- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഫിഫ്ത്ത് എസ്റ്റേറ്റിന്റെ കാലം!
ഇപ്പോൾ മാദ്ധ്യമങ്ങൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നതിനെപ്പറ്റി തന്മ എന്ന മാസികയിൽ 2014 നവംബറിൽ 40 വർഷത്തെ പത്രപ്രവർത്തകപാരമ്പര്യമുള്ള പത്രപ്രവർത്തകരിലെതന്നെ ഏറ്റവും സീനിയറായ മാടവന ബാലകൃഷ്ണപിള്ള എഴുതിയ ''ഇനി ഫിഫ്ത്ത് എസ്റ്റേറ്റിന്റെ കാലം'' എന്ന ലേഖനം ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാകുന്നു. മീഡിയ ആക്ടിവിസം കഴിഞ്ഞ കാലങ്ങളിൽ ക്രിയാശക്തിയുടെ വീറിൽ ജ്വലിച്ചുനിന്ന ഒരു മന്ത്രിയുടെ ഇപ്പോഴത്തെ മെല്ലെപ്പോക്കുനയത്തിൽ നിരാശ തോന്നിയ ഞാൻ കുശലപ്രശ്നങ്ങൾക്കിടയിൽ ചോദിച്ചുപോയി, ''എന്തേ ഇങ്ങനെ ആക്ടീവല്ലാതാകാൻ?'' ''ആക്ടീവാകാൻ നിങ്ങൾ പത്രങ്ങളുണ്ടല്ലോ?'' നിരാശയോടെയുള്ള മറുചോദ്യം. അപ്പോഴതാണു കാരണം. മീഡിയ ആക്ടിവിസം. അതിനാൽ അദ്ദേഹത്തിന് ഒന്നും ചെയ്യാനാകുന്നില്ല. ''എന്തുചെയ്താലും കുറ്റം. അപ്പോൾ പിന്നെ ചെയ്യാതിരിക്കുന്നതല്ലേ ഭംഗി? ആരോപണങ്ങളിൽനിന്നെങ്കിലും രക്ഷപ്പെടുമല്ലോ?'' തന്റെ സക്രിയമായ ഭരണനടപടികൾക്കു കടിഞ്ഞാണിടുന്നതു മാദ്ധ്യമങ്ങളാണെന്നുള്ള ധാരണയാണു മന്ത്രിക്കുള്ളത്. ''ഇവനെപ്പേടിച്ചാരും നേർവഴി നടപ്പീല.'' ''റോഡിൽ
ഇപ്പോൾ മാദ്ധ്യമങ്ങൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നതിനെപ്പറ്റി തന്മ എന്ന മാസികയിൽ 2014 നവംബറിൽ 40 വർഷത്തെ പത്രപ്രവർത്തകപാരമ്പര്യമുള്ള പത്രപ്രവർത്തകരിലെതന്നെ ഏറ്റവും സീനിയറായ മാടവന ബാലകൃഷ്ണപിള്ള എഴുതിയ ''ഇനി ഫിഫ്ത്ത് എസ്റ്റേറ്റിന്റെ കാലം'' എന്ന ലേഖനം ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാകുന്നു.
മീഡിയ ആക്ടിവിസം
കഴിഞ്ഞ കാലങ്ങളിൽ ക്രിയാശക്തിയുടെ വീറിൽ ജ്വലിച്ചുനിന്ന ഒരു മന്ത്രിയുടെ ഇപ്പോഴത്തെ മെല്ലെപ്പോക്കുനയത്തിൽ നിരാശ തോന്നിയ ഞാൻ കുശലപ്രശ്നങ്ങൾക്കിടയിൽ ചോദിച്ചുപോയി, ''എന്തേ ഇങ്ങനെ ആക്ടീവല്ലാതാകാൻ?'' ''ആക്ടീവാകാൻ നിങ്ങൾ പത്രങ്ങളുണ്ടല്ലോ?'' നിരാശയോടെയുള്ള മറുചോദ്യം.
അപ്പോഴതാണു കാരണം. മീഡിയ ആക്ടിവിസം. അതിനാൽ അദ്ദേഹത്തിന് ഒന്നും ചെയ്യാനാകുന്നില്ല. ''എന്തുചെയ്താലും കുറ്റം. അപ്പോൾ പിന്നെ ചെയ്യാതിരിക്കുന്നതല്ലേ ഭംഗി? ആരോപണങ്ങളിൽനിന്നെങ്കിലും രക്ഷപ്പെടുമല്ലോ?'' തന്റെ സക്രിയമായ ഭരണനടപടികൾക്കു കടിഞ്ഞാണിടുന്നതു മാദ്ധ്യമങ്ങളാണെന്നുള്ള ധാരണയാണു മന്ത്രിക്കുള്ളത്. ''ഇവനെപ്പേടിച്ചാരും നേർവഴി നടപ്പീല.''
