വാർത്താ ചാനൽ പ്രവർത്തനങ്ങളെപ്പറ്റി 2015 ഡിസംബർ 6-ാം തീയതിയിലെ കലാകൗമുദി മാസികയിൽ കെ. കുഞ്ഞികൃഷ്ണൻ ടെലികാസ്റ്റ് എന്ന പംക്തിയിൽ ''നമ്മുടെ ചാനലുകൾ പഠിക്കുമോ'' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനം ഈ സംഘട്ടന കാലഘട്ടത്തിൽ ഏറെ പ്രസക്തമാണ്. പ്രത്യേകിച്ച് വാർത്താചാനൽ പ്രവർത്തകർക്കും അവരെ നിയന്ത്രക്കുന്ന മുതലാളിമാർക്കും.

നമ്മുടെ ചാനലുകൾ പഠിക്കുമോ?

ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നാണ് പാരീസ്. ഇക്കഴിഞ്ഞ നവംബർ 13-ാം തീയതി സമീപകാലത്തെ ഏറ്റവും പ്രാകൃതമായ ഭീകരാക്രമണത്തിനിരയായി. സ്റ്റേഡ് ദി ഫ്രാൻസിലും ബറ്റാക്ലാൻ തിയേറ്ററിലും ഹോട്ടലിലും ബാറുകളിലും മറ്റുമായി 130 പേർ മരിച്ചു. ആക്രമണം നടന്നത് നഗരകേന്ദ്രത്തിൽ നാലുമൈൽ ചുറ്റളവിൽ. ലോകത്തിലെ മുഖ്യ വാർത്താടെലിവിഷൻ ചാനലുകളെല്ലാം ഭീകരാക്രമണത്തിന്റെ തൽസമയപ്രക്ഷേപണം നടത്തിക്കൊണ്ടിരുന്നു. ഇന്ത്യയിലെ മുഖ്യ ഇംഗ്ലീഷ് ചാനലുകൾ, ടൈംസ് നൗ, എൻഡി ടിവി, സി എൻ എൻ, ഫ്രാൻസ്24. അൽജസീറ, ആർച്ചി (റഷ്യൻ ടിവി) തുടങ്ങിയവയും തൽസമയ ദൃശ്യങ്ങൾ കാണിച്ചു. അവയുമായി സഹകരിച്ചാണ് ഇന്ത്യൻ ചാനലുകൾ ദൃശ്യങ്ങൾ (അവയുടെ സ്വന്തം ക്യാമറ ടീമുകൾ എത്തുന്നതുവരെ) പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നത്.

പാരീസ് ആക്രമണത്തിന്റെ വാർത്ത 'പൊട്ടിത്തെറിച്ചതു' മുതൽ വളരെക്കാലം ടെലിവിഷനിൽ ജോലി ചെയ്തിരുന്നതിനാലും മാദ്ധ്യമത്തോടുള്ള താൽപര്യം കൊണ്ടും ഞാൻ അന്തർദ്ദേശീയ ചാനലുകളിലെ വാർത്താ സംപ്രേഷണം മണിക്കൂറികളോളം ഉറങ്ങാതെ കണ്ടുകൊണ്ടിരുന്നു. ബിബിസി, സി.എൻ.എൻ, അൽജസീറ, റഷ്യൻ ടിവി എന്നിവയായിരുന്നു കേബിൾ ടെലിവിഷനിൽ കിട്ടിയത്. ഫ്രാൻസിലെ ഇംഗ്ലീഷ് ചാനലായ ഫ്രാൻസ് 24-ൽ നിന്നുള്ള ദൃശ്യങ്ങൾ, ഐപാഡിലൂടെ വെബ്ബിലും കിട്ടിയിരുന്നു. ഭീകരതാണ്ഡവം ലോകത്തെയും ഫ്രാൻസിനെയും ഞെട്ടിച്ചുകളഞ്ഞതിനാൽ വാർത്തകൾ അനുനിമിഷം മാറിവന്നുകൊണ്ടിരുന്നു. തൽസമയദൃശ്യങ്ങളുടെ നിലവാരം പ്രശംസനീയമായിരുന്നു. റിപ്പോർട്ടിംഗും വാക്കുകളുടെ അവതരണവും ശബ്ദവിന്യാസവും അഭിനന്ദനീയമായിരുന്നു.

