- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിചാരണ ചെയ്യപ്പെടേണ്ട മാദ്ധ്യമ വിചാരണ
മാധ്യമങ്ങൾക്ക് ഭരണഘടന അനുവദിച്ചുനൽകിയിട്ടുള്ള ചില അവകാശങ്ങളുണ്ട്. വിവരങ്ങൾ അറിയുവാനും അറിയിക്കുവാനുമുള്ള അവകാശം. അതിനെയാണ് മാദ്ധ്യമസ്വാതന്ത്ര്യം എന്നു പറയുന്നത്. ഏതൊരു ഭരണസംവിധാനത്തിലും മാദ്ധ്യമ സ്വാതന്ത്ര്യം തടയുകയോ നിഷേധിക്കുകയോ ചെയ്യുവാൻ പാടില്ല. ഒരിക്കൽ അങ്ങനെ ചെയ്തതിന്റെ ദോഷഫലങ്ങൾ അനുഭവിച്ചറിഞ്ഞ രാജ്യമാണ് നമ്മുടേത്. അടിയന്തിരാവസ്ഥയിൽ സംഭവിച്ച ന്യൂനത മാദ്ധ്യമസ്വാതന്ത്ര്യം നിഷേധിച്ചു എന്നതാണ്. അതുവഴി, അറിയാനും അറിയിക്കാനുമുള്ള മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടപ്പോൾ അറിയേണ്ടതുപലതും അറിയേണ്ടവർ അറിഞ്ഞില്ല. അതു സംഭവിക്കാൻ പാടില്ലായിരുന്നു. മാദ്ധ്യമ സ്വാതന്ത്ര്യവും മാദ്ധ്യമാവകാശങ്ങളും തീർച്ചയായും സംരക്ഷിക്കപ്പെടേണ്ടതാണ്. സംശയമില്ല. കാരണം, മാദ്ധ്യമങ്ങളും മൗലികാവകാശങ്ങളുടെ നിരയിൽപ്പെട്ടതാണ്. അതേസമയം തന്നെ, രാജ്യത്തെ ഓരോ പൗരനും വലിയ മൗലികാവകാശങ്ങൾ ഭരണഘടന ഉറപ്പു നൽകിയിട്ടുണ്ട് എന്നുള്ള കാര്യം മറക്കുവാൻ പാടില്ല, അത് ക്രിമിനൽ നിയമത്തിൽ വരുമ്പോൾ, ഒരാൾ കുറ്റം ചെയ്തതായി ആരോപിക്കപ്പെട്ട
മാധ്യമങ്ങൾക്ക് ഭരണഘടന അനുവദിച്ചുനൽകിയിട്ടുള്ള ചില അവകാശങ്ങളുണ്ട്. വിവരങ്ങൾ അറിയുവാനും അറിയിക്കുവാനുമുള്ള അവകാശം. അതിനെയാണ് മാദ്ധ്യമസ്വാതന്ത്ര്യം എന്നു പറയുന്നത്. ഏതൊരു ഭരണസംവിധാനത്തിലും മാദ്ധ്യമ സ്വാതന്ത്ര്യം തടയുകയോ നിഷേധിക്കുകയോ ചെയ്യുവാൻ പാടില്ല. ഒരിക്കൽ അങ്ങനെ ചെയ്തതിന്റെ ദോഷഫലങ്ങൾ അനുഭവിച്ചറിഞ്ഞ രാജ്യമാണ് നമ്മുടേത്. അടിയന്തിരാവസ്ഥയിൽ സംഭവിച്ച ന്യൂനത മാദ്ധ്യമസ്വാതന്ത്ര്യം നിഷേധിച്ചു എന്നതാണ്. അതുവഴി, അറിയാനും അറിയിക്കാനുമുള്ള മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടപ്പോൾ അറിയേണ്ടതുപലതും അറിയേണ്ടവർ അറിഞ്ഞില്ല. അതു സംഭവിക്കാൻ പാടില്ലായിരുന്നു. മാദ്ധ്യമ സ്വാതന്ത്ര്യവും മാദ്ധ്യമാവകാശങ്ങളും