''റോഡിൽ കുഴിവന്നാൽ വകുപ്പുമന്ത്രിക്കാണു പരാതി. റോഡ് പണിയിൽ അഴിമതി. പിന്നെ, കുഴി, കുളമായി മാറുന്നുവെന്നുള്ള നിരന്തരമായ പരാതികളും വാർത്തകളും. അങ്ങനെയെങ്കിൽ അതൊന്നു നികത്തിയാലോ? ടെണ്ടറില്ല. നടപടിക്രമങ്ങൾ പാലിച്ചില്ല. അഴിമതിയോടഴിമതി.'' മന്ത്രിമാരുടെ നിസ്സഹായാവസ്ഥയെ അദ്ദേഹം കാര്യകാരണസഹിതം വരച്ചുകാട്ടുകയാണ്. ഉദ്യോഗസ്ഥരുടെ സ്ഥിതിയും മറിച്ചല്ല. അതിനാൽ ആരും റിസ്‌കെടുക്കാൻ തയാറാകുന്നില്ല.
''ഇതിനു മാറ്റം വന്നേ തീരൂ. അല്ലെങ്കിൽ നാടിന്റെ വികസനം തന്നെ നിലയ്ക്കും.'' അദ്ദേഹം കൂട്ടിച്ചേർത്തു. മാദ്ധ്യമങ്ങളെ അധികാരവർഗ്ഗത്തിൽ കഴിയുന്നവർ വല്ലാതെ ഭയക്കുന്നുണ്ടെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണിത്.
ഈ അവസ്ഥ തീർത്തും അപകടകരമാണ്. മാദ്ധ്യമങ്ങൾ പേടിപ്പെടുത്തുന്ന ഉപകരണങ്ങളല്ല. മറിച്ചു തിരുത്തൽ ശക്തിയാണ്. തെറ്റു ചെയ്താൽ മാദ്ധ്യമങ്ങൾ പിടിക്കുമെന്നുള്ള ഒരു ബോധം സമൂഹത്തിലുണ്ടാകുന്നതു നല്ലതുതന്നെ. പക്ഷേ, നിരപരാധികളെപ്പോലും വിഴുങ്ങും വിധം വായും പിളർന്നു തക്കം പാർക്കുന്ന ഹിംസ്രജീവികളുടെ ലേബൽ മാദ്ധ്യമങ്ങൾ സ്വീകരിക്കുന്നതു ശരിയല്ലെന്നുള്ളതാണ് ഈ മേഖലയിൽ നാല്പത്തിനാലു വർഷത്തോളം പ്രവൃത്തിപരിചയമുള്ള എന്റെ പക്ഷം.
പത്രങ്ങൾ ഇല്ലാത്ത ഒരവസ്ഥയെപ്പറ്റി നമുക്കു ചിന്തിക്കാൻ പോലും കഴിയില്ല. അങ്ങനെയായാൽ കാട്ടുനീതിയാകും നാട്ടിലും പുലരുക. അടിയന്തിരാവസ്ഥക്കാലത്തു നാമതു കണ്ടതാണ്. അനുഭവിച്ചു നൊന്തുനീറിയതാണ്. പത്രസ്വാതന്ത്ര്യത്തിന്റെ സ്വച്ഛവും സുന്ദരവുമായ ജനാധിപത്യക്കാറ്റിൽ വിഹരിക്കുന്ന മാദ്ധ്യമങ്ങൾക്കു മാത്രമേ സമൂഹത്തിന്റെ കാവൽമാലാഖമാരായി മാറാനാവുകയുള്ളു. അഴിമതിക്കാരും സ്വജന പക്ഷപാതക്കാരും കെടുകാര്യസ്ഥരുമൊക്കെ കണ്ണടച്ചുപിടിച്ചുകൊണ്ടു കാട്ടിക്കൂട്ടുന്ന സാമൂഹ്യവിരുദ്ധ നടപടികൾ സദാ കണ്ണും തുറന്നുവച്ചുകൊണ്ടു ശ്രദ്ധിക്കുന്ന മാദ്ധ്യമങ്ങളുണ്ടെന്നുള്ളതാണ് ജനാധിപത്യത്തിന്റെ ശക്തിയും ശബ്ദവും.
