തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വാദപ്രതിവാദങ്ങൾക്ക് പിന്നിൽ ഗൗതം അദാനിയോ? വിഴിഞ്ഞം ടെൻഡറിൽ അദാനി ഗ്രൂപ്പ് മാത്രമായതിന് പിന്നിലും ഗുഡാലോചന നടന്നുവെന്നാണ് സൂചന. അതിനിടെ തുറമുഖ പദ്ധതി നഷ്ടപ്പെട്ടുമെന്ന് വരുത്തി തീർത്തി അദാനിയെ നിർമ്മാണ പ്രവർത്തനം ഏൽപ്പിക്കാനാണ് സംസ്ഥാന സർക്കാർ അണിയറയിൽ നീക്കം നടക്കുന്നത്. സിപിഎമ്മിനെ രാഷ്ട്രീയമായി കുറ്റപ്പെടുത്തി അദാനിക്ക് പതിച്ചു കൊടുക്കാനാണ് ശ്രമം. അതിനിടെ വിഴഞ്ഞത്തോട് കേന്ദ്ര സർക്കാരിന് താൽപ്പര്യമില്ലെന്ന ആക്ഷേപവുമായി തുറമുഖ ആക്ഷൻ കൗൺസിൽ രംഗത്ത് എത്തി. വിഴിഞ്ഞത്തേക്കാൾ കുളച്ചലിനെയാണ് കേന്ദ്ര സർക്കാർ പിന്തുണയ്ക്കുന്നതെന്നാണ് അവരുടെ വാദം.

മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഗഡ്ഗരിയാണ് ഷിപ്പിങ് മന്ത്രി. ഉത്തരേന്ത്യാക്കാരനായ ഗുജ്ജാർ ആയിരുന്നു സഹമന്ത്രി. എന്നാൽ പുനഃസംഘടനയിൽ പൊൻ രാധാകൃഷ്ണന്റെ കൈയിൽ വകുപ്പിലെ സഹമന്ത്രി സ്ഥാനമെത്തി. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തന്ത്രങ്ങളാണ് പൊൻ രാധാകൃഷ്ണന് തുറമുഖ വകുപ്പ് ലഭ്യമാക്കിയത്. തൂത്തുക്കുടിയേയും കുളച്ചിലിനേയും ഉയർത്തികൊണ്ട് വരാനായി തമിഴ്‌നാട് നടത്തിയ ഈ ഗൂഢാലോചനയിലേക്ക് അദാനിയേയും കൊണ്ടു വരികെയായിരുന്നോ എന്നതാണ് സംശയം. ഇതിലൂടെ കേരളത്തിലെ പ്രതിപക്ഷം പദ്ധതിക്ക് എതിരായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനെ എന്നും എതിർത്ത സിപിഎമ്മിന് വിഴിഞ്ഞത്തും അനുകൂലിക്കാൻ കഴിയാത്ത രാഷ്ട്രീയ സാഹചര്യമുണ്ടായി. ഈ കുതന്ത്രങ്ങളുടെ മറവിൽ തുറമുഖത്തെ കുളച്ചിലിലേക്ക് കൊണ്ട് പോകാനാണ് നീക്കമെന്ന സൂചനകളാണ് മറുനാടൻ മലയാളിക്ക് ലഭിക്കുന്നത്.

വിവാദങ്ങൾ കൊടുമ്പരിക്കൊള്ളുന്നതിനാൽ തുറമുഖ നിർമ്മാണത്തിന് അദാനി തയ്യാറാകാൻ താൽപ്പര്യമില്ല. രാഷ്ട്രീയ വിവാദങ്ങൾ ചൂണ്ടിക്കാട്ടിയാകും ഇത്. ആറുമാസത്തിനകം കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ കുളച്ചലിൽ തുറമുഖം യാഥാർത്ഥ്യമാകുമെന്നാണ് സൂചന. ഇതിനെ മറികടക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കേരളത്തിനില്ലാത്തതിനാൽ പദ്ധതി തന്നെ ഇല്ലാതാകും. വിഴിഞ്ഞമാണ് അന്താരാഷ്ട്ര തുറമുഖത്തിന് ഏറെ അനുയോജ്യം. ഇവിടെ തുറമുഖം എത്തിയാൽ രാജ്യത്തിന് സാമ്പത്തിക സ്ഥിതി തന്നെ മാറിമറിയും. എന്നാൽ വിഴിഞ്ഞത്തിലേതിന് സമാനമായ നേട്ടമൊന്നും കുളച്ചിലിൽ ഇല്ല. ഇതെല്ലാം മനസ്സിലാക്കികൂടിയാണ് കുളച്ചലിലേക്ക് തുറമുഖത്തെ കൊണ്ടു പോകാനുള്ള അണിയറ നീക്കങ്ങൾ നടക്കുന്നത്. അതിന് കേന്ദ്ര സർക്കാരിന്റെ എല്ലാ വിധ പിന്തണയുമുണ്ടെന്നാണ് കേരളത്തെ ഭീഷണിപ്പെടുത്തുന്ന കേന്ദ്ര ഷിപ്പിങ് മന്ത്രി നിഥിൻ ഗഡ്ഗരിയുടെ വാക്കുകളും സൂചിപ്പിക്കുന്നത്.