തീർച്ചയായും സംരക്ഷിക്കപ്പെടേണ്ടതാണ്. സംശയമില്ല. കാരണം, മാദ്ധ്യമങ്ങളും മൗലികാവകാശങ്ങളുടെ നിരയിൽപ്പെട്ടതാണ്. അതേസമയം തന്നെ, രാജ്യത്തെ ഓരോ പൗരനും വലിയ മൗലികാവകാശങ്ങൾ ഭരണഘടന ഉറപ്പു നൽകിയിട്ടുണ്ട് എന്നുള്ള കാര്യം മറക്കുവാൻ പാടില്ല, അത് ക്രിമിനൽ നിയമത്തിൽ വരുമ്പോൾ, ഒരാൾ കുറ്റം ചെയ്തതായി ആരോപിക്കപ്പെട്ടാൽ, കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടുംവരെ അയാൾ നിരപരാധിയാണെന്നാണ് കരുതേണ്ടത്. കുറ്റവാളിയാണെന്ന് സംശയാതീതമായി തെളിയിക്കപ്പെടണം എന്നാണ് ആ നിയമം അനുശാസിക്കുന്നത്. ഇന്ത്യൻ എവിഡന്റ്സ് ആക്ടും ക്രിമിനൽ പ്രൊസീഡിയർ കോഡും എല്ലാം അനുശാസിക്കുന്ന അലംഘനീയമായ നിയമങ്ങളാണ് അവ. ഒരാൾ കുറ്റവാളിയാണെന്നു തെളിയിക്കേണ്ട ചുമതല പ്രോസിക്യൂഷനുള്ളതാണ്.
പ്രോസിക്യൂഷനു മുമ്പുള്ള ഒരു ഘട്ടമാണ് പൊലീസ് നടത്തുന്ന അന്വേഷണം അഥവാ ഇൻവെസ്റ്റിഗേഷൻ. ഒരു കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കോടതിയിൽ ചാർജ്ജ് ഫയൽ ചെയ്യും വരെയുള്ള ഘട്ടമാണ് ഇൻവെസ്റ്റിഗേഷൻ. അതു പൊലീസിന്റെ ചുമതലയാണെങ്കിൽ, അതു പിന്നെ കോടതിയിലവതരിപ്പിക്കേണ്ട ചുമതല പ്രോസിക്യൂഷന് ഉള്ളതാണ്. വിചാരണ നടത്തി കുറ്റവാളിയാണോ അല്ലയോ എന്ന് വിധികൽപ്പിക്കുവാനുള്ള അധികാരം കോടതിക്ക് മാത്രമുള്ളതാണ്. ഇതിൽ പൊലീസിന്റെ അധികാരങ്ങളും മറ്റും ദുർവിനിയോഗം ചെയ്യപ്പെടാതിരിക്കുവാൻ വേണ്ടി ഭരണഘടനയിലും ക്രിമിനിൽ നിയമങ്ങളിലും വളരെയധികം മുൻകരുതലുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിലൊന്നാണ്, ഒരു പ്രതിയെ അറസ്റ്റുചെയ്താൽ 24 മണിക്കൂറിനകം കോടതിമുമ്പാകെ ഹാജരാക്കണം എന്നുള്ളത്. മറ്റൊന്ന്, ഒരു പ്രതി ഒരു പൊലീസ് ഓഫീസറുടെ മുൻപാകെ പറയുന്ന കാര്യങ്ങൾ ഒരിക്കലും കോടതിയിൽ തെളിവായി സ്വീകരിക്കാൻ പാടില്ല. പിന്നൊന്ന്, വിചാരണ നടക്കുന്നതിനുമുമ്പ് പ്രതി കുറ്റവാളിയാണോ അല്ലയോ എന്നത് സംബന്ധിച്ച് തെളിവിന്റെ അപഗ്രഥനങ്ങൾ, വിശകലനങ്ങൾ തുടങ്ങിയവയൊന്നും നിയമപരമായി അനുവദനീയമല്ല.