2001 സെപ്റ്റംർ 11-ാം തീയതി അമേരിക്കയിൽ നടന്ന ചാവേർ അക്രമണത്തിന്റെ ദൃശ്യങ്ങളും റിപ്പോർട്ടുകളും ഓർമ്മയിൽ പച്ചപിടിച്ചുനിൽപ്പുണ്ടായിരുന്നു. മാത്രവുമല്ല, 2008 നവംബർ 26-ാം തീയതി ബോംബെയിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യൻ ഇംഗ്ലീഷ് ചാനലുകൾ നടത്തിയ റിപ്പോർട്ടിങ് ദേശീയ സുരക്ഷയെ അപകടത്തിലാക്കിയെന്ന് സുപ്രീം കോടതി തന്നെ വിലയിരുത്തിയ സംപ്രേഷണവും പാരീസാക്രമണത്തിന്റെ ദൃശ്യങ്ങളുമായി തുലനം ചെയ്യാൻ കഴിഞ്ഞു. ഏതു നിമിഷവും ദൃശ്യങ്ങൾ ബീഭത്സതയിലേക്കു നീങ്ങാമെന്നു തോന്നിയെങ്കിലും ഒന്നും ഉണ്ടായില്ല. ബീഭത്സതയോ അറപ്പോ മടുപ്പോ വെറുപ്പോ സൂചിപ്പിക്കുന്ന ദൃശ്യങ്ങളോ ഒന്നും ഒരു അന്തർദേശീയ ചാനലും സംപ്രേഷണം ചെയ്തില്ല. നിരന്നുകിടക്കുന്ന മൃതദേഹങ്ങളുടെയോ ചോരയൊലിക്കുന്നവരുടെയോ പരിക്കേറ്റ് അംഗഭംഗം സംഭവിച്ചതിന്റെയോ സമീപദൃശ്യങ്ങളൊന്നും തത്സമയം കാണിച്ചിരുന്നില്ല. പക്ഷേ, ഭീകരാക്രമണത്തിന്റെ ഘോരത ദൃശ്യങ്ങളിലും റിപ്പോർട്ടിംഗിലും അവതരണത്തിലും പ്രകടമായിരുന്നു. ലോകത്തിന്റെ ഞെട്ടൽ വളരെ സമഗ്രമായി റിപ്പോർട്ടുകൾ പ്രകടമാക്കി. റിപ്പോർട്ടർമാർ സമചിത്തത വെടിയാതെ ശബ്ദപ്രഘോഷങ്ങളോ ആക്ഷേപകരമായി അലറിവിളിക്കുകയോ ചെയ്യാതെ തന്നെ തങ്ങളുടെ കൃത്യം നിർവഹിച്ചു. മാത്രവുമല്ല, വാർത്തയുടെ സ്രോതസ്സുകളിൽനിന്നെല്ലാം തത്സമയം സംപ്രേഷണം നടത്തുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങളും വളരെ പെട്ടെന്നുതന്നെ നടന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. വൈകാരികവിക്ഷോഭങ്ങളോ അവതാരകരുടെ ആംഗ്യപ്രകടനങ്ങളോ അലറലുകളോ വാർത്താവിതരണത്തിലുണ്ടായില്ല. തങ്ങൾ ഇത്ര സ്ഥലങ്ങളിൽ വാർത്താസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് മുൻപ് പറഞ്ഞ ആഗോളടെലിവിഷൻ ശൃംഖലകളൊന്നും ഉദ്ഘോഷിച്ചില്ല. അത് അവരുടെ ദൃശ്യങ്ങൾ പ്രകടമാക്കി. ഇരുപത്തൊമ്പത് രാജ്യങ്ങളിൽനിന്നുള്ളവരാണ് പാരീസിൽ ആക്രമണത്തിൽ മരിച്ചത്. അതിനാൽ ടെലിവിഷൻ ചാനലുകൾ വസ്തുനിഷ്ഠതയും സത്യസന്ധതയും പ്രകടിപ്പിച്ചതിൽ അത്ഭുതമില്ല. ഇടയ്ക്കവർ പരസ്യങ്ങൾ കാണിച്ചില്ല!