ചോരുന്ന വിശ്വാസ്യത, ഏറുന്ന പ്രചാരം
ഇവിടെ മാദ്ധ്യമങ്ങൾ ഒരു തിരുത്തൽശക്തിയായിട്ടാണ് വർത്തിക്കേണ്ടത്. തെറ്റുചെയ്താൽ പൊളിച്ചുകാട്ടുന്ന ഏജൻസി. അപ്പോൾ ഈ ഏജൻസികൾക്ക് പ്രഥമവും പ്രധാനവുമായി വേണ്ടത് വിശ്വാസ്യതയാണ്. വിശ്വാസ്യത നഷ്ടപ്പെട്ടാൽ മാദ്ധ്യമങ്ങൾ പറയുന്നതൊന്നും ജനങ്ങൾ മുഖവിലയ്ക്കെടുക്കില്ല. നിർഭാഗ്യമെന്നു പറയട്ടെ, മാദ്ധ്യമങ്ങളുടെ വിശ്വാസ്യത ഇപ്പോൾ ചോർന്നുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും ചാനൽ വാർത്തകളുടെ. ചാനലുകളുടെ ദുഃസ്വാധീനം, അച്ചടി മാദ്ധ്യമങ്ങളെയും കുറെയൊക്കെ ബാധിച്ചിട്ടുണ്ടെന്നുള്ളതും വസ്തുത. വസ്തുതകളുടെ പിൻബലത്തോടെ മാത്രമേ വാർത്തകൾ നൽകാനാവൂ എന്നുള്ള സുവർണ്ണതത്വങ്ങൾ പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്നുള്ളതാണ് ഇന്ത്യയിലെ, പ്രത്യേകിച്ചും കേരളത്തിലെ ഇന്നത്തെ ദയനീയാവസ്ഥ. ഇക്കാര്യത്തിൽ പത്രങ്ങളെക്കാൾ മുൻപന്തിയിൽ ചാനലുകളാണ്. 'ചോരുന്ന വിശ്വാസ്യത, ഏറുന്ന പ്രചാരം' എന്ന വിഷയത്തെ ആസ്പദമാക്കി കഴിഞ്ഞദിവസം ദൂരദർശനിൽ നടന്ന സംവാദത്തിൽ പങ്കെടുത്തപ്പോഴാണ് മാദ്ധ്യമങ്ങളുടെ ഇന്നത്തെ അവസ്ഥയെപ്പറ്റി വീണ്ടും ചിന്തിച്ചുപോയത്.
ഒരുകാര്യം സത്യമാണ്. ചാനലുകളിൽ വാർത്തയുടെ റേറ്റിങ് ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. നമ്മെ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ഉദ്യേഗത്തിന്റെ മുൾമുനയിൽ നിർത്തി പൊരിക്കുകയും ചെയ്യുന്ന സീരിയലുകൾ പിന്തള്ളപ്പെടുകയാണ്, റേറ്റിംഗിൽ. വിസ്മയിപ്പിക്കുകയും വിഭ്രമിപ്പിക്കുകയും ചെയ്യുന്ന കടമറ്റത്തുകത്തനാരന്മാരും സൂര്യകാലടികളുമൊക്കെ പിന്നിൽതന്നെ. സംഗീതത്തിന്റെയും സൗന്ദര്യത്തിന്റെയും പൊടിപൂരമായി അരങ്ങുതകർക്കുന്ന റിയാലിറ്റിഷോകളും വാർത്തകളുടെ ഏഴയലത്തെത്തുന്നില്ല. സരിതമാരുടെയും അബ്ദുള്ളക്കുട്ടിമാരുടെയും സൂര്യനെല്ലിമാരുടെയും അഭയമാരുടെയും ഐസ്‌ക്രീം നായികമാരുടെയുമൊക്കെ തിളങ്ങിവിളങ്ങുന്ന ആക്ഷൻ ത്രില്ലറുകൾ കണ്ണിലും മനസ്സിലും തിളങ്ങിവിളങ്ങുമ്പോൾ ലഹരിക്കായി എന്തിനു വേറൊരു സൂര്യോദയം എന്നാരാണ് ഓർത്തുപോകാത്തത്. ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ എന്റെ മനസ്സും ഇതിൽ വല്ലാതെ സന്തോഷിക്കുന്നുണ്ട്. ''മറ്റെല്ലാം മറന്നേക്കൂ. വാർത്ത... വാർത്ത മാത്രം'' എന്ന പരസ്യവാചകം കേട്ടാൽ ഏതു പത്രപ്രവർത്തകനാണ് ആവേശം കൊള്ളാത്തത്?
മലയാളിയുടെ മനസ്സിന്റെ ആഹാരമായി അഴിമതിക്കഥകൾ മാറിയിരിക്കുന്നു. സാമ്പത്തിക അഴിമതികൾ മാത്രമല്ല അഴിമതിക്കഥകൾക്കാധാരം. കെടുകാര്യസ്ഥത, സ്വജനപക്ഷപാതം, തീവ്രവാദം, കൊള്ള, ഭരണസ്തംഭനം, നിസ്സംഗത തുടങ്ങിയവയൊക്കെ അഴിമതികൾതന്നെ. ഇതിലൊക്കെ സെക്സിന്റെ പനിനീർകൂടി തളിച്ചാൽ കുശാലായി. ലഹരിയായി. മൃഷ്ടാന്ന ഭോജനമായി.
