- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീരിയൽ സീയിങ് ഈസ് ഇൻജൂറിയസ് ടു ഹെൽത്ത്!
വളരെ ലളിതവും എന്നാൽ ഏറെ ഗൗരവമുള്ളതുമായ ഒരു തലക്കെട്ടാണ് 2016 മെയ് 2-ാം തീയതി പുറത്തിറക്കിയ മാദ്ധ്യമം ആഴ്ചപതിപ്പിലെ ''ഒടുക്കം'' എന്ന കോളത്തിന്റെ തലക്കെട്ട് അതിങ്ങനെയായിരുന്നു. ''സീരിയൽ സീയിങ് ഇൻജൂറിയസ് ടു ഹെൽത്ത്.'' സഞ്ജയൻ അതിങ്ങനെ വിശദീകരിക്കുന്നു. 'ഇൻക്രഡിബിൾ ഇന്ത്യ' എന്ന ഇന്ത്യയുടെ വിനോദസഞ്ചാര വികസന കാംപെയ്നിന്റെ ബ്രാൻഡ് അംബാസിഡർ സ്ഥാനത്തേക്ക് പറഞ്ഞുവച്ച അമിതാഭ് ബച്ചനെ തൽക്കാലം അവിടേക്ക് നിയമിക്കില്ലെന്നു കേൾക്കുന്നു. കാരണമായി പറഞ്ഞുകേൾക്കുന്നത് കഴിഞ്ഞ ആഴ്ച പുറത്തായ പഠനരേഖകളനുസരിച്ച് ബച്ചനും മരുമകൾ ഐശ്വര്യാറായിക്കും വിദേശത്ത് കള്ളപ്പണനിക്ഷേപം എന്ന വാർത്ത പ്രചരിച്ചതാണത്രെ. കളങ്കിതനായ ഒരു വ്യക്തി പ്രതിനിധാനം ചെയ്യുന്നതുമൂലം ശോഭനമാകേണ്ട ഒരു സംരംഭം നിറംകെട്ടുപോകരുതെന്ന ഉദ്ദേശ്യമേ ഈ വിലക്കിനുള്ളൂ. അതൊരു കുറ്റകൃത്യമൊന്നുമല്ല. പക്ഷേ, ഇവിടെ ഒരു സംശയം ഉയരുന്നുണ്ട്. ഈ അളവുകോൽ നേരെ തിരിച്ചും അളക്കാൻ ഉപയോഗിച്ചുകൂടേ? സമൂഹത്തിൽ നിലനിൽക്കുന്ന പല കാര്യങ്ങളും വ്യക്തിക്ക് കളങ്കം വരുത്തുന്നതാകുമെങ്കിൽ അത
വളരെ ലളിതവും എന്നാൽ ഏറെ ഗൗരവമുള്ളതുമായ ഒരു തലക്കെട്ടാണ് 2016 മെയ് 2-ാം തീയതി പുറത്തിറക്കിയ മാദ്ധ്യമം ആഴ്ചപതിപ്പിലെ ''ഒടുക്കം'' എന്ന കോളത്തിന്റെ തലക്കെട്ട് അതിങ്ങനെയായിരുന്നു. ''സീരിയൽ സീയിങ് ഇൻജൂറിയസ് ടു ഹെൽത്ത്.'' സഞ്ജയൻ അതിങ്ങനെ വിശദീകരിക്കുന്നു.
