വാർത്താചാനലുകളെയും മാദ്ധ്യമങ്ങളെയും നയിക്കുന്നതും നിയന്ത്രിക്കുന്നതും വൻ കോർപറേറ്റുകളാണെന്നും അതിനാൽതന്നെ വാർത്താചാനലുകളുടെ ''സ്വതന്ത്ര''പ്രവർത്തനശൈലിയുടെ സത്യസന്ധത മലയാളിയെ അറിയിച്ചത് റിപ്പോർട്ടർ ചാനൽ സ്ഥാപകനായ നികേഷ്‌കുമാറായിരുന്നു. 5-4-2015-ലെ കലാകൗമുദിയിൽ നികേഷ്‌കുമാർ ഇങ്ങനെ എഴുതി.

ഒരു സ്വതന്ത്ര മാദ്ധ്യമം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയിലാണ് റിപ്പോർട്ടർ തുടങ്ങുന്നത്. മാദ്ധ്യമപ്രവർത്തകർക്കു പൂർണ സ്വാതന്ത്ര്യം അനുവദിക്കുന്ന, സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ ഉത്തരവാദിത്വത്തോടെ പെരുമാറുന്ന ഒരു ടെലിവിഷൻ ചാനൽ. ഇന്ത്യാവിഷനാണ് കേരളത്തിലെ വാർത്താ സംസ്‌കാരത്തിന് വിപ്ലവകരമായ മാറ്റം കൊണ്ടുവന്നത്. മലയാളിയുടെ വാർത്താ ശീലത്തിൽ നിർണ്ണായകമായ മാറ്റം. വാഴപ്പിണ്ടി എടുത്തുകളഞ്ഞ് പകരം നട്ടെല്ലുവച്ച മാദ്ധ്യമപ്രവർത്തനം.

ഇന്ത്യാവിഷൻ സൃഷ്ടിച്ച തലമുറയാണ് ഇന്ന് എല്ലാ വാർത്താ ചാനലുകളുടേയും മുന്നണി പോരാളികൾ. വാർത്തയോട് അതി കഠിനമായ പ്രേമമുള്ള, ഒരുത്തന്റെയും ചായ വാങ്ങിക്കുടിക്കാത്ത, രാഷ്ട്രീയക്കാരന്റെ മൂടുതാങ്ങികളല്ലാത്ത പുതിയ തലമുറ. ഈ പുതിയ വാർത്താ സംസ്‌കാരത്തെ ഒരു മൂവ്മെന്റ് ആയാണ് ഞാൻ കാണുന്നത്. നേരത്തെ പ്രവർത്തിച്ച ഇന്ത്യാവിഷനോ ഇപ്പോൾ പ്രവർത്തിക്കുന്ന റിപ്പോർട്ടറോ മാത്രമല്ല എന്റെ അഭിമാനം. വാർത്ത സത്യസന്ധമായി അവതരിപ്പിക്കുന്ന പുതിയ തലമുറയിൽപെട്ട ഒരാൾ ആണെന്നതിലാണ്.

റിപ്പോർട്ടറിന് സാമ്പത്തിക ഞെരുക്കമുണ്ട്, എന്നാൽ പ്രതിസന്ധിയില്ല. ഒന്നാമത്തെ വാർത്താ മാദ്ധ്യമമായി ഞങ്ങൾ മാറുകതന്നെ ചെയ്യും. പ്രിന്റ് 'ദൃശ്യത്തിലേക്ക് കൺവേർജ്' ചെയ്യുന്ന കാലത്തും ഞങ്ങൾ തന്നെയായിരിക്കും മുന്നിൽ. കേന്ദ്രബജറ്റിൽ കോർപ്പറേറ്റുകൾക്ക് അഞ്ചുശതമാനം നികുതി ഇളവും വൻ ആനുകൂല്യവും നൽകിയപ്പോൾ സ്വതന്ത്ര ടെലിവിഷൻ ചാനലുകളുടെ സേവന നികുതി രണ്ടു ശതമാനം ഉയർത്തി 14 ആക്കി നിജപ്പെടുത്തി. വാർത്താ ചാനൽ ലാഭകരമായ ബിസിനസ് അല്ല. ലാഭമുണ്ടാക്കണമെന്ന് തോന്നുന്നവർ ജനറൽ എന്റർടെയിന്മെന്റ് ചാനലാണ് തുടങ്ങുക.

സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്ന് 12 കോടി അടക്കം 15 കോടി രൂപ കടമെടുത്താണ് റിപ്പോർട്ടർ ചാനൽ തുടങ്ങിയത്. കുറേ പണം നിക്ഷേപമായും സ്വീകരിച്ചു. സ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കാനാണ് സ്വന്തം നിലയ്ക്ക് കടം എടുത്തത്. അങ്ങനെ ഒരു പരീക്ഷണം വിജയിക്കുന്നത് അപകടകരമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? കാരുണ്യം ഇല്ലാതെ ജയിലിൽ അടയ്ക്കാൻ നോക്കുന്നത് ആരുടെ താൽപര്യമാണ്.

[BLURB#1-VL]റിപ്പോർട്ടർ നികുതിവെട്ടിപ്പ് നടത്തിയിട്ടില്ല. നികുതി അടയ്ക്കുന്നതിനു കാലതാമസം വരുത്തിയെന്ന് വേണമെങ്കിൽ വാദത്തിന് സമ്മതിക്കാം. അതുപോലും ഹൈക്കോടതിയുടെ വിധിന്യായത്തിന് അനുസരിച്ചു മാത്രമേ പറ്റുമായിരുന്നുള്ളു. ഉപദ്രവിക്കണമെന്നല്ല പൂട്ടിക്കണമെന്നാണ് ഞങ്ങൾക്കെതിരെ അതിക്രമം കാട്ടിയവരുടെ ആഗ്രഹം.

ഇന്ത്യയിൽ എന്റെ അറിവിൽ സ്വന്തം നിലയിൽ പ്രവർത്തിക്കുന്ന ചാനലൊന്നുപോലുമില്ല. ഏതെങ്കിലും വ്യവസായ ഗ്രൂപ്പിന്റെയോ മതത്തിന്റെയോ പാർട്ടിയുടെയോ തണലിലാണേറെയും. ബഹുഭൂരിപക്ഷവും കോർപ്പറേറ്റുകൾ വിഴുങ്ങിക്കഴിഞ്ഞു. ഏഷ്യാനെറ്റിനെ സ്റ്റാർ ഏറ്റെടുത്തു. ബംഗാളിലെ മാ ടിവിയും സ്റ്റാറിനു പോയി. ഇ ടിവിയും ഐബിഎൻ ഗ്രൂപ്പും റിലയൻസിന്റേതാണ്. എൻഡിടിവിയെ ഉടൻ അദാനി വിഴുങ്ങുമെന്നാണ് അറിവ്.

കഴിഞ്ഞ ഏതാനും മാസങ്ങളായി എനിക്കും അനവധി അന്വേഷണങ്ങൾ വരുന്നുണ്ട്. ഷെയർ കൊടുത്തുകൂടെ. എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത്. രാഷ്ട്രീയത്തിലിറങ്ങുന്നതല്ലേ ഇതിനെക്കാൾ നല്ലത്. എന്റെ ഭാവിയിൽ തൽപരരായ സുഹൃത്തുക്കളായതിനാൽ അപ്പോഴെനിക്ക് സംശയം തോന്നിയില്ല. ഇപ്പോൾ ബോധ്യമാകുന്നു, സ്വന്തം നിലയ്ക്ക് നടത്താൻ കഴിയില്ലയെന്ന് ബോധ്യപ്പെടുത്തുന്നതിനുള്ള സമ്മർദ്ദമാണിത്.

വിറ്റ് ഓടണം. അതിനു തയാറുണ്ടോ എന്നതാണ് എന്റെയും മാനേജ്മെന്റിന്റെയും മുമ്പിലുള്ള ചോദ്യം. എന്റെ സഹപ്രവർത്തകരെ കോർപ്പറേറ്റിനു വിറ്റ് ഞാനെങ്ങോട്ടും പോകില്ല. അങ്ങനെ ഒരു സമ്പാദ്യമെനിക്കു വേണ്ട. തുലയ്ക്കാൻ ഇറങ്ങിയവർ അതു ചെയ്യട്ടെ. അതിനെ പ്രതിരോധിക്കാനുള്ള ചങ്കൂറ്റമൊക്കെ എനിക്കുണ്ട്.