കോഴിക്കോട്: ഇത് അനാമിക, നിയമ പോരാട്ടം നടത്തി ജില്ലാ ജൂഡോ മത്സരത്തിൽ പങ്കെടുത്തു സ്വർണം നേടിയ മിടുമിടുക്കി. ഇന്ത്യയിൽ ആദ്യമായാണ് ഒരു ട്രാൻസ് വുമൺ വനിതാ വിഭാഗം സ്പോട്സിൽ പങ്കെടുത്തു ജേതാവായിരിക്കുന്നത്. ട്രാൻസ്ജെന്റർ വിഭാഗത്തിൽനിന്നുള്ള വ്യക്തിയായതിനാൽ വനിതകൾക്കൊപ്പം മത്സരിപ്പിക്കില്ലെന്നായിരുന്നു ജില്ലാ ജൂഡോ അസോസിയേഷന്റെ മയമില്ലാത്ത നിലപാടെന്ന് ട്രാൻസ്ജെന്ററുകളുടെ സംഘടനയായ പുനർജനി കൾച്ചറൽ സൊസൈറ്റിയുടെ പ്രസിഡന്റ് സിസിലി ജോർജ് വ്യക്തമാക്കി.

ട്രാൻസ്ജെന്ററുകളുടെ ഉന്നമനത്തിനായി അഹോരാത്രം പ്രയത്നിക്കുന്ന സംഘടനയാണ് പുനർജനി. അനാമികയെ മത്സരത്തിൽ ഉൾപ്പെടുത്താൻ പുനർജനിയായിരുന്നു സിസിലിയുടെ നേതൃത്വത്തിൽ നിയമപോരാട്ടത്തിന്റെ വഴികളിലേക്കു ഇറങ്ങിയതും മത്സരത്തിൽ പങ്കെടുപ്പിക്കാനുള്ള വഴിയൊരുക്കിയതും. എന്തായാലും അനാമികയുടെയും സിസിലിയുടെയും സംഘാടകരോടുള്ള മധുരപ്രതികാരമായി മാറിയിരിക്കുകയാണ് കഴിഞ്ഞ ഒന്നാം തിയ്യതി തിങ്കളാഴ്ചയിലെ മത്സര ഫലം. സ്വർണ മെഡൽ നേട്ടത്തോടെയായിരുന്നു അനാമിക ഒന്നാംസ്ഥാനത്തിൽ മുത്തമിട്ടത്.

2014ൽ ആയിരുന്നു ഏറെ വിപ്ലവകരമെന്നു ഏവരും വാഴ്‌ത്തിയ ട്രാൻസ് പോളിസി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. രാജ്യത്തെ ഏതൊരു പൗരനെയും പോലെ ട്രാൻസ്ജെന്റർ വിഭാഗത്തെയും എല്ലാ അവകാശങ്ങളോടെയും സ്വാതന്ത്ര്യങ്ങളോടെയും യാതൊരു വിവേചനവും അനുഭവിക്കാൻ ഇടയില്ലാതെ ജീവിക്കാൻ അനുവദിക്കണമെന്നുമുള്ളതായിരുന്നു ട്രാൻസ് പോളിസിയുടെ അന്ത:സത്ത. പക്ഷേ ഇതെല്ലാം പലപ്പോഴും കടലാസിൽ ഉറങ്ങുന്ന സ്ഥിതിയാണെന്നു സിസിലി ജോർജ് സങ്കടപ്പെടുന്നു.

ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി (ഡി എൽ എസ് എ)യുടെ ഇടപെടലിലൂടെ ഹൈക്കോടതി വിധിനേടിയായിരുന്നു അനാമികക്ക് ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചത്. ജില്ലാ മത്സരം വിജയിച്ചെങ്കിലും മറ്റുള്ളവരെല്ലാം യാതൊരു കടമ്പയുമില്ലാതെ സംസ്ഥാന മത്സരത്തിലേക്കു എത്താറുണ്ടെങ്കിലും ഇവിടെയും സംസ്ഥാന ജൂഡോ അസോസിയേഷൻ മത്സരത്തിൽ പങ്കെടുപ്പിക്കില്ലെന്ന നിഷേധാത്മകമായ നിലപാടായിരുന്നു സ്വീകരിച്ചത്.

എന്നാൽ വീണ്ടും ഡി എൽ എസ് എ സഹായഹസ്തവുമായി എത്തിയതോടെ എല്ലാ കടമ്പകളും വഴിമാറുകയായിരുന്നു. സമയം തീരെ കുറവായതിനാൽ ഗൂഗിൾ മീറ്റ് വഴിയായിരുന്നു അനാമികയുടെ പരാതി സബ്ബ് ജഡ്ജിയും ഡി എൽ എസ് എ സെക്രട്ടറിയുമായ ഷൈജല് തീർപ്പാക്കിയത്. ഇനി അനാമികക്ക് മുന്നിൽ അവശേഷിക്കുന്നത് സംസ്ഥാന മത്സരത്തിൽ തന്റെ എതിരാളിയെ തളച്ച് സ്വർണ മെഡലിൽ മുത്തമിടുകയെന്നതു മാത്രമാണ്. അനാമികക്ക് ദേശീയ തലത്തിലേക്കുള്ള സെലക്ഷനിൽ പങ്കെടുക്കാനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്.

സംസ്ഥാന മത്സരത്തിൽ ഉറപ്പായും ഒന്നാം സ്ഥാനം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അനാമികയും അവളോടൊപ്പം തോൾചേർന്നു നിയമത്തിന്റെയും വിലക്കിന്റെയുമെല്ലാം പർവങ്ങൾ താണ്ടാൻ തുണയായി നിന്ന ജില്ലാ ജസ്റ്റിസ് ബോർഡ് അംഗവും ഡി എൽ എസ് എ വളണ്ടിയറുമായ സിസിലി ജോർജ്ജും. എന്തായാലും അനാമിക സ്വർണം നേടിയാൽ രാജ്യത്തിന് തന്നെ അത് ചരിത്ര നിമിഷമാവും.