'ഇൻക്രഡിബിൾ ഇന്ത്യ' എന്ന ഇന്ത്യയുടെ വിനോദസഞ്ചാര വികസന കാംപെയ്നിന്റെ ബ്രാൻഡ് അംബാസിഡർ സ്ഥാനത്തേക്ക് പറഞ്ഞുവച്ച അമിതാഭ് ബച്ചനെ തൽക്കാലം അവിടേക്ക് നിയമിക്കില്ലെന്നു കേൾക്കുന്നു. കാരണമായി പറഞ്ഞുകേൾക്കുന്നത് കഴിഞ്ഞ ആഴ്ച പുറത്തായ പഠനരേഖകളനുസരിച്ച് ബച്ചനും മരുമകൾ ഐശ്വര്യാറായിക്കും വിദേശത്ത് കള്ളപ്പണനിക്ഷേപം എന്ന വാർത്ത പ്രചരിച്ചതാണത്രെ. കളങ്കിതനായ ഒരു വ്യക്തി പ്രതിനിധാനം ചെയ്യുന്നതുമൂലം ശോഭനമാകേണ്ട ഒരു സംരംഭം നിറംകെട്ടുപോകരുതെന്ന ഉദ്ദേശ്യമേ ഈ വിലക്കിനുള്ളൂ. അതൊരു കുറ്റകൃത്യമൊന്നുമല്ല.
പക്ഷേ, ഇവിടെ ഒരു സംശയം ഉയരുന്നുണ്ട്. ഈ അളവുകോൽ നേരെ തിരിച്ചും അളക്കാൻ ഉപയോഗിച്ചുകൂടേ? സമൂഹത്തിൽ നിലനിൽക്കുന്ന പല കാര്യങ്ങളും വ്യക്തിക്ക് കളങ്കം വരുത്തുന്നതാകുമെങ്കിൽ അതും നിരോധിക്കേണ്ടതല്ലേ? നിരോധിക്കുന്നുണ്ടല്ലോ, കുറ്റകൃത്യങ്ങളെ തരംതിരിക്കാൻ ഉപയോഗിക്കുന്നത് ആ അളവുകോലല്ലേ എന്നാവും മറുപടി. മദ്യപാനം, പുകവലി തുടങ്ങിയവ വ്യക്തികളെ ദോഷകരമായി ബാധിക്കുന്നതിനാൽ സിഗരറ്റ് പാക്കറ്റിലും ബിവറേജ് ക്യൂവിനു മുന്നിലും സിനിമാസ്‌ക്രീനിൽവരെയും മുന്നറിയിപ്പ് എഴുതിക്കാണിക്കുന്നുണ്ട്. സമ്മതിച്ചു. പക്ഷേ, കണ്ടുവരുന്ന മുന്നറിയിപ്പുകളെല്ലാം മനുഷ്യന്റെ ശരീരത്തെയും അതിന്റെ ആരോഗ്യത്തെയും ബാധിക്കുന്നവ മാത്രമാണ്. മനുഷ്യൻ എന്നത് ശരീരം മാത്രമാണോ?
''ചിത്തമാം വിലയ വൈരി കീഴമർന്നത്തൽ തീർന്ന-യമി തന്നെ ഭാഗ്യവാൻ' എന്ന് കുമാരനാശെക്കൊണ്ട് പാടിച്ചത് മനുഷ്യന്റെ മനസ്സ് അവന്റെ ശത്രുവിനെപ്പോലെ പ്രവർത്തിക്കുന്ന സന്ദർഭങ്ങൾ അവന്റെ ജീവിതത്തിൽ ഉണ്ടാകുമെന്നു കണ്ടതുകൊണ്ടാണ്. കഴിഞ്ഞദിവസം വിധി പ്രസ്താവിച്ച ആറ്റിങ്ങൽ കൊലപാതകക്കേസിലെ പ്രതി അനുശാന്തിക്ക് അമ്മയെയും മകളെയും കൊല്ലാൻ കാമുകന് ഒത്താശ ചെയ്തുകൊടുത്ത സ്ത്രീ എന്ന നിലയിൽ ഒരിറ്റു സഹാതാപംപോലും ഒരിടത്തുനിന്നും ലഭിച്ചതായി കണ്ടില്ല. മാത്രവുമല്ല ഉയർന്ന വിദ്യാഭ്യാസവും ഹൈടെക് ജോലികളുമുള്ള തലമുറയിൽ കണ്ടുവരുന്ന കുടുംബശൈഥില്യത്തെക്കുറിച്ചും നടമാടുന്ന അവിഹിതബന്ധങ്ങളെക്കുറിച്ചും പലരും ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. സത്യത്തിൽ ഇതൊരു പുതിയ കാര്യമല്ല.