ഒരു കേസ് രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ അതെപ്പറ്റിയുള്ള സത്യപ്രസ്താവനകൾ കോർട്ടലക്ഷ്യക്കുറ്റത്തിന്റെ പരിധിയിൽപ്പെടുന്നതാണ്. എന്നാൽ ഈ കർശനമായ നിയമങ്ങൾ പാലിക്കപ്പെടാൻ പലപ്പോഴും ബുദ്ധിമുട്ടുവന്നേക്കാം. എങ്കിലും ഇതിന്റെ അടിസ്ഥാനപരമായ തത്ത്വം അന്വേഷണവും വിചാരണയും സ്വതന്ത്രവും ബാഹ്യ ഇടപെടലുകൾക്ക് വിധേയമാകാത്തതും നിഷ്പക്ഷവും ആയിരിക്കണം എന്നുള്ളതാണ്. എന്നാലിന്ന് നിർഭാഗ്യവശാൽ ചില ചാനൽ ചർച്ചകളിൽ കാണുന്നത് ഒരാൾ കുറ്റവാളിയാണോ അല്ലയോ എന്ന് ചർച്ച ചെയ്ത് തീരുമാനിക്കുന്നതായാണ്. ഇതാകട്ടെ ഓരോരുത്തരുടേയും താൽപ്പര്യവും ഭാവനാവിലാസം അനുസരിച്ചുമായിരിക്കും. ഇത് അന്വേഷണത്തെ സ്വാധീനിക്കാനിടയുണ്ട്. സാങ്കൽപ്പികവും തെളിവുകളുടെ അഭാവത്തിലും ചർച്ചക്കാർ തട്ടിവിടുന്ന കാര്യങ്ങൾ, തെളിവുകളുടെ അടിസ്ഥാനത്തിലെന്നു പറഞ്ഞ് ഒരാളെ കുറ്റവാളിയാണെന്ന് സ്ഥാപിക്കുമ്പോൾ, ആരോപണങ്ങൾ ഭയന്ന് മറിച്ച് ചിന്തിക്കുവാൻപോലും പൊലീസിന് മടിയുണ്ടാകും. അതുപോലെ പൊലീസിൽ കൊടുക്കുന്ന മൊഴി തെളിവായി സ്വീകരിക്കുവാൻ പാടില്ല എന്നു പറയുമ്പോൾ തന്നെ ചില ചാനലുകളിൽ പൊലീസ് ഓഫീസർമാരും പ്രോസിക്യൂട്ടറും ചില വക്കീലന്മാരും പ്രത്യക്ഷപ്പെട്ട് അന്വേഷണത്തിലോ വിചാരണയിലെ ഇരിക്കുന്ന കേസിനെപ്പറ്റി അഭിപ്രായ പ്രകടനങ്ങളും വാദപ്രതിവാദങ്ങളും നടത്തുന്നത് ഒരിക്കലും നീതീകരിക്കാനാവുന്നതല്ല. ഈ അപകടകരവും നിയമപരമല്ലാത്തുമായ പ്രവണതയിലൂടെ രൂപംകൊള്ളുന്ന പൊതുജനാഭിപ്രായം ചിലപ്പോൾ ജഡൂഷ്യറിയെപ്പോലും സ്വാധീനിച്ചേക്കാവുന്ന സാധ്യത തള്ളിക്കളയാനാവില്ല.
ഏറെ അധാർമ്മികമായ ഒരു കാര്യം തികച്ചും നിരപരാധികളായുള്ള ആളുകൾ ഇത്തരം ചർച്ചകളിൽക്കൂടി കുറ്റവാളികളായി മുദ്രകുത്തപ്പെടുന്നു എന്നുള്ളതാണ്. അവരുടെ അന്തസിനും മാന്യതയ്ക്കും മനസ്സിനും ഉണ്ടാകാവുന്ന തകർച്ചയും വേദനയും പരിഹരിക്കാൻ മാർഗ്ഗമില്ലാതാകുന്നു. അതിനൊരുദാഹരണം ചവറയിൽ നടന്നതായി മാദ്ധ്യമങ്ങൾ 'ആഘോഷിച്ച' സരസൻ സംഭവമാണ്. കുറച്ചുകാലത്തേക്ക് അപ്രത്യക്ഷനായ സരസൻ എന്ന ആളിനെ ബേബിജോൺ കൊലപ്പെടുത്തി എന്നായിരുന്നു ആരോപണം. പത്രങ്ങളിലും പ്രസംഗങ്ങളിലുമെല്ലാം അന്നു നിറഞ്ഞുനിന്നിരുന്നത് സരസൻ സംഭവമായിരുന്നു. ഓരോരുത്തരും