയം ചിന്തിക്കാത്ത, മുഖ്യധാരാ അച്ചടിമാദ്ധ്യമങ്ങൾ മലയാളിയുടെ വായനാശീലത്തിന്റെ ചെറിയ ആനുകൂല്യത്തിൽനിന്നുപോലും പുറത്തേക്കു തെറിക്കുമെന്ന സത്യം ആദ്യവും അവസാനവും തിരിച്ചറിയേണ്ടത് മുഖ്യധാരാ മാദ്ധ്യമങ്ങൾ മാത്രമാണ്.
92 വയസ്സ് പിന്നിട്ട് കമ്യൂണിസറ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ്. അച്യുതാനന്ദൻ ഈ ഇലക്ഷൻ കാംപെയിൻ കാലത്ത് ഫേസ്‌ബുക്ക് അക്കൗണ്ട് തുടങ്ങി. അദ്ദേഹമിപ്പോൾ വാർത്താക്കുറിപ്പ് എഴുതി പത്രങ്ങൾക്കെത്തിച്ചുകൊടുക്കാറില്ല. ഇനിയൊരുപക്ഷേ, വാർത്താസമ്മേളനം നടത്തില്ലെന്നും വന്നേക്കാം. തനിക്കു പറയാനുള്ളതൊക്കെയും ഫേസ്‌ബുക്കിൽ പോസ്റ്റും ട്വീറ്റ്ചെയ്യും. മുഖ്യധാരാ മാദ്ധ്യമങ്ങളും പാർട്ടി അണികളും പൊതുജനവും ഒരേസമയത്ത് കാര്യങ്ങളറിയും.
വാർത്തയെന്ന ഉത്പന്നം ഇന്ന് ഏറ്റവും കൂടുതൽ വെല്ലുവിളിക്കുന്നത് മുഖ്യധാരാ അച്ചടി മാദ്ധ്യമങ്ങളെത്തന്നെയാണ്. ഭരണകൂടങ്ങൾക്കും കക്ഷിരാഷ്ട്രീയനേതൃത്വങ്ങൾക്കും എസ്റ്റാബ്ലിഷ്മെന്റുകൾക്കും മുന്നിൽ വിധേയപ്പെട്ടുനിൽക്കുന്ന ഒരു മുഖ്യധാരാമാദ്ധ്യമത്തിനും ജേണലിസത്തിനും ജനപക്ഷത്തുനിൽക്കലാണ് ആദ്യമുൻഗണനയെന്ന് സ്വയം തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ കുറച്ചുകാലംകൂടി മാത്രമേ കിതച്ചുകൊണ്ട് ചലിക്കാനാവൂ. വ്യാജമായ ജേണലിസവും ജേണലിസ്റ്റുകളും തുറന്നുകാട്ടപ്പെടുകതെന്നെ ചെയ്യും. ആത്മവിമർശനപരമായ തിരുത്തൽ, പാരമ്പര്യചാരുകസേരകളിൽനിന്നുള്ള എഴുന്നേൽക്കൽ, ജനപക്ഷരാഷ്ട്രീയത്തെ തിരിച്ചറിയൽ ഒക്കെ അച്ചടി വാർത്താമാദ്ധ്യമങ്ങൾ നടത്തിയില്ലെങ്കിൽ എത്ര മൂലധന പിന്തുണയുണ്ടായിട്ടും ഒരു കാര്യവുമില്ല.'' മനില.സി. മോഹൻ ഉപസംഹരിക്കുന്നു.