വിശ്വാസ്യത

ന്ത്യൻ ഇംഗ്ലീഷ് ചാനലുകൾ ആദ്യം അന്തർദേശീയ ചാനലുകളിൽനിന്നുള്ള ദൃശ്യങ്ങളായിരുന്നു പ്രക്ഷേപണം ചെയ്തിരുന്നത്. പിറ്റേ ദിവസമാകുമ്പോഴത്തേക്കും ക്യാമറാസംഘങ്ങൾ പാരീസിലെത്തി. ദൃശ്യങ്ങളെക്കാൾ കൂടുതൽ സ്‌ക്രീനിൽ നിറഞ്ഞുനിന്നത് സ്‌ക്രപ്പറുകളും... സ്‌കോളുകളും ഇൻലെകളും തങ്ങൾ ഇന്ത്യയിൽനിന്നുള്ള ആദ്യത്തെ സംഘമെന്നും ഇത്ര സ്ഥലങ്ങളിൽ ക്യാമറാസംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നുമുള്ള അവകാശവാദങ്ങൾ അനാവശ്യമായിരുന്നു. ഭാഗ്യവശാൽ റിപ്പോർട്ടർമാർ അംഗവിക്ഷേപങ്ങളോ ശബ്ദഘോഷങ്ങളോ നടത്തിയില്ല. പാരീസിലെ ഇന്ത്യൻ എംബസിയിലെ മണീഷ് പ്രഭാതിന്റെ ഫ്രാൻസിലെ ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന പ്രസ്താവന എല്ലാ ചാനലുകളും ആവർത്തിച്ചു. ആക്രമണം കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ അങ്ങനെയൊരവകാശവാദം പക്വമല്ലായിരുന്നു. മാത്രമല്ല, ലോകം ഞെട്ടിത്തരിച്ച ആക്രമണങ്ങളുടെ വാർത്താ ദൃശ്യങ്ങൾക്കിടയിൽ കഴിയുന്നത്ര പരസ്യങ്ങൾ കാണിക്കാനുള്ള കച്ചവടമനഃസ്ഥിതിയും ഇന്ത്യൻ ടെലിവിഷൻ ചാനലുകൾ കാണിച്ചു. ലോകം കരഞ്ഞാലെന്ത്, ദുഃഖിക്കുകയോ ഞെട്ടുകയോ ചെയ്താലെന്ത്, തങ്ങൾക്ക് കച്ചവടം നടത്തണം എന്ന സ്ഥിതിയിലേക്ക് സ്വകാര്യവാർത്താചാനലുകൾ അധഃപതിച്ചിരിക്കുന്നു. വെള്ളിയാഴ്ച രാത്രി പാരീസ് അക്രമണം കഴിഞ്ഞതിന്റെ ദൃശ്യങ്ങൾക്കുശേഷം, ശനിയാഴ്ച രാവിലെ പാരീസിൽനിന്ന് ദൃശ്യങ്ങൾ വന്നുകൊണ്ടിരിക്കുമ്പോൾതന്നെ ഇന്ത്യൻ ഇംഗ്ലീഷ് ചാനലുകൾ ബോംബെ ആക്രമണത്തെക്കുറിച്ചാണ് ചർച്ചകൾ നടത്തിയത്. പാരീസ് ആക്രമണകാരികളുടെ ആശയപരമായ ക്രൂരതയെക്കുറിച്ചോ, അക്രമണത്തിനിരയായവരെക്കുറിച്ചോ, സുരക്ഷാവീഴ്ചകളുണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യങ്ങളെക്കുറിച്ചോ ഫ്രാൻസും ലോകവും പഠിക്കേണ്ട പാഠങ്ങളെക്കുറിച്ചോ വേണ്ടിയിരുന്നു വിദഗ്ദ്ധരുടെ വാചാടോപങ്ങൾ, ഇന്ത്യൻ വാർത്താചാനലുകൾ അതീവഗുരുതരമായ വീഴ്ചകളോടെ പ്രക്ഷേപണം ചെയ്ത ബോംബെ ഭീകരാക്രമണത്തെക്കുറിച്ചായി! വെറുതെയാണോ ഇന്ത്യൻ മുഖ്യധാരാമാദ്ധ്യമങ്ങളുടെ വിശ്വാസ്യത 18-40 വയസ്സ് പ്രായമുള്ളവരിൽ 80 ശതമാനം കുറവാണെന്നു കണ്ടെത്തിയത്.