മൂന്നുനേരവും വെവ്വേറെ അഴിമതിക്കഥകൾ പുറത്തുവിടുന്നതിലാണു ചാനലുകൾക്കു താൽപര്യം. കഴിഞ്ഞില്ലെങ്കിൽ രണ്ടുനേരമെങ്കിലും. അങ്ങനെയായാൽ ഏമ്പക്കവും വിട്ടു പ്രേക്ഷകർ സമാധാനത്തോടെ കിടന്നുറങ്ങിക്കൊള്ളും. ഇല്ലെങ്കിൽ പ്രേക്ഷകരുടെ വിശപ്പടങ്ങില്ലെന്നുള്ള ധാരണയാണു ചാനലുകൾക്കുള്ളത്. അതിനുള്ള മരണവെപ്രാളത്തിലാണീ ചാനലുകൾ. ഈ ജീവന്മരണ പോരാട്ടത്തിൽ സത്യം തഴയപ്പെടുന്നു. അങ്ങനെ അസത്യത്തിന്റെ മുഖാവരണമണിയിച്ച് ആർഭാടപൂർവം അവതരിപ്പിക്കപ്പെടുന്നു. അതുവഴി വിശ്വാസ്യത ചോരുന്നു. പ്രചാരം വർധിക്കുന്നു.
നെയ്മർ ആയുർവേദ ചികിത്സായ്ക്കായി കേരളത്തിലേക്ക്!
ബ്രസീൽതാരം നെയ്മർ ലോകകപ്പോടുകൂടി ലോകമാസകലമുള്ള ഫുട്ബോൾ പ്രേമികളുടെ ഹരമായി മാറുകയായിരുന്നു. ബ്രസീലിന്റെ ഭാഗ്യനക്ഷത്രമായി എല്ലാവരും ഈ കായികതാരത്തെ പുകഴ്‌ത്തി. പ്രതീക്ഷയുടെ പറുദീസയിലേക്കു കുതിക്കുകയായിരുന്നു നെയ്മർ. അതിനാൽതന്നെ, ബ്രസീൽ ഇക്കുറി ലോകകപ്പു നേടുമെന്നെല്ലാവരും കണക്കുകൂട്ടി. ഈ പ്രത്യാശയുടെ ലഹരിയിലായിരുന്നു ബ്രസീലിലെ ആബാലവയോധികം ജനങ്ങളും. ലോകകപ്പുമേളയുടെ സംഘാടക ശക്തിക്കുതന്നെ ഇത് ഊർജ്ജമായി.
പക്ഷേ, എല്ലാം പെട്ടെന്നു കെട്ടടങ്ങി. പ്രതീക്ഷയുടെ കൊടുമുടിയിൽനിന്നും നെയ്മറെ തള്ളിത്താഴെയിട്ടു ചവിട്ടിമെതിച്ചു. ഒരു കൊളംബിയൻ താരം നെയ്മറുടെ നട്ടെല്ലും നെഞ്ചെല്ലുമൊക്കെ കളിക്കിടയിൽ ഞെക്കിയൊടിച്ചു. ചാനലിൽ കളി കണ്ടവർക്കും നേർകാഴ്ച കണ്ടവർക്കും മനപ്പൂർവ്വമുള്ള ആക്രമണമാണതെന്ന കാര്യത്തിൽ സംശയമില്ല. മത്സരത്തിലെ ശത്രുവായ നെയ്മറെ നിർവീര്യനാക്കുക. ഫലമുണ്ടായി.
[BLURB#1-VL]ബ്രസീൽ തോറ്റു തുന്നംപാടി. ബ്രസിലിയൻ ജനത കണ്ണീരൊഴുക്കി. ലോക ഫുട്ബോൾ പ്രേമികൾ നിരാശരായി. അസ്ഥിബന്ധങ്ങൾ തകർന്ന നെയ്മർ ചികിത്സയിലാണ്. ഇതേ സന്ദർഭത്തിലാണു മലയാളം ചാനലുകൾ നെയ്മറെ വട്ടമിട്ടു പിടിച്ചത്. ഒരുഗ്രൻ വാർത്ത ബ്രേക്കിങ് ന്യൂസായി ഓരോ ചാനലും മത്സരിച്ചു വിളമ്പി നൽകി.
ഈ വാക്കുകൾ വാർത്തയായി ചാനലിൽ സ്‌കോർ ചെയ്യാൻ തുടങ്ങിയതോടെ കാണികൾ ഞെട്ടി. ഇതെന്തൊരത്ഭുതം! ജനം അന്തംവിട്ടിരിക്കുമ്പോൾ അടുത്ത വരികൾ പ്രത്യക്ഷമായി. ''ആയുർവേദ ചികിത്സയ്ക്കാണ് നെയ്മർ കേരളത്തിലെത്തുന്നത്. ബ്രസീലിയൻ സർക്കാർ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞു. എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താമെന്നു മുഖ്യമന്ത്രി ഉറപ്പുനൽകുകയും ചെയ്തു.''
അപ്പോൾ ചികിത്സയാണു കാര്യം. ആദ്യം വിശ്വസിക്കാൻ വിഷമം തോന്നിയെങ്കിലും രണ്ടാം വായനയിൽ നല്ല സാധ്യത തോന്നാതിരുന്നില്ല. ആയുർവേദത്തിനു പുകൾപെറ്റ കേരളത്തിനു ലഭിക്കുന്ന ഒരു ലോട്ടറിയായിട്ടാണു തോന്നിയത്. ആയുർവേദത്തെപ്പറ്റിയുള്ള സന്ദേശം ബ്രസീലിലും എത്തിയതിലുള്ള ആഹ്ലാദം ചില്ലറയായിരുന്നില്ല.