വിഴിഞ്ഞത്തിന് കേന്ദ്രം അനുവദിച്ച വിജിഎഫ് തട്ടിപ്പാണ്. കുളച്ചലിൽ തുറമുഖം നിർമ്മിക്കാനാണ് കേന്ദ്ര സർക്കാരിന് താൽപ്പര്യം. മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ തൂത്തുകുടിക്ക് മാത്രമായി 11655കോടി ബജറ്റിൽ അനുവദിച്ചു. അത് കുളച്ചലിന്റെ വികസനത്തിന് വേണ്ടിയാണ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ വിഴിഞ്ഞത്തിൽ ഉപയോഗിക്കാനാണ് ശ്രമമെന്നാണ് ആക്ഷേപം. അതാണ് ഇന്നലത്തെ സർവ്വ കക്ഷിയോഗത്തിലും തയ്യാറായത്. അദാനിയെ സിപിഐ(എം) എതിർക്കുമെന്ന് ആർക്കും അറിയാവുന്നതാണ്. ഈ എതിർപ്പിൽ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ അടയുമെന്നാണ് അവരുടെ പ്രതീക്ഷ. അതുതന്നെയാണ് നടക്കുന്നതും. യാഥാർത്ഥത്തിൽ പൊതുമേഖലാ തുറമുഖമായി വിഴഞ്ഞത്തെ മാറ്റിയാൽ മാത്രമേ സ്വപ്‌നപദ്ധതി യാഥാർത്ഥ്യമാകൂ എന്നാണ് ആക്ഷേപം.

800 കോടിയാണ് വിജിഎഫ് നൽകുമെന്ന് പറയുന്നത്. ഇത് തുറമുഖ നിർമ്മാണത്തിൽ 4000 കോടി സ്വകാര്യ വ്യക്തി മുതൽമുടക്കിയാൽ മാത്രമേ വിജിഎഫിന് അർഹത നേടാൻ കഴിയൂ. അങ്ങനെ മുതൽമുടക്കിയ ശേഷം കേന്ദ്ര സർക്കാരിനെ അറിയിക്കണം. അതിന് ശേഷം അവിടെ നിന്ന് പ്രതിനിധികൾ വന്ന് പരിശോധിക്കും. അതിന് ശേഷം 4000 കോടി രൂപ മുതൽമുടക്കിയിട്ടുണ്ടെങ്കിൽ 800 കോടി രൂപ അനുവദിക്കും. അതും ആരുടേയും കൈയിൽ കൊടുക്കില്ല. വിഴിഞ്ഞത്തിൽ മുതൽമുടക്കാനായി കേന്ദ്ര സർക്കാർ മുന്നോട്ട് വയ്ക്കുന്ന പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വായ്പ എടുക്കണം. ഈ ബാങ്കുകൾക്ക് കേന്ദ്ര സർക്കാർ കത്തു നൽകും. മുപ്പത് വർഷത്തിനുള്ളിൽ 800 കോടി രൂപ തിരിച്ചടയ്ക്കുമെന്നതാണ് വ്യവസ്ഥ. കേരളത്തിൽ വിഴഞ്ഞം യാഥാർത്ഥ്യമാകില്ലെന്ന അറിവോടെയാണ് കേന്ദ്ര സർക്കാർ വിജിഎഫ് അനുവദിച്ചെതെന്നാണ് അവരുടെ വാദം.

കുളച്ചലിലേക്ക് തുറമുഖത്തെ കൊണ്ടു പോകാനുള്ള ഗൂഢാലോചനയ്ക്ക് കേരള സർക്കാർ കൂട്ടു നിൽക്കുകയാണ്. ഒടുവിൽ ഈ പദ്ധതി വിഴിഞ്ഞത്തിന് നഷ്ടമാകും. പതിനെട്ട് ടെൻഡറുകൾ കിട്ടിയ തുറമുഖ നിർമ്മാണ പദ്ധതിയാണ് വിഴിഞ്ഞം. പക്ഷേ ഇന്ന് ഒന്നു മാത്രമേ കിട്ടുന്നുള്ളൂ. നിക്ഷേപകരം അകറ്റാൻ ഏറെ കള്ളക്കളികൾ നടന്നതായും ആവർ ആരോപിക്കുന്നു. വിഴിഞ്ഞം തുറമുഖപദ്ധതി നടപ്പാക്കണമെന്നും നടത്തിപ്പിന് സുതാര്യത വേണമെന്നും സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഇതിനോട് മുഖം തിരിക്കുകയാണ്.

ഇപ്പോഴത്തെ നിബന്ധനകൾ അനുസരിച്ച് ചെലവ് മുഴുവൻ സർക്കാർ വഹിക്കുകയും വരുമാനം പൂർണമായും അദാനി ഗ്രൂപ്പിന് ലഭിക്കുകയുംചെയ്യും. മൂന്നിലൊന്ന് ഭൂമി വാണിജ്യാവശ്യത്തിന് ഉപയോഗിക്കാമെന്നും വ്യവസ്ഥ ചെയ്യുന്നതായി എൽഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ, പദ്ധതി സംബന്ധിച്ച് എല്ലാ വിവരങ്ങളും പുറത്ത് പറയാനാവില്ലെന്ന് സർക്കാർ വ്യക്തമാക്കി. അദാനിയുമായി ഡൽഹിയിൽ നടത്തിയ ചർച്ച രഹസ്യമായിരുന്നില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. സംസ്ഥാന താൽപ്പര്യങ്ങൾ സംരക്ഷിച്ച് പദ്ധതിയുമായി മുന്നോട്ടുപോകും. സംശയങ്ങൾ ദൂരീകരിച്ച് പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ അദാനിയുമായുള്ള ചർച്ചയുടെ മിനിറ്റസ് പരസ്യപ്പെടുത്തിയാൽ മാത്രമേ സിപിഐ(എം) ഇതിനോട് സഹകരിക്കൂ. ഇതെല്ലാം മനസ്സിലാക്കിയാണ് സർവ്വകക്ഷിയോഗത്തിലേക്ക് സർക്കാർ കടന്നതെന്നാണ് ആക്ഷൻ കൗൺസിലിന്റെ വാദം.