ദേവേന്ദ്രന് ഗൗതമപത്നിയെ കണ്ടപ്പോൾ പരാശരൻ മത്സ്യഗന്ധിയോടൊപ്പം വഞ്ചിയിലിരുന്നപ്പോൾ തോന്നിയവയെന്ന പേരിൽ വ്യാസമഹർഷി മനുഷ്യമനസ്സിന്റെ ദൗർബല്യങ്ങളെക്കൂടി സൂചിപ്പിച്ചാണ് തന്റെ കൃതികൾ സമ്പൂർണ്ണമാക്കിയത്. അതുകൊണ്ടാണ് വ്യാസോച്ഛിഷ്ടം ഇദം സർവം എന്ന് പറഞ്ഞുപോരുന്നത്.
വ്യാസൻ പറഞ്ഞുകഴിഞ്ഞതിന്റെ ബാക്കിയേ ലോകത്തുള്ള സകല കലാസൃഷ്ടികളിലും ഉള്ളൂ എന്നർഥം. എന്നാൽ, ഇത്തരം അധമവികാരങ്ങളെ സകലതിനെയും വിമലീകരിക്കുന്ന സന്ദേശമാണ് വ്യാസ കൃതികളുടെ ശ്രേഷ്ഠത.
ഈ കോണിലൂടെ നമ്മുടെ മുഖ്യധാരാമാദ്ധ്യമങ്ങൾ മനുഷ്യജീവിതഗന്ധികൾ എന്ന അവകാശവാദത്തോടെ പ്രക്ഷേപണം ചെയ്യുന്ന കലാസൃഷ്ടികൾ നിരീക്ഷിച്ചാൽ, നമ്മുടെ സ്ത്രീ മനസ്സുകളെയും കുടുംബ സദസ്സുകളെയും ടെലിവിഷൻ സീരിയലുകൾ വിമലീകരിക്കുന്നോ അതോ മലിനീകരിക്കുന്നോ? ആറ്റിങ്ങൽ കൊലപാതകം ടെലിവിഷൻ സീരിയൽ കണ്ടിട്ടുണ്ടായതാണെന്നല്ല പറഞ്ഞുവരുന്നത്. പക്ഷേ, നമ്മുടെ സീരിയലുകളിലെ കഥാപാത്രങ്ങൾ പ്രദർശിപ്പിക്കുന്ന പക, വിദ്വേഷം, ജാരബന്ധങ്ങൾ, അവിഹിത ബന്ധ കഥകൾ, വെല്ലുവിളികൾ, പ്രതികാരം തുടങ്ങിയവ സമൂഹത്തിൽ ചെലുത്തുന്ന ചീത്ത സ്വാധീനം ഇനിയും പഠനവിധേയമാക്കിയിട്ടില്ല.
കുറഞ്ഞപക്ഷം അത്തരം കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും വരുമ്പോൾ ടെലിവിഷൻ സ്‌ക്രീനിൽ ഇത് മനുഷ്യന് ആപത്ത് എന്ന സാംസ്‌കാരികമായ മുന്നറിയിപ്പ് എഴുതിക്കാണിക്കുകയെങ്കിലും ചെയ്യണം. തമാശയോ വിഡ്ഢിത്തമോ ആയി തോന്നാം. പക്ഷേ, അങ്ങനെ ചെയ്തില്ലെങ്കിൽ ഭാവിയിൽ അവിഹിതബന്ധം കൊതുകുശല്യത്തിനപ്പുറം ഗൗരവമുള്ളതാണെന്ന് വരുംതലമുറയ്ക്കു തോന്നാനിടയില്ല. ജാഗ്രതൈ!