ഏതാനും മിനിറ്റുകൾക്കുശേഷം ഇതേപ്പറ്റിയുള്ള വിശദമായ വാർത്തകൾ ചാനലുകൾ വിളംബരം ചെയ്യാൻ തുടങ്ങി. അവസാനിക്കാത്ത വാർത്തകൾ. ആയുർവേദ ഡയറക്ടർ, തിരുവനന്തപുരം ആയുർവേദ കോളേജ് പ്രിൻസിപ്പൽ തുടങ്ങിയവരുമായുള്ള അഭിമുഖങ്ങൾ. ഏതു തരം ചികിത്സയും നൽകാനുള്ള പ്രാപ്തി കേരളത്തിനുണ്ടെന്നു ഡയറക്ടറും മറ്റും ചങ്കൂറ്റത്തോടെ പ്രഖ്യാപിക്കുന്നു.
വാർത്ത തീരുന്നില്ല. പിന്നെ ചാനൽ ചർച്ചകളായി. ചർച്ചയോടുചർച്ചകൾ. ചർച്ചയിൽ ഒരാളുടെ ആവശ്യം നെയ്മറെ മലബാർ മേഖലയിലേക്കു കൊണ്ടുവരണം! ചുരുക്കത്തിൽ ഉച്ചമുതൽ പാതിരാത്രിവരെ ന്യൂസ് ചാനലുകളിൽ നെയ്മറും കേരളവും ആയുർവേദവും മാത്രമായിരുന്നു. പാലാ മഹാകവിയുടെ വരികൾ അന്വർത്ഥമാകുകയാണെന്നു തോന്നിപ്പോയി. ''കേരളം വളരുന്നു, അന്യമാം ദേശങ്ങളിൽ.'' ഏതു കേരളീയന്റെ മനസ്സിലും ആഹ്ലാദം തിരതല്ലുന്ന ആയുർവേദ വാർത്ത.
പിറ്റേന്നത്തെ ദിനപ്പത്രങ്ങളിലും ഈ വാർത്ത അല്പം കാര്യമായിത്തന്നെ പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ, പിറ്റേന്നു ചാനലുകളിലൊന്നും ഒരു വരിപോലും ഇതേപ്പറ്റി എഴുതിയോ പറഞ്ഞോ കാണുകയോ കേൾക്കുകയോ ചെയ്തില്ല. ഇതെന്തു മറിമായം? രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോഴാണു സംഗതിയുടെ കിടപ്പുവശം വ്യക്തമാകുന്നത്. നെയ്മർ പോയിട്ടു ബ്രസീലിലെ ഒരു നായക്കുട്ടിപോലും കേരളത്തിലേക്കു വരുന്നില്ല. ഇങ്ങനെ ഒരു സംഭവം നെയ്മറോ ബ്രസീൽകാരോ സ്വപ്നത്തിൽപോലും ചിന്തിച്ചിട്ടുമില്ല!
പക്ഷേ, പുകയില്ലാതെ തീയുണ്ടാകില്ലല്ലോ? അൽപം പുകഞ്ഞുവെന്നുള്ളത് ഒരു പുകയായി മാറിയെന്നുള്ളതു സത്യം. അതുകൊണ്ടാണല്ലോ ചാനലുകൾ അതിട്ട് ഊതിയൂതി തീനാളങ്ങളാക്കിയതും. അവസാനം ഇതേ മാദ്ധ്യമങ്ങൾ തന്നെ ഇതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ തലയിൽ വച്ചുചാർത്തി. അതിൽ വിഷണ്ണനായ ഉമ്മൻ ചാണ്ടി പരസ്യമായി തന്റെ നീരസം ഒരു പത്രസമ്മേളനത്തിൽ പുറത്തെടുക്കുകയും ചെയ്തു.
''സ്വന്തം ഇഷ്ടാനുസരണം നൽകുന്ന ബ്രേക്കിങ് ന്യൂസുകൾ തെറ്റായി മാറുമ്പോൾ അതിന്റെ പഴിയും എന്റെ തലയിൽ കെട്ടിവയ്ക്കരുത്.'' മുഖ്യമന്ത്രി തുറന്നുപറഞ്ഞു. ''ആരോ പറഞ്ഞറിഞ്ഞ വിവരമനുസരിച്ച് നെയ്മറെപ്പറ്റി വാർത്ത കൊടുത്തു. നെയ്മറോ ബ്രസീലുകാരോ ഇക്കാര്യം സ്വപ്നം കണ്ടിട്ടുപോലുമില്ലായിരുന്നു. അവസാനം മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റിദ്ധരിപ്പിച്ചുവെന്നായി. കാര്യങ്ങൾ അന്വേഷിച്ചു വാർത്തകൊടുക്കാത്തതിന്റെ ദുരന്തം.'' അദ്ദേഹം കൂട്ടിച്ചേർത്തു.