ഇ-മെയിലിലൂടെയും ഫെയ്സ് ബുക്കിലൂടെയും മറ്റും 'ഇന്ത്യൻ ഐറിസ്' നടത്തിയ സർവ്വെയിലാണ് മുഖ്യധാരാമാദ്ധ്യമങ്ങളുടെ-പത്രങ്ങളും ടെലിവിഷൻ ചാനലുകളും- വിശ്വാസ്യത ഇത്രയും സന്നിഗ്ദ്ധമാണെന്നറിയുന്നത്. സർവ്വേയിൽ പങ്കെടുത്തവരിൽ 87 ശതമാനം ഇപ്പോഴത്തെ മുഖ്യധാരാ മാദ്ധ്യമങ്ങൾ പക്ഷപാതങ്ങളുള്ളവരാണെന്നും വസ്തുനിഷ്ഠമല്ലെന്നും വിലയിരുത്തുന്നു; വെറും 7 ശതമാനം മാത്രമാണ് മുഖ്യധാരാമാദ്ധ്യമങ്ങൾ നീതിപൂർവ്വമായി പ്രവർത്തിക്കുന്നുവെന്നു കരുതുന്നത്. തീർന്നില്ല ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ വിശ്വാസ്യയോഗ്യമാണെന്ന് വെറും 4 ശതമാനമേ കരുതുന്നുള്ളൂ. വാർത്താ ടെലിവിഷൻ ചാനലുകളിലെ പ്രൈ ടൈം ചർച്ചകൾ 70 ശതമാനം പേരും കാണുന്നത് അലങ്കോലപ്രകടനങ്ങളാണ്. 23 ശതമാനം പ്രേക്ഷകർ അവയെ വിലയിരുത്തുന്നത് വിനോദക്കാഴ്ചകളായാണ്! വെറും 7 ശതമാനം ആണ് ഈ വാക്തർക്കങ്ങളിൽ എന്തെങ്കിലും മൂല്യമുണ്ടെന്നു കരുതുന്നത്. സർവ്വെയിൽ മലയാളവാർത്താചാനലുകളും പെടുത്തിയിരുന്നെങ്കിൽ ഇവയുടെ വിശ്വാസ്യതയും നീതിയും വസ്തുനിഷ്ഠതയും എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലൊ.

