ധുനിക കാലഘട്ടത്തിലെ ''എഴുതാനറിയേണ്ടാത്ത'' ''പറയാൻ മാത്രം അറിയാവുന്നവർ'' അല്ല യഥാർത്ഥ മാദ്ധ്യമപ്രവർത്തകർ. അരുൺ ഷൂറിയെ ഒന്നും അനുകരിക്കാനായില്ലെങ്കിലും കേരളത്തിലെ മാദ്ധ്യമപ്രവർത്തകർക്ക് അനുകരണീയ മാതൃകയാണ് അന്തരിച്ച പ്രഫുൽ ബിദ്വായ്. അദ്ദേഹത്തെക്കുറിച്ച് 6-7-2015-ലെ മാദ്ധ്യമം ആഴ്ചപ്പതിപ്പിൽ വന്ന വിശദാംശങ്ങളിങ്ങനെ:

ഒരു യഥാർത്ഥ ജേർണലിസ്റ്റ് എങ്ങനെയുള്ള വ്യക്തിയായിരിക്കണം എന്നതിനെപ്പറ്റിയും ഒരു പത്രപ്രവർത്തകനെപ്പറ്റി മറ്റൊരു പത്രപ്രവർത്തകൻ എഴുതിയ വരികളും ഈ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്.

പത്രപ്രവർത്തകനായ പണ്ഡിതൻ, ആക്ടിവിസ്റ്റായ പത്രപ്രവർത്തകൻ

ന്ത്യൻ മാദ്ധ്യമരംഗത്തെ തീരാനഷ്ടമാണ് പ്രഫുൽ ബിദ്വായ്. വർത്തമാന ഇന്ത്യനവസ്ഥയിൽ, സ്വാതന്ത്ര്യവും ജനാധിപത്യവും മനുഷ്യാവകാശവും മുമ്പെന്നത്തെക്കാളും ഭീഷണി നേരിടുന്ന ഈ കാലത്ത് ബിദ്വായിയുടെ വാക്കും ഇടപെടലുകളും നമുക്ക് ആവശ്യമായിരുന്നു. പ്രതിബദ്ധതയും മനുഷ്യസ്നേഹവും കണിശമായ രാഷ്ട്രീയ നേരും പുലർത്തിയ ബിദ്വായ് ഇനി ഇല്ല.

2015-ന്റെ തുടക്കത്തിൽ കിട്ടിയ നവവത്സരാശംസകളിൽ ഒന്ന് പ്രഫുൽ ബിദ്വായിയുടേതായിരുന്നു. മുമ്പ് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധപ്പെടുത്തിവന്ന അദ്ദേഹത്തിന്റെ കോളം ഏതാനും മാസത്തെ ഇടവേളക്കുശേഷം മാദ്ധ്യമം ദിനപത്രത്തിൽ ചേർക്കുന്നതു സംബന്ധിച്ച് ധാരണ ആയിക്കഴിഞ്ഞിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച കോളമിസ്റ്റുകളിലൊരാളായ ബിദ്വായിക്ക്, പ്രതിഫലത്തുകയെപ്പറ്റി വലിയ നിർബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല.

മുടക്കമില്ലാത്ത പ്രവർത്തിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വേണം, അത്യാവശ്യം സ്റ്റാഫിനുവേണ്ട ചെലവ് കാണണം, ലൈബ്രറിയും പുസ്തകങ്ങളും ആനുകാലികങ്ങളും മറ്റും അത്യാവശ്യം, പിന്നെ ഗവേഷണത്തിനും പഠനത്തിനുമൊക്കെയായി സഞ്ചരിക്കാനുള്ള പണവും വേണം. ഇത്രയേ അദ്ദേഹം ആവശ്യപ്പെട്ടുള്ളൂ. പലരും പ്രതിഫലം അയച്ചുകൊടുക്കുന്നതിൽ മുടക്കം വരുത്തിയിട്ടും അദ്ദേഹം കോളം സ്ഥിരമായി അയയ്ക്കും. തന്റെ ആശയങ്ങൾ കഴിയുന്നത്ര വായനക്കാരിലെത്തിക്കുന്നതിലായിരുന്നു അദ്ദേഹത്തിന് താൽപര്യം. ഏറ്റവും മികച്ച ആ കോളമിസ്റ്റിന് തലക്കനം എന്നൊന്നുണ്ടായിരുന്നേയില്ല.