മാദ്ധ്യമങ്ങളുടെ മരണപ്പാച്ചിൽ
ഇതിവിടെ സൂചിപ്പിക്കാനൊരു പ്രത്യേക കാരണവും ഇല്ലാതില്ല. ദേശീയ പ്രക്ഷേപണദിനത്തോടുനുബന്ധിച്ച് ദൂരദർശൻ 'മാദ്ധ്യമങ്ങളുടെ മരണപ്പാച്ചിൽ' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സംവാദത്തിൽ ഞാനും പങ്കെടുക്കുകയുണ്ടായി. മുതിർന്ന പത്രപ്രവർത്തകരായിരുന്നു ചർച്ചയിൽ. മാദ്ധ്യമങ്ങളുടെ ഇന്നത്തെ ലക്കും ലഗാനുമില്ലാത്ത ഇത്തരം വാർത്താപ്രചാരണപ്രക്രിയയിൽ ഭൂരിഭാഗം പേരും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
നെഗറ്റീവ് പത്രപ്രവർത്തനത്തിന്റെ ശക്തി വർധിച്ചുവരികയാണെന്നുള്ളതായിരുന്നു എന്റെ പ്രധാന വാദമുഖം. കുറ്റാരോപിതരെയും കുറ്റം ചെയ്തവരെയുമൊക്കെ ആദ്യം പത്രങ്ങൾ തല്ലിത്തകർക്കും. കുറേ കഴിയുമ്പോൾ ഇതേ മാദ്ധ്യമങ്ങൾ ഇക്കൂട്ടരെ പൊക്കിയെടുത്ത് അതുവരെ പറ്റിപ്പിടിച്ചിട്ടുള്ള അഴുക്കുകളെല്ലാം സുഗന്ധസോപ്പിട്ടു തേച്ചുകഴുകി വൃത്തിയാക്കി പടിപടിയായി ഉയർത്തിക്കാട്ടുക. കുറേ കഴിയുമ്പോൾ അവരെ പരിശുദ്ധരായി പ്രഖ്യാപിച്ചെന്നും വരും.
മദനിയും സരിതാനായരും ധർമരാജനും അഫ്സൽഗുരുവും ചാൾസ് ശോഭരാജും ഒക്കെ ഇങ്ങനെ വാഴ്‌ത്തപ്പെട്ടവരാണ്. താഴ്‌ത്തപ്പെട്ടശേഷം വാഴ്‌ത്തപ്പെട്ടവർ! മദനിയും കുടുംബാംഗങ്ങളും പോകുന്ന വഴിയെല്ലാം ഇപ്പോൾ തത്സമയസംപ്രേഷണം! പണ്ടു മദനിയെ ഓടിച്ചിട്ട് ഇകഴ്‌ത്തുകയായിരുന്നു. സരിതാനായരാകട്ടെ ഇപ്പോൾ സെലിബ്രിറ്റിയും! സരിതയുടെയും ഐസ്‌ക്രീംഫെയിം റജീനയുടെയുമൊക്കെ വാക്കുകൾക്കുവേണ്ടി ചാനൽ ക്യാമറാമാന്മാർ കണ്ണോർത്തുനിൽക്കുന്നു. ഇത്തരം പുകഴ്‌ത്തലുകൾ വഴി ലഭിച്ച പ്രതിച്ഛായയുടെ പേരിൽ ഓട്ടോഗ്രാഫ് വാങ്ങാൻപോലും ആളുകൾ കാത്തുനിൽക്കുന്ന ദുരവസ്ഥ.
ഇതാണ് പത്രപ്രവർത്തനമെന്നു വന്നാൽ?
'വേദ്പ്രകാശ് വൈദിക്-ഹാഫിസ് സെയ്ദ്' കൂടിക്കാഴ്ചയെപ്പറ്റി ഞാൻ സംവാദത്തിൽ ശക്തമായി ഉന്നയിക്കുകയുണ്ടായി. എന്താണീ വിഷയം? ഇന്ത്യയുടെ ആജന്മശത്രുവാണു ഹാഫിസ് സെയ്ദെന്ന ഭീകരൻ. ബോംബെ ആക്രമണത്തിന്റെ പ്രേരകശക്തി. ഇന്ത്യയുടെ സാമ്പത്തികസിരാകേന്ദ്രം തന്നെ തകർക്കാൻ പദ്ധതിയിട്ട സെയ്ദിനെയാണു പത്രപ്രവർത്തകനായ വേദപ്രകാശ് വൈദിക് പാക്കിസ്ഥാനിലെത്തി കണ്ടതും അഭിമുഖ സംഭാഷണം നടത്തിയതും.
പക്ഷേ, വൈദിക് ഈ അഭിമുഖം ഇന്നേവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഒരക്ഷരം പ്രക്ഷേപണം ചെയ്തിട്ടുമില്ല. ആകെ ഇരുവരും ഒപ്പമിരിക്കുന്ന ഒരു ഫോട്ടോ ഫേസ്‌ബുക്കിൽ ഇട്ടെന്നുമാത്രം. അതിന്റെ പേരിൽ, ദേശീയ ചാനലുകളും പത്രങ്ങളും നാലഞ്ചുദിവസം നിലക്കാത്ത ചർച്ചകളും വാർത്തകളും ഇട്ടലക്കുകയായിരുന്നു. വൈദിക് അങ്ങനെ സൂപ്പർതാരമായി.