അമേരിക്കൻ ഭീകരാക്രമണപ്രക്ഷേപണം

2001 സെപ്റ്റംബർ 11-ാം തീയതി നടന്ന ഭീകരാക്രമണത്തിന്റെ ടെലിവിഷൻ കവറേജ് പാരീസിലെ ആക്രമണദൃശ്യങ്ങളിൽനിന്നും വ്യത്യസ്തമായത് എങ്ങനെ? ബോംബെ ആക്രമണത്തിന്റെ രാജ്യസുരക്ഷയെ അപകടപ്പെടുത്തിയ ദൃശ്യങ്ങളിൽനിന്നും എങ്ങനെയാണവ വ്യത്യസ്തമായത്? അമേരിക്കൻ ഭീകരാക്രമണ കവറേജിനെക്കുറിച്ചുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത് പൊതുവേ അവ നിഷ്പക്ഷത, നീതി, വിവേകം, സമതുലനത, വസ്തുനിഷ്ഠത എന്നിവയിൽ ബഹുദൂരം പിന്നിലായിരുന്നുവെന്നാണ്. അറബികൾക്കും മുസ്ലിമുകൾക്കുമെതിരെ വെറുപ്പും പ്രതികാരവും വമിപ്പിക്കുന്ന രീതിയിലായിരുന്നുവെന്നതാണ്. അമേരിക്കൻ കോർപ്പറേറ്റ് മാദ്ധ്യമങ്ങൾ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷിന്റെ അമേരിക്കൻ ദേശസ്നേഹവ്യവഹാരങ്ങളെയും നയങ്ങളെയും സർവ്വവിധേനയും യുക്തിരഹിതമായി പിൻതുണയ്ക്കുകയായിരുന്നു. അവ അമേരിക്കൻ ജനതയുടെ അവബോധത്തെത്തന്നെ നാടകീയമായി മാറ്റിമറിച്ചു. ഭരണതലത്തിലും സ്ഥാപനങ്ങളിലും വ്യവസായങ്ങളിലും രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും ഭയജനകമായ കാര്യപരിപാടികളും പ്രത്യയശാസ്ത്രവും നടപ്പാക്കാൻ 9/11 ഉപയോഗിച്ചുവെന്നാണ് കവറേജിനെക്കുറിച്ചുള്ള മാദ്ധ്യമഗവേഷണം വ്യക്തമാക്കിയത്. അമേരിക്ക ''സുരക്ഷാവാചാടോപങ്ങളി''ൽ മുഴുകി. ജോലിസ്ഥലങ്ങളിലും ആൾക്കൂട്ടങ്ങളിലും സാമൂഹ്യകേന്ദ്രങ്ങളിലും ഇലക്ട്രോണിക് നിരീക്ഷണസംവിധാനങ്ങൾ നിലവിൽവന്നു. ഭീകരാക്രമണത്തിന്റെ ആസൂത്രകർതന്നെ ഉദ്ദേശിച്ച രീതിയിലുള്ള മാദ്ധ്യമശ്രദ്ധ അവർ നേടി. അമേരിക്കയുടെ അപ്രമാദിത്വം തകർന്നടിഞ്ഞു. ലോകത്തിന്റെ ഏതു കോണിലും അക്രമം അഴിച്ചുവിടുമെന്ന അവരുടെ അഹന്ത ശക്തമായി. ലോകത്തെങ്ങുമുള്ള പ്രേക്ഷകരിൽ ഭയം സൃഷ്ടിക്കാൻ മാദ്ധ്യമങ്ങളിലൂടെ കഴിഞ്ഞതിൽ ഭീകരർ സൃഷ്ടിച്ച 'ഭയാഖ്യാനം' അവരുടെ മാർഗ്ഗങ്ങളിൽ പ്രധാനമായിരുന്നു. 9/11-നു ശേഷവും ഒട്ടേറെ ഭീകരാക്രമണങ്ങൾ നടന്നു. അവയുടെയെല്ലാം ടെലിവിഷൻ കവറേജ് വസ്തുനിഷ്ഠമോ സമതുലിതമോ ആയിരുന്നില്ല. അവ നേടിയ മാദ്ധ്യമ ശ്രദ്ധ പരോക്ഷമായി ഭീകരർക്ക് പ്രയോജനകരമായി. കുറ്റവാളികളുടെ ദൃശ്യങ്ങൾ ഭീകരപ്രസ്ഥാനങ്ങളോട് അനുകമ്പയുള്ളവർക്കും അവരെ ചേർക്കുന്നവർക്കും പരോക്ഷമായി ഉപകരിച്ചു.

മുംബൈയിലെ കവറേജ്

ബോംബെ ഭീകരാക്രമണത്തിന്റെ ടെലിവിഷൻ വാർത്താകവറേജിനെക്കുറിച്ച് സുപ്രീംകോടതി പറഞ്ഞ വിധിയുടെ ഉള്ളടക്കം ശ്രദ്ധേയമാണ്. 2008 നവംബർ 26-ാം തീയതി രാജ്യത്തെയും ലോകത്തെയും നടുക്കിയ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങൾ തത്സമയം പ്രേക്ഷകരിലെത്തിക്കാൻ ഇന്ത്യൻ വാർത്താചാനലുകൾ കടുത്ത മത്സരം നടത്തുകയായിരുന്നു. രാജ്യത്തിന്റെ സുരക്ഷയോ ഭീകരാക്രമണത്തെ അടിച്ചമർത്താൻസുരക്ഷാ ഏജൻസികളുടെ പ്രവർത്തനം തകരാറിലാവുന്നതോ അവർക്കൊരു പ്രശ്നമേ ആയിരുന്നില്ല. അവർക്ക് ഭീകരാക്രമണം ഉത്സവം പോലെയായിരുന്നു. അജ്മൽ കസബിന്റെ വധശിക്ഷ ശരിവച്ചുകൊണ്ട് 2012 ഓഗസ്റ്റ് 29-ാം തീയതി ജസ്റ്റിസ് അഫ്താബ് ആലം, ജസ്റ്റിസ് സി.കെ. പ്രസാദ് എന്നിവരുടെ വിധിയിലെ പ്രസക്തഭാഗങ്ങൾ മാദ്ധ്യമപ്രവർത്തകരെയും മാദ്ധ്യമമുതലാളിമാരെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. വീണ്ടുവിചാരമില്ലാത്ത കവറേജ് ഭീകരർക്ക് സുരക്ഷാസൈനികരിൽനിന്ന് ഒളിഞ്ഞുനിൽക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു; അവരുടെ കൃത്യമായ സ്ഥാനത്തെക്കുറിച്ചോ, അവരുടെ കൈയിലുള്ള ആയുധങ്ങളെയോ സ്ഫോടകവസ്തുക്കളെക്കുറിച്ചോ വെടിക്കോപ്പുകളെപ്പറ്റിയോ സുരക്ഷാസൈനികർക്ക് പൂർണ്ണമായ അറിവില്ലാതാക്കാൻ ഇത് (ടെലിവിഷൻ കവറേജ്) സഹായിച്ചു. മാത്രവുമല്ല, സുരക്ഷാസൈനികരുടെ നീക്കങ്ങളും ആയുധങ്ങളുടെ പൂർണ്ണവിവരങ്ങളും സ്ഥാനങ്ങളും ടെലിവിഷൻ കവറേജിലൂടെ കൃത്യമായി അറിയാനും അതനുസരിച്ച് തന്ത്രം മെനയാനും ടെലിവിഷൻ ദൃശ്യങ്ങൾ വീക്ഷിക്കുന്ന ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ രാജ്യാതിർത്തിക്കപ്പുറമുള്ളവർക്ക് (ശത്രുക്കൾ) കഴിഞ്ഞു. ടെലിവിഷൻ കവറേജ് യാതൊരു നിയന്ത്രണവും കരുതലുമില്ലാത്തതായിരുന്നതിനാൽ സുരക്ഷാ സൈനികരുടെ നടപടികൾ അത്യന്തം അപകടകരവും ക്ലേശം നിറഞ്ഞതും സാഹസികവുമായിവുമായിത്തീർന്നുവെന്ന് കോടതി പ്രസ്താവിച്ചു. മുംബെ ഭീകരാക്രമണം ഈ രീതിയിൽ കവർ ചെയ്തിരുന്ന ടെലിവിഷൻ ചാനലുകൾ രാജ്യതാത്പര്യങ്ങൾക്കോ സാമൂഹ്യപ്രേരണകൾക്കോ വിലകൽപ്പിച്ചില്ല. പ്രത്യുത അവരുടെ വ്യാപാരതാത്പര്യങ്ങൾക്കുവേണ്ടി രാജ്യസുരക്ഷ അവതാളത്തിലാക്കി. ഇത്തരം സന്നിഗ്ദ്ധാഘട്ടങ്ങളിലാണ് ഒരു സ്ഥാപനത്തിന്റെ വിശ്വാസ്യത നിലനിൽക്കുന്നത്. ഭീകരാക്രമണങ്ങളുടെ കവറേജിലൂടെ മുഖ്യധാരാ ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ സ്വയം നിയന്ത്രണമേർപ്പെടുത്തുമെന്ന ചിന്താഗതിയെ കുഴപ്പത്തിലാക്കിയിരിക്കുന്നു.