ജോലിയോടുള്ള ആത്മാർത്ഥതയിലും മാതൃകയായിരുന്നു ബിദ്വായ്. തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്താനുള്ള ലേഖനം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഇ-മെയിലിൽ എത്തിയിരിക്കും. കൃത്യമായ വലുപ്പത്തിൽ, ശക്തമായ നിലപാടുകളോടെ, ലളിതവും മൂർച്ചയുള്ളതുമായ ഭാഷയിൽ. മുടക്കമുണ്ടായാൽ മുൻകൂട്ടി അറിയിച്ചിരിക്കും. ഈ നിഷ്ഠതന്നെയും തൊഴിലിനോടും ആദർശത്തോടുമുള്ള പ്രതിബദ്ധതയുടെ മാത്രം സൃഷ്ടിയായിരുന്നു.

നാലു പതിറ്റാണ്ട് കടന്ന ആ പത്രപ്രവർത്തനത്തിന്റെ തുടക്കം ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ലിയിലാണ് - 1972-ൽ. പിന്നീട് ബിസിനസ് ഇന്ത്യ, ഫിനാൻഷ്യൽ എക്സ്പ്രസ് എന്നിവയിൽ പ്രവർത്തിച്ചു. 1981 മുതൽ 1993 വരെ ടൈംസ് ഓഫ് ഇന്ത്യയിൽ. പിന്നീട് ഫ്രീലാൻസ് ജേണലിസ്റ്റായി, ഇന്ത്യയിലും വിദേശങ്ങളിലുമായി അനേകം പത്രങ്ങളിലും ആനുകാലികങ്ങളിലും അദ്ദേഹത്തിന്റെ കോളം പ്രകാശിതമായി.

കിട്ടിയ വിവരങ്ങൾ കോർത്തുവച്ചെഴുതുന്ന ജേണലിസമായിരുന്നില്ല ബിദ്വായിയുടേത്. മറിച്ച്, ഓരോ വിഷയത്തിന്റെയും വിവിധ വശങ്ങൾ ആഴത്തിൽ അന്വേഷിച്ചന്വേഷിച്ച് പുറത്തുകൊണ്ടുവന്നു അദ്ദേഹം. ഫറാ നഖ്വി ഒരനുഭവം വിവരിക്കുന്നതിങ്ങനെ:

മുസ്ലിമായതുകൊണ്ട് മുംബെയിൽ അപ്പാർട്ട്മെന്റിൽനിന്ന് ബഹിഷ്‌കൃതയായ മിസ്ബാഹ് ഖാദിരിയുടെ അനുഭവം കേട്ട ഉടനെ അദ്ദേഹം ഫറായെ വിളിച്ചു; വിശദ വിവരങ്ങളും ഫറായുടെ നിരീക്ഷണങ്ങളും ശേഖരിച്ചു. തുടർന്ന് മറ്റൊരു ചോദ്യം കൂടി ചോദിച്ചു: കുന്ദു കമ്മിറ്റിയുടെ ശിപാർശകളെന്തെല്ലാമെന്ന്.

സച്ചാർ സമിതി ശിപാർശകൾക്കു പിന്നാലെ യു.പി.എ സർക്കാർ നിയോഗിച്ചതാണ് കുന്ദു കമ്മിറ്റി. അതിൽ അംഗമായിരുന്നു ഫറാ. കമ്മിറ്റി ശിപാർശകൾ സമർപ്പിച്ചുകഴിഞ്ഞപ്പോഴേക്കും സർക്കാർ മാറി; കേന്ദ്ര സർക്കാറാകട്ടെ അവ പുകഴ്‌ത്തിവച്ചു. വിവരങ്ങൾ നേരിട്ടറിയാനാണ് ഫറായെ വിളിച്ചത്. ഊഹങ്ങളും കേട്ടുകേൾവികളും കുറെയുണ്ടെങ്കിലും അതു പോരാ. നല്ല ജേണലിസ്റ്റ്, വിവരങ്ങൾ മൂലസ്രോതസ്സിൽനിന്നു മാത്രമെടുക്കുന്ന ഗവേഷകൻ കൂടിയാണെന്ന് ബിദ്വായ് ഇങ്ങനെ പലകുറി തെളിയിച്ചിട്ടുണ്ട്.