ഫലമോ? നാലഞ്ചുദിവസം പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. കേന്ദ്രസർക്കാരിന്റെ അറിവോടെയാണു വൈദിക്, സെയ്ദിനെ കണ്ടതെന്നായിരുന്നു ആരോപണം; മധ്യസ്ഥനെന്ന മട്ടിൽ. പാക്കിസ്ഥാനിലെ ഇന്ത്യൻ എംബസി ഈ കൂടിക്കാഴ്ച ഒരുക്കിയതായിട്ടാണു ചാനൽ ചർച്ചകളിലെ അമിട്ടുകൾ. മേക്കപ്പണിഞ്ഞു രാഷ്ട്രീയ നേതാക്കളും പത്രപ്രവർത്തകരുമൊക്കെ ചാനലുകളിലിരുന്നു വൈദിക്കിന്റെ അത്ഭുതസിദ്ധികളെപ്പറ്റി ടൺ കണക്കിനുള്ള വാക്കുകൾ ഡൗൺലോഡ് ചെയ്തു പുറത്തുവിട്ടു.
കേന്ദ്രഗവൺമെന്റിന്റെ അറിവോടെയല്ല വൈദിക്കിന്റെ സന്ദർശനമെന്നു വിദേശകാര്യമന്ത്രിയും മറ്റു മന്ത്രിമാരും ആവർത്തിച്ചുപറഞ്ഞിട്ടും വാർത്തയിൽ അതൊന്നും കാര്യമായി ഒളിമിന്നിയില്ല. ഇന്ത്യയിലെ പാക്കിസ്ഥാൻ എംബസിയും പാക്കിസ്ഥാനിലെ ഇന്ത്യൻ എംബസിയും ഒന്നുപോലെ ആണയിട്ടു പറഞ്ഞു-ഇവരുടെ കൂടിക്കാഴ്ചയെപ്പറ്റി ഞങ്ങൾക്കൊരറിവുമില്ല. പക്ഷേ, ഈ രണ്ടു 'സത്യപ്രതിജ്ഞ'കളും മാദ്ധ്യമങ്ങളിൽ തിളങ്ങിയില്ല.
ഇതാണു പത്രപ്രവർത്തനമെന്നുവന്നാൽ? ഈ വിഷയത്തിൽ മാദ്ധ്യമങ്ങൾ കുറ്റവാളിയായി മുദ്രകുത്തിയ സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനു സരിതയ്ക്കും മദനിക്കും നൽകുന്ന വാർത്താപ്രാധാന്യത്തിന്റെ പതിനായിരത്തിലൊരു ഭാഗമെങ്കിലും നൽകേണ്ടതല്ലേ?
ഇനി എന്റെ ഒരു സംശയം. ഈ വേദ്പ്രകാശ് വൈദിക്, ഹാഫീസ് സെയ്ദിനെ കണ്ടെന്നുള്ളതിന് എന്താണ് യഥാർത്ഥ തെളിവ്? ഇരുവരും അടുത്തടുത്തിരിക്കുന്ന ഒരു ഫോട്ടോ ഫേസ്‌ബുക്കിൽ വന്നതുകൊണ്ടു മാത്രം അതു സത്യമാകണമെന്നുണ്ടോ? ഈ കമ്പ്യൂട്ടർ യുഗത്തിൽ ആർക്കും ആരോടൊപ്പം ഇരിക്കുന്ന ഫോട്ടോകളും മോർഫ് ചെയ്തെടുക്കാൻ ഒരു വിഷമവുമില്ല.
പൊങ്ങച്ചം നടിക്കാനായി ഇങ്ങനെയൊരു നാടകം കളിച്ചുവെന്നു ചിന്തിക്കുന്നതിൽ കഴമ്പില്ലെന്നു പറയാനാകുമോ? ഒരു പത്രപ്രവർത്തകൻ കുപ്രസിദ്ധനായ ഒരു പ്രമാണിയുടെ വെറും ദർശനത്തിനായി മാത്രം പോകാറില്ലല്ലോ? അഭിമുഖ സംഭാഷണം നടത്തിയെങ്കിൽ അതു പ്രസിദ്ധീകരിക്കുമായിരുന്നില്ലേ? കാരണം, അഭിമുഖം എവിടെയെന്ന് എത്രയോ പേർ ഇതിനോടകം വൈജികിനോടു ചോദിച്ചുകഴിഞ്ഞിരിക്കുന്നു. പഠിച്ച കള്ളനെപ്പോലെ 'വൈദിക്' മൗനം പാലിക്കുകയാണ്, ഉത്തരം മുട്ടിയ മട്ടിൽ.