സുപ്രീം കോടതി തന്നെ കവറേജിന്റെ ദൃശ്യങ്ങളെക്കുറിച്ചും നിരീക്ഷിച്ചിട്ടുണ്ട്. തുടക്കം മുതൽ അവസാനം വരെ ഭീകരമായ രക്തം പുരണ്ട ദൃശ്യങ്ങളുടെ വിശദാംശങ്ങളാണ് തുടർച്ചയായി പ്രദർശിപ്പിച്ചുകൊണ്ടിരുന്നത്. ഓരോ ചാനലും അതിൽ മത്സരിക്കുകയായിരുന്നു. ഓരോ മിനുട്ടിലും നടക്കുന്ന സംഭവങ്ങളും പ്രത്യാഘാതങ്ങളെപ്പറ്റി ചിന്തിക്കാതെ സുരക്ഷാസൈനികരുടെ കൃത്യമായ സ്ഥാനങ്ങളും ഓരോ മിനുട്ടിലും നടക്കുന്ന നീക്കങ്ങളും പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നു.

ബീഭത്സദൃശ്യങ്ങൾ

ഭീകരദൃശ്യങ്ങൾ ടെലിവിഷനിൽ കാണിക്കുന്നതിന് അലിഖിതമായ നിയന്ത്രണങ്ങൾ എല്ലാ ചാനലുകളും നിഷ്‌കർഷിക്കേണ്ടതുണ്ട്. നിയമാവലികൾ ഇത്തരം ദൃശ്യങ്ങളെക്കുറിച്ചുള്ള നിയന്ത്രണത്തിനുവേണ്ടി ഉണ്ടെങ്കിലും അവ കരുതിക്കൂട്ടിയോ അല്ലാതെയോ ലംഘിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ നമ്മുടെ ചാനലുകളിൽ നിത്യസംഭവങ്ങളാണ്. സ്വകാര്യചാനലുകളുടെ പ്രക്ഷേപണത്തിന് അനുമതി വാങ്ങുമ്പോൾ പ്രക്ഷേപണധർമ്മസംഹിത (ബ്രോഡ്കാസ്റ്റിങ് കോഡ്) പിന്തുടരുമെന്ന് ഉറപ്പുനൽകാറുണ്ട്. അതു വളരെ അടിസ്ഥാനപരമായ നിയമാവലിയാണ്. വ്യക്തികളെ പേരെടുത്തു പറഞ്ഞ് വിമർശിക്കരുത് എന്നത് അടിസ്ഥാനതത്വങ്ങളിലൊന്നാണ്. അതു പാലിക്കുകയാണെങ്കിൽ നമ്മുടെ എത്ര വാർത്താചാനലുകൾക്കും വിനോദചാനലുകൾക്കും നിലനിൽപ്പുണ്ടാവും.

ദൃശ്യങ്ങളുടെ കാര്യത്തിലും നിയതമായ മാർഗ്ഗരേഖകളുണ്ട്. അപകടങ്ങളുടെയും മറ്റും ദൃശ്യങ്ങൾ കാണിക്കുന്നതിലും നമ്മുടെ വാർത്താചാനലുകൾ പ്രകടിപ്പിക്കുന്ന ശുഷ്‌കാന്തി ജുഗുപ്സാവഹമാണ്. നമ്മുടെ ചാനലുകളിലെ പ്രൈം ടൈം ചർച്ചകൾ സാമാന്യമര്യാദയുടെയും പ്രക്ഷേപണമാന്യതയുടെയും ലംഘനത്തിന്റെ തന്നെ എല്ലാ സീമകളെയും ഇല്ലാതാക്കുന്നവാചികാതിസാരമായിത്തീർന്നിരിക്കുന്നു. ചാനലുകളുടെ പ്രക്ഷേപണത്തിന്റെ ഉള്ളടക്കം നിരീക്ഷിക്കുന്നതിന് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും സംവിധാനം വേണമെന്ന് നിയമമുണ്ട്. പക്ഷേ, നിയമം പ്രായോഗികമായി നടപ്പിലാക്കിയാൽ എന്തു സംഭവിക്കും ചാനലുകൾക്കെന്നത് ആലോചനാവിഷയമാണ്. പണമുണ്ടാക്കാൻവേണ്ടി മാത്രം എന്തും കാണിക്കുന്ന ചാനലുകൾക്ക് നിയമം നടപ്പിലാക്കിയാൽ പരിരക്ഷയുണ്ടാവില്ല. ഉറപ്പ്. നിരീക്ഷകസമിതികൾ മാദ്ധ്യമരംഗത്തെ വിദഗ്ദ്ധരല്ലാതെ രാഷ്ട്രീയക്കാരെക്കൊണ്ട് നിറച്ചതിനാലാകണം നിരീക്ഷണസംവിധാനം അഥവാ ഉണ്ടെന്നുതന്നെ ആർക്കും തോന്നാത്തത്.

വാർത്താചാനലുകളിലെ ദൃശ്യങ്ങളുടെ കാര്യമെടുക്കുക. ദൃശ്യങ്ങളുടെ രീതിയെയും ഉള്ളടക്കത്തെയും കുറിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന ഒരു സൂചകപ്രസിദ്ധീകരണം ഒരു ചാനലിലും ഉള്ളാതായി അറിവില്ല. ഭീതിദവും ഭീകരവുമായ ദൃശ്യങ്ങളെക്കുറിച്ച് ബിബിസി പോലുള്ള അന്തർദ്ദേശീയ ചാനലുകൾക്ക് നിയതമായ മാർഗ്ഗരേഖകളുണ്ട്. ഭീകരത വേഗത്തിലും സൂക്ഷ്മമായും പൂർണ്ണമായും ഉത്തരവാദിത്വത്തോടെയും റിപ്പോർട്ടുചെയ്യണം. അലക്ഷ്യമായി ഉപയോഗിക്കുന്ന വാക്കുകളും വിലയിരുത്തലുകളും വൈകാരികമായ വിലയിരുത്തലുകളും വിശ്വാസ്യതയെ ബാധിക്കും എന്നാണ് ബിബിസിയുടെ മാനദണ്ഡം. മൃതദേഹങ്ങൾ പ്രദർശിപ്പിക്കുന്നതിനെക്കുറിച്ചും അവ പ്രദർശിപ്പിക്കുകവഴി മരിച്ച വ്യക്തിക്കും ബന്ധുക്കൾക്കും ഉണ്ടാകാവുന്ന അനാദരവിനെപ്പറ്റി പ്രത്യേക പരാമർശമുണ്ട്. പാരിസ് ആക്രമണത്തിന്റെ തീക്ഷ്ണത കുറഞ്ഞ് പ്രക്ഷേപണം മറ്റ് മേഖലകളിലായപ്പോൾ ഫെയ്സ് ബുക്കിൽ വന്ന പോസ്റ്റിങ് ഉദ്ധരിക്കട്ടെ:

''പാരിസ് ആക്രമണത്തിന്റെ കവറേജ് ശ്രദ്ധിച്ചുവോ? മൃതശരീരങ്ങളോ രക്തച്ചൊരിച്ചിലോ കാണാൻ കഴിഞ്ഞുവോ? പ്രതിപക്ഷപ്പാർട്ടിയുടെ അഭിപ്രായപ്രകടനങ്ങൾ കേട്ടുവോ? ഇരകളുടെ വായിലൂടെ മാദ്ധ്യമപ്രവർത്തകരുടെ വാക്കുകൾ കേട്ടുവോ? നമ്മുടെ മാദ്ധ്യമങ്ങൾ നൈതികതയും അച്ചടക്കവും പഠിക്കേണ്ട സമയം.'' കെ. കുഞ്ഞികൃഷ്ണൻ

പ്രശസ്ത മാദ്ധ്യമപ്രവർത്തകനായ കുഞ്ഞുകൃഷ്ണൻ ചൂണ്ടിക്കാട്ടിയ മാർഗ്ഗരേഖകളും ആആഇ മാർഗ്ഗനിർദ്ദേശങ്ങളൊന്നും വാർത്താചാനലുകൾ സ്വയം നടപ്പിലാക്കിയില്ലെങ്കിൽ അതൊക്കെ നിയമങ്ങളായി നടപ്പിലാക്കണം.