അവരവരുടെ ഭാവനയ്ക്കനുസരിച്ച് പല കഥകളും ചമച്ച് പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ഒക്കെ ചെയ്തുകൊണ്ട് ശ്രീ. ബേബി ജോണിനെ സരസന്റെ കൊലപാതകിയായി ചിത്രീകരിച്ചുസ്ഥാപിച്ചപ്പോൾ, പല പത്രങ്ങളും തെളിവുകൾ നിരത്തി വിധി പ്രസ്താവിക്കുകയും ചെയ്തു. അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ, സരസൻ കൊലചെയ്യപ്പെട്ടതാണെന്ന വാർത്തകൾ മാദ്ധ്യമങ്ങൾക്ക് എത്തിച്ചുകൊടുത്തുകൊണ്ടിരുന്നു. അതൊക്കെ ശ്രീ. ബേബിജോണിനും കുടുംബത്തിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കുമൊക്കെ ഉണ്ടാക്കിയ മനോവേദന അവർണ്ണനീയമായിരുന്നു. ഇടയ്ക്ക്, കൊല്ലപ്പെട്ടു എന്നുപറഞ്ഞ സരസനെ ഒരാൾ മംഗലാപുരത്തുവച്ചു കണ്ടു. അയാൾ നാട്ടിൽവന്ന് ആ വിവരം പറഞ്ഞപ്പോൾ, അയാൾ ബേബിജോണിന്റെ അടുത്തയാളാണെന്നു പറഞ്ഞ് പൊലീസ് ക്രൂരമായി മർദ്ദിച്ചു. ഒടുവിൽ സഹികെട്ട്, സരസനെ താൻ കണ്ടിട്ടില്ല എന്ന് അയാൾക്ക് പറയേണ്ടിവന്നു. അങ്ങനെ പറഞ്ഞതായ വിവരം അന്വേഷണോദ്യോഗസ്ഥർതന്നെ പത്രങ്ങളെ അറിയിക്കുകയും ചെയ്തു.
പിന്നീട് സരസൻ പച്ചജീവനോടെ പ്രത്യക്ഷപ്പെട്ടപ്പോൾ അതുവരെ നടന്ന പ്രചരണങ്ങളും പ്രസ്താവനകളും എത്ര ക്രൂരമായ അസംബന്ധമായിരുന്നു എന്ന് ആരും ചിന്തിച്ചില്ല. ബേബിജോണിനെപ്പോലെ ശക്തനും കരുത്തനുമായ ഒരു രാഷ്ട്രീയനേതാവായതിനാലാണ് പിടിച്ചുനിന്നത്. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ സമ്പൂർണ്ണമായും തകർന്നുപോകുമായിരുന്നു. ഒരുവൻ കുറ്റവാളിയാണ്, അവനെ നശിപ്പിക്കുക എന്ന് ആൾക്കൂട്ടം വിളിച്ചുപറഞ്ഞാൽ, അതു ശിക്ഷിക്കാനുള്ള കാരണമാകുമെങ്കിൽ നിയമവാഴ്ചയ്ക്കും ജനാധിപത്യത്തിനും അത് വലിയ കളങ്കമായിരിക്കും. (സേവി മനോ മാത്യുവിന്റെയും കെ.എം. മാണിയുടെയും അങ്ങനെ അറിയപ്പെടാത്ത നിരവധി മാദ്ധ്യമ വിചാരണകളുടെയും സ്ഥിതി ഇതുതന്നെ).
അതുപോലെതന്നെ, അഴിമതി പ്രവർത്തനം അവസാനിപ്പിക്കേണ്ടത് ജനാധിപത്യത്തിൽ തീർച്ചയായും ഒരാവശ്യകാര്യമാണ്. പക്ഷേ, ഇന്നിപ്പോൾ നടക്കുന്നത് ഒട്ടും ആരോഗ്യകരമായ സംഗതിയല്ല. ചുരുക്കത്തിൽ മാദ്ധ്യമങ്ങൾ അവരുടെ സ്വാതന്ത്ര്യം, സത്യാന്വേഷണം ഒക്കെ നിലനിർത്തുമ്പോൾ തന്നെ നിയന്ത്രണം പാലിച്ചില്ലെങ്കിൽ വിശ്വസനീയത നഷ്ടപ്പെടും എന്നുള്ള കാര്യം മറക്കരുത്.