നേരറിയാനും അതു നേരെ ചൊവ്വേ മാലോകരെ അറിയിക്കാനുമുള്ള ധാർമിക ഉത്തരവാദിത്വമാണു മാദ്ധ്യമങ്ങൾക്കുള്ളത്. പക്ഷേ, ഇന്നാകട്ടെ നേരത്തെ അറിയിക്കാനുള്ള തത്രപ്പാടിൽ നേരിനു പാരവയ്ക്കുന്ന പ്രവണതവഴി മാദ്ധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് ഊനം തട്ടിയിട്ടുണ്ടെന്നുള്ളതു സത്യം.
കസ്റ്റഡിയിലെടുത്തു ക്വസ്റ്റ്യൻ ചെയ്യുന്ന ചാനൽ ആങ്കർമാർ
കസ്റ്റഡിയിലെടുത്തു ക്വസ്റ്റ്യൻ ചെയ്യുന്ന മട്ടിൽ ചർച്ചയ്ക്കെത്തുന്നവരെ ചില ചാനൽ ആങ്കർമാർ തേജോവധം ചെയ്യുന്നതിനെപ്പറ്റിയും ചർച്ചാവിഷയമായി. എത്രയോ പ്രമാണികൾ ചർച്ചകളിൽനിന്നും ഇടയ്ക്കുവച്ചു വാക്ഔട്ട് നടത്തിയിരിക്കുന്നു. അർണബ്ഗോസ്വാമിമാരുടെയും തരുൺ ഥാപർമാരുടെയും വലയിൽപെടുന്നവരെ ഇരുത്തിപ്പൊരിക്കുകയാണ്. ഇതേ ജനുസിൽപെട്ടവർ മലയാളത്തിലും കുറവല്ല.
ദൂരദർശൻ 21 വർഷം മുമ്പ് ആദ്യമായി സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്ത എന്റെ അനുഭവം, ആങ്കർ പ്രത്യേകം ആരായുകയുണ്ടായി. അതു സംവാദത്തിൽ ഞാൻ വിവരിക്കുകയും ചെയ്തു. ഒരർത്ഥത്തിൽ അവകാശപ്പെട്ടാൽ, മലയാളത്തിലെ പ്രഥമ ചാനൽ ചർച്ചയിൽ പങ്കെടുത്തവരിൽ ഒരാൾ ഞാനാണ്. കാരണം, അക്കാലത്തു ദൂരദർശനിലെ ആദ്യത്തെ ചർച്ചയെന്നാൽ മലയാള ചാനലുകളിലെ ആദ്യത്തെ ചർച്ചയെന്നു വ്യക്തം.
പ്രഥമ ചർച്ചയിലെ ആങ്കർ പത്രപ്രവർത്തനമേഖലയിലെ അന്നത്തെ ഗ്ലാമർതാരം ലീലാമേനോനായിരുന്നു. കേരളത്തിലെതന്നെ ആദ്യത്തെ വനിതാ റിപ്പോർട്ടറായ, ഇന്ത്യൻ എക്സ്പ്രസിലെ പ്രിൻസിപ്പൽ കറസ്പോണ്ടന്റ്. ചർച്ചയിൽ പങ്കെടുത്തവരാകട്ടെ, പി.ഗോവിന്ദപ്പിള്ള, ടി.എൻ. ജയചന്ദ്രൻ ഐ.എ.എസ്. എന്നിവരോടൊപ്പം ഞാനും. നേമത്തുള്ള നീലാ സിനിമാ സ്റ്റുഡിയോയിലായിരുന്നു റിക്കാർഡിങ്. മായംചേർക്കൽ, സ്ത്രീ ശാക്തീകരണമടക്കം മൂന്നു വിഷയങ്ങൾ. മൂന്ന് എപ്പിസോഡുകളായി ഒറ്റ ദിവസം തന്നെ റിക്കാർഡ് ചെയ്തു മൂന്നുദിവസങ്ങളിലായി പ്രക്ഷേപണം ചെയ്യുകയായിരുന്നു.
പ്രഥമചർച്ചയിൽ സംഘർഷമോ സംഘട്ടനമോ അല്ല, മറിച്ച് കാര്യങ്ങൾ വിശദമാക്കാനുള്ള ഇടപെടൽ മാത്രമായിരുന്നു ലബ്ധപ്രതിഷ്ഠയായ ലീലാമേനോനിൽനിന്നും ആങ്കറെന്ന നിലയിൽ ഉണ്ടായിട്ടുള്ളതും. ഇന്നാകട്ടെ അവതാരകരുംചർച്ചയ്ക്കെത്തുന്നവരും തമ്മിൽ ഗുസ്തിയാണ്. ചർച്ചയിൽ പങ്കെടുക്കുന്നവർ തമ്മിൽ തമ്മിൽ പഞ്ചഗുസ്തിയും. (ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് (ചാനലുകാർ വിളിച്ചുകൊണ്ടുവന്ന അതിഥികൾ) അഭിപ്രായസ്വാതന്ത്ര്യം നൽകാൽ ആങ്കർമർ തയാറല്ലെങ്കിൽ, ആങ്കർമാർക്കു തോന്നിയതു പറയാൻ നാം എന്തിന് അവർക്കു സ്വാതന്ത്ര്യം